തൊള്ളായിരം ഗോളെന്ന ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരായാണ് ക്രിസ്റ്റ്യാനോയുടെ കരിയറിലെ തൊള്ളായിരാമത്തെ ഗോള്‍നേട്ടം. മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോയുടെ 131ാം ഗോളാണിത്. കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ 859 ഗോളുകളുമായി ലയണല്‍ മെസിയാണ് രണ്ടാംസ്ഥാനത്ത്.
റൊണാൾഡോയുടെ 769 ഗോളുകളും ക്ലബ്ബ് കരിയറിൽനിന്നുള്ളതാണ്. ചരിത്ര ഗോൾ പിറന്നപ്പോൾ കൈകൾകൊണ്ട് മുഖം മറച്ച് ഗ്രൗണ്ടിൽ വീണാണ് താരം ആഘോഷിച്ചത്. ‘‘ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോൾ എത്തിയത്. ഞാൻ കളിക്കുന്നതു തുടർന്നാൽ ഈ നമ്പരിലേക്ക് എത്താന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.’’– റൊണാൾഡോ മത്സരശേഷം പ്രതികരിച്ചു.
പുരുഷ ഫുട്ബോളിൽ 800 ഗോൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോ നേരത്തേ സ്വന്തമാക്കിയിരുന്നു, ഇപ്പോഴിതാ 900 ഗോളുകൾ നേടുന്ന ആദ്യ താരവുമായി. ആയിരം ഗോളുകളിലേക്കെത്തുകയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു റൊണാൾഡോ പ്രതികരിച്ചിട്ടുണ്ട്.