ഫോട്ടോ: പിടിഐ, എപി
റയല്‍ മാഡ്രിഡിനെ ബെര്‍ണാബ്യുവില്‍ ചെന്ന് തകര്‍ത്തായിരുന്നു ബാര്‍സ എല്‍ ക്ലസിക്കോയിലെ ജയം 4-0ന് ആഘോഷിച്ചത്. റയലിന്‍റെ ഹൈ ഡിഫന്‍സ് ലൈനിന് മുന്‍പില്‍ റയലിന് ഉത്തരമില്ലാതെ വന്നതോടെ സ്പാനിഷ് ലീഗില്‍ ബാര്‍സ ആരാധകര്‍ കാത്തിരുന്ന ജയം എത്തി. ഇപ്പോള്‍ റയല്‍ മാഡ്രിഡിന് എതിരായ ബാര്‍സയുടെ ജയത്തെ കുറിച്ച് പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനോട്.
സ്പെയിനിലെ കാണികള്‍ കാണുന്ന അതേ തീവ്രതയോട് കൂടിയാണ് എല്‍ ക്ലാസിക്കോ ഇന്ത്യയിലെ ആരാധകരും കാണുന്നത് എന്നാണ് മോദിയുടെ വാക്കുകള്‍. സ്പാനിഷ് ഫുട്ബോളിന് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്. കഴിഞ്ഞ ദിവസം നടന്ന ബാര്‍സിലോന–റയല്‍ മാഡ്രിഡ് മത്സരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ത്യയിലുമുണ്ടായി. രണ്ട് ക്ലബിന്‍റേയും ആരാധകര്‍ തമ്മിലുള്ള പോര് ഇന്ത്യയിലുമുണ്ട്. ഗുജറാത്തിലെ വഡോദരയില്‍ സ്പാനിഷ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു.
എല്‍ ക്ലാസിക്കോയിലെ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാര്‍സയ്ക്ക് ആറു പോയിന്‍റ് ലീഡായി. തന്‍റെ ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തില്‍ എംബപെയ്ക്ക് തിളങ്ങാനാവാതെ പോയി. 30ാം മിനിറ്റില്‍ എംബപെ വല കുലുക്കിയെങ്കിലും ബാര്‍സയുടെ ഓഫ്സൈഡ് ട്രാപ്പില്‍ കുടുങ്ങി. രണ്ടാം പകുതിയിലും എംബപെയുടെ ഗോള്‍ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി. എന്നാല്‍ മറുവശത്ത് ലാ മാസിയ അക്കാദമിയില്‍ നിന്ന് വളര്‍ത്തിക്കൊണ്ടു വന്ന ആറ് താരങ്ങളെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കൊണ്ടുവന്നാണ് മാഡ്രിഡില്‍ ബാര്‍സ ആക്രമണം അഴിച്ചുവിട്ടത്. 22 വയസില്‍ താഴെയുള്ളവരായിരുന്നു ഈ ആറ് താരങ്ങളും.