ലാ ലീഗ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബാര്‍സയെ അട്ടിമറിച്ച് ഒസാസുന. ഏഴ് തുടര്‍ ജയങ്ങളോടെ മുന്നേറിയിരുന്ന ബാര്‍സയുടെ തേരോട്ടമാണ് ഒസാസുന 4-2 എന്ന സ്കോറോടെ അവസാനിപ്പിച്ചത്.
18ാം മിനിറ്റില്‍ സരഗോസയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെയായിരുന്നു ബുഡിമറിന്റെ ഗോള്‍. 28ാം മിനിറ്റില്‍ ഇബാനെസിന്റെ അസിസ്റ്റില്‍ നിന്ന് സരഗോസയും ഗോള്‍ നേടി. ആദ്യ പകുതി 2-0 എന്ന ലീഡോടെയാണ് ഒസാസുന അവസാനിപ്പിച്ചത്. രണ്ടാം പകുതിയില്‍ ബാര്‍സ തിരിച്ചടിച്ച് കയറുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിക്ടറിലൂടെ ബാര്‍സ സ്കോര്‍ 2-1 എന്ന നിലയിലാക്കി. ഒസാസുന ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ബാര്‍സയുടെ ആദ്യ ഗോള്‍ എത്തിയത്. വിക്ടറിന്റെ ദുര്‍ബലമായൊരു ഷോട്ട് തട്ടിയകറ്റുന്നതില്‍ ഒസാസുന ഗോള്‍കീപ്പര്‍ പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ 72ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബുഡിമര്‍ പിഴവില്ലാതെ വലയിലാക്കിയതോടെ ഒസാസുന ലീഡ് ഉയര്‍ത്തി. ബോക്സിനുള്ളില്‍ ബുഡിമറിനെ വീഴ്ത്തിയതിന് ഡൊമിങ്വാസിനായിരുന്നു മഞ്ഞക്കാര്‍ഡ് കിട്ടിയത്. പിന്നാലെ 85ാം മിനിറ്റില്‍ 4-1 എന്ന ഗോള്‍ നിലയുമായി ഒസാസുന ബാര്‍സയെ വെല്ലുവിളിച്ചു. ബോക്സിന് വെളിയില്‍ നിന്നുള്ള ബ്രെന്റോണിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ ഒസാസുന ലീഡ് ഉയര്‍ത്തുകയായിരുന്നു.
നിശ്ചിത സമയം കഴിയാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ലാമിന്‍ യമാല്‍ ബാര്‍സക്കായി സ്കോര്‍ ചെയ്തെങ്കിലും തോല്‍വി ഒഴിവാക്കാന്‍ ബാര്‍സക്കായില്ല. 58ാം മിനിറ്റിലായിരുന്നു ലാമിന്‍ യമാലിനെ ബാര്‍സ കളത്തിലിറക്കുന്നത്. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും പാസുകളിലും പാസുകളിലെ കൃത്യതയിലുമെല്ലാം ഒസാസുനയേക്കാള്‍ ബഹുദൂരം മുന്‍പിലായിരുന്നു ബാര്‍സ എങ്കിലും ഗോള്‍ വല കുലുക്കുന്നതില്‍ പിന്നിലായി.
എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും ഒരു തോല്‍വിയുമായി 21 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാര്‍സ. 8 കളിയില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി ആറാം സ്ഥാനത്താണ് ഒസാസുന. ചാംപ്യന്‍സ് ലീഗില്‍ യങ് ബോയ്സിന് എതിരെയാണ് ബാര്‍സയുടെ അടുത്ത കളി. ലാ ലീഗയില്‍ ബാര്‍സയുടെ അടുത്ത മത്സരം ഒക്ടോബര്‍ ആറിനും.