അവസാനപന്തോളം ആവേശം കൊടുമുടി കയറിയ മല്‍സരമായിരുന്നു കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. പ്ലേ ഓഫിലേക്കാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മില്‍ നടന്നത്. ജയിച്ചാല്‍ മാത്രം പോര, 18 ഓവറില്‍ വിജയലക്ഷ്യം കാണുക, അല്ലെങ്കില്‍ 18 റണ്‍സകലെ എതിരാളികളെ തോല്‍പ്പിക്കുക, എങ്കില്‍ മാത്രം പ്ലേ ഓഫ് എന്ന കടമ്പയായിരുന്നു ആര്‍സിബിക്ക് മുന്നിലുണ്ടായിരുന്നത്.
കണക്കും കഴിഞ്ഞ കളികളുമെല്ലാം ചെന്നൈക്ക് അനുകൂലം. എന്നാല്‍ ക്രിക്കറ്റില്‍ ഒന്നും പ്രവചനീയമല്ലല്ലോ. അവസാന ഓവറില്‍ കളി മാറിയപ്പോള്‍ പ്ലേ ഓഫിലേക്ക് ആര്‍സിബിയുടെ രാജകീയ എന്‍ട്രി. ചാരത്തില്‍ പറന്നയര്‍ന്ന ആര്‍സിബിയുടെ വിജയം ആഘോഷമാക്കുകയാണ് ആരാധകര്‍.
എന്നാല്‍ സ്റ്റേഡിയത്തിലെ മനോഹരമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ വാളുകളില്‍ വൈറലാവുന്നത്. കളി ജയിച്ച ശേഷം കണ്ണുനിറഞ്ഞ് സ്റ്റേഡിയത്തിലേക്ക് കൈ ഉയര്‍ത്തുന്ന കോലി, ഒപ്പം വിജയാവേശത്തില്‍ ഇരുമുഷ്ടികളും ചുരുട്ടി ആനന്ദക്കണ്ണീരില്‍ എഴുന്നേറ്റ് നില്‍ക്കുന്ന അനുഷ്ക. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലവുകയാണ്. കോലിയുടേയും അനുഷ്കയുടെയും ആനന്ദാശ്രു കാണുമ്പോള്‍ തങ്ങളുടെയും കണ്ണ് നിറയുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച ആരാധകര്‍ സോഷ്യല്‍ മിഡിയയില്‍ കുറിക്കുന്നത്.
അതേസമയം ആദ്യ എട്ട് മല്‍സരങ്ങളില്‍ ഒരു വിജയം മാത്രമായി പുറത്താകലിന്‍റെ പടിവാതിക്കല്‍ നിന്നാണ് ആര്‍സിബി പ്ലേഓഫിലേക്ക് എത്തുന്നത്. പ്ലേഓഫ് ചര്‍ച്ചകളില്‍ കുറഞ്ഞ സാധ്യത കല്‍പ്പിച്ചിടത്ത് നിന്ന് തുടര്‍ച്ചയായ ആറു വിജയങ്ങളാണ് ആര്‍സിബിയെ പ്ലേഓഫിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ എട്ട് മല്‍സരത്തില്‍ ഏറ്റവും കുറവ് വിജയം നേടിയ ടീമെന്ന മോശം റെക്കോര്‍ഡ് കൂടി ഏല്‍പിച്ച കയ്പ്നീരില് നിന്നും കിരീട പ്രതീക്ഷയിലേക്കാണ് ആര്‍സിബി ചുവടുവച്ചിരിക്കുന്നത്. 16 ഐപിഎല്‍ സീസണ്‍ നീണ്ട തങ്ങളുടെ കാത്തിരിപ്പിന് ഇത്തവണയെങ്കിലും സഫലീകരണമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഇന് ഉറ്റുനോക്കുന്നത്.