പ്രതിരോധത്തിന്റെ ബൂട്ടണിഞ്ഞ് അഫ്ഗാനിസ്ഥാന്‍ വനിതകൾ വീണ്ടും കളത്തിൽ. രാജ്യാന്തര ഫുട്ബോളിലേക്കുള്ള തിരിച്ചുവരവിന് ഫിഫ അനുമതി നൽകി. 2021ൽ താലിബാൻ ഭരണം തിരിച്ചുപിടിക്കുന്നതിനു മുൻപാണ് ടീം അവസാനമായി ഒരു രാജ്യാന്തര മല്‍സരം കളിച്ചത്. താലിബാൻ ഭരണകൂടം സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ വിദ്യാഭ്യാസം, തൊഴിൽ, കായികമേഖലകളില്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
താലിബാന്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിരവധി വനിതാ കായിക താരങ്ങൾ രാജ്യം വിടുകയോ മല്‍സരരംഗം ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാന് കരാറടിസ്ഥാനത്തിൽ 25 വനിതാ താരങ്ങളുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. താലിബാന്റെ കടുത്ത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ അഫ്ഗാനിസ്ഥാനില്‍ ജീവിക്കുന്ന സ്ത്രീകൾക്ക് ഫുട്ബോള്‍ ടീമിന്റെ ഭാഗമാകാൻ കഴിയില്ല.
ഫിഫയുടെ പിന്തുണയോടെ പ്രവാസികളായ യുവ പ്രതിഭകളെ വളർത്തിയെടുത്ത് ഫുട്ബോള്‍ ടീം ഒരുക്കിയെടുക്കാന്‍ മാത്രമേ കഴിയൂ. 'അഫ്ഗാനിസ്ഥാൻ വിമൻ യുണൈറ്റഡ്' എന്നറിയപ്പെടുന്ന ടീമിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ വിവിധ രാജ്യങ്ങളിലായി പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലുമായി ഫിഫ മേഖലാതല സെലക്‌ഷൻ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്.
വരുന്ന ജൂണിൽ ടീം നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. എതിരാളികളെയും വേദികളെയും സംബന്ധിച്ച് ഇനിയും സ്ഥിരീകരണം വരേണ്ടതുണ്ട്. ബ്രസീലിൽ നടക്കുന്ന 2027ലെ വനിതാ ലോകകപ്പിന് യോഗ്യത നേടാൻ അഫ്ഗാനിസ്ഥാന് കഴിയില്ലെങ്കിലും, 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിനുള്ള യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കാൻ ടീമിന് സാധിച്ചേക്കും.