കേരളത്തിന്‍റെ സ്വന്തം ഫുട്ബോള്‍ പൂരത്തിന് സെപ്റ്റംബര്‍ 7ന് കൊച്ചിയില്‍ കിക്കോഫ്. പ്രഥമ ‘സൂപ്പര്‍ ലീഗ് കേരള’യുടെ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ഫ്രാഞ്ചൈസി ഫോര്‍മാറ്റില്‍ കേരളത്തിലെ ആറ് നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ലീഗിന് തയാറെടുക്കുന്നത്. കേരളത്തിലെ നാല് വേദികളിലായി രണ്ട് മാസം നീണ്ടുനില്‍ക്കും സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍. തിരുവനന്തപുരം, കൊച്ചി, മഞ്ചേരി (മലപ്പുറം), കോഴിക്കോട് എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍. ആറ് ടീമുകളും ഹോം എവേ ക്രമത്തില്‍ പരസ്പരം ഏറ്റുമുട്ടും. ഒരു ടീമിന് ലീഗ് സ്റ്റേജില്‍ പത്ത് മല്‍സരങ്ങള്‍ ലഭിക്കും. ശേഷം പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേഓഫിലേക്ക് യോഗ്യത നേടും.
കൊമ്പന്‍മാര്‍ മുതല്‍ പോരാളികള്‍ വരെ
തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, ഫോഴ്സ കൊച്ചി എഫ്.സി, തൃശൂര്‍ മാജിക്ക് എഫ്.സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി എന്നിവയാണ് പ്രഥമ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ആറ് ടീമുകള്‍. തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കൊമ്പന്‍സിന്‍റെയും കൊച്ചി കലൂര്‍ സ്റ്റേഡിയം ഫോഴ്സ കൊച്ചിയുടെയും ഹോം ഗ്രൗണ്ടുകള്‍ ആകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം മലപ്പുറത്തിന്‍റെയും തൃശൂര്‍ മാജിക്കിന്‍റെയും ഹോം ഗ്രൗണ്ടാകും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റിന്‍റെയും കണ്ണൂര്‍ വോറിയേഴ്സിന്‍റെയും ഹോം ഗ്രൗണ്ട്. കിക്കോഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത തയാറെടുപ്പിലാണ് ടീമുകളെല്ലാം. വിദേശ താരങ്ങളും കോച്ചുകളും എത്തിയതോടെ ടീം ക്യാംപുകളും ഉണര്‍ന്നു. ഗോവയില്‍ പ്രീ സീസണ്‍ ക്യാംപിലാണ് കൊമ്പന്‍മാന്‍. കൊച്ചിയുടെയും തൃശൂരിന്‍റെയും പരിശീലനം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് മലപ്പുറത്തിന്‍റെ തയാറെടുപ്പ്. കോഴിക്കോട് മുക്കത്താണ് കാലിക്കറ്റിന്‍റെ പരിശീലനം പുരോഗമിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ഗ്രൗണ്ടാണ് കണ്ണൂര്‍ പരിശീലനത്തിനായി തിരഞ്ഞെടുത്തത്.
താരങ്ങള്‍ക്കൊട്ടും കുറവില്ല
ഒരുപിടി മികച്ച താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയുമാണ് സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്കായി ടീമുകള്‍ ഒരുക്കിയിരിക്കുന്നത്. ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്ക് രണ്ടാം കപ്പ് നേടികൊടുത്ത ഇംഗ്ലീഷ് കോച്ച് ജോണ്‍ ഗ്രിഗറി (മലപ്പുറം) ഉള്‍പ്പടെ പേരുകേട്ട വിദേശ കോച്ചുമാരെയാണ് ടീമുകള്‍ ‘ആശാന്‍മാര്‍’ ആക്കിയിരിക്കുന്നത്. സഹ പരിശീലകരായി ജോ പോള്‍ അഞ്ചേരി (കൊച്ചി) ഉള്‍പ്പടെയുള്ള ഇന്ത്യന്‍ കൊച്ചുമാരെയും മുന്‍ താരങ്ങളെയും കാണാം. ഇന്ത്യന്‍ കളിക്കാരുടെ കൂട്ടത്തില്‍ മുന്‍ ഐ.എസ്.എല്‍ താരങ്ങളായ സി.കെ.വിനീത് (തൃശൂര്‍), അനസ് എടത്തൊടിക (മലപ്പുറം), ആദില്‍ ഖാന്‍ (കണ്ണൂര്‍), സുഭാഷിഷ് റോയി (കൊച്ചി) തുടങ്ങി നിരവധി താരങ്ങളും ടീമുകള്‍ക്കൊപ്പം ബൂട്ട് കെട്ടും. കേരളത്തില്‍ നിന്നുള്ള തരങ്ങള്‍ക്കും സൂപ്പര്‍ ലീഗില്‍ അവസരം ലഭിക്കുന്നുണ്ട്. സന്തോഷ് ട്രോഫി താരങ്ങളായ ഫസലുറഹ്മാന്‍, വി.മിധുന്‍ (മലപ്പുറം), നിജോ ഗില്‍ബര്‍ട്ട് (കൊച്ചി) ഉള്‍പ്പടെയുള്ള പരിചയസമ്പന്നര്‍ക്കൊപ്പം നിരവധി യുവ മലയാളി താരങ്ങളെയും എസ്.എല്‍.കെയില്‍ കാണാം.
ബ്രസീല്‍, സ്പെയിന്‍, ഘാന തുടങ്ങി പത്തിലേറെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ കേരളത്തിന്‍റെ മണ്ണില്‍ ബൂട്ടണിയും. മുന്‍ ഐ.എസ്.എല്‍ താരങ്ങളായ കെര്‍വന്‍സ് ബെല്‍ഫോര്‍ട് (കാലിക്കറ്റ്), മെയില്‍സണ്‍ ആല്‍വിസ് (തൃശൂര്‍), ഐ.ലീഗ് താരങ്ങളായ അലക്സ് സാഞ്ചെസ്, ജൊസേബ ബെറ്റിയ (മലപ്പുറം) തുടങ്ങി 30ഓളം വിദേശ താരങ്ങളെ ആദ്യ സീസണില്‍ കളത്തില്‍ കാണാം.
ഈ പറഞ്ഞ താരപ്രഭയ്ക്ക് പുറമെയാണ് ടീമുകളുടെ സഹ ഉടമകളായി സിനിമ താരങ്ങള്‍ അരങ്ങേറുന്നത്.
ഉടമകളും താരങ്ങള്‍
നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും കൊച്ചി ടീമിന്‍റെ ഭാഗമായതോടെയാണ് സൂപ്പര്‍ ലീഗില്‍ ഉടമകളുടെ കൂട്ടത്തിലും ‘താരത്തിളക്ക’ത്തിന് തുടക്കമായത്. പിന്നാലെ കണ്ണൂര്‍ വോറിയേഴ്സിന്‍റെ സഹ ഉടമയും ടീം ഡയറക്ടറുമായി നടന്‍ ആസിഫ് അലിയും രംഗപ്രവേശനം ചെയ്തു. സിനിമ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ മാജിക് എഫ്.സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ നിവിന്‍ പോളിയാണ്.
തല്‍സമയം
മികച്ച ടെലികാസ്റ്റ്, ഓണ്‍ലൈന്‍ സ്ട്രീമിങ് സൗകര്യം ഏര്‍പ്പെടുത്തുക എന്നത് ഏതൊരു ലീഗിന്‍റെയും വളര്‍ച്ചയ്ക്ക് സുപ്രധാനമാണ്. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിലെ മല്‍സരങ്ങള്‍ തല്‍സമയം സ്റ്റാര്‍ സ്പോര്‍ട്സിലും (ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭ്യമാകും. ഗള്‍ഫ് മേഖലയിലെ സ്ട്രീമിങ് അവകാശം മനോരമ മാക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 7ന് കൊച്ചിയില്‍ മലപ്പുറവും കൊച്ചിയും ഏറ്റുമുട്ടുന്നതോടെ ആദ്യ സൂപ്പര്‍ ലീഗ് സീസണ് തുടക്കമാകും.
100% പ്രഫഷണല്‍, 100% എന്‍റര്‍ടൈന്‍മെന്‍റ്
കേരളത്തില്‍ മുന്‍പ് ഉണ്ടായിരുന്നതും നിലവില്‍ ഉള്ളതുമായ ഫുട്ബോള്‍ ലീഗുകളെക്കാള്‍ പലമടങ്ങ് പ്രഫഷണല്‍ സ്വഭാവം പുലര്‍ത്തുന്നതാണ് സൂപ്പര്‍ ലീഗ് കേരള. ലീഗിലെ ടീമുകളെ അനൗണ്‍സ് ചെയ്ത പരിപാടി മുതല്‍ ഈ പ്രഫഷണലിസം കാണാം. മികച്ച ടെലികാസ്റ്റ്, ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് പങ്കാളികളെ കണ്ടെത്തിയതും വമ്പന്‍ ബ്രാന്‍റുകളുടെ സ്പോണ്‍സര്‍ഷിപ്പ് നേടിയെടുത്തതുമെല്ലാം ഈ പ്രഫഷണല്‍ സമീപനത്തിന്‍റെ ഉദാഹരണമാണ്. ഐ.പി.എല്‍ പിന്തുടരുന്ന ഫ്രാഞ്ചൈസി ഫോര്‍മാറ്റിലൂടെ കേരളത്തിലുടനീളം ഫുട്ബോളിന് വേരോട്ടം വര്‍ധിപ്പിക്കുകയും ആരാധകരെ കൂട്ടുകയും എസ്.എല്‍.കെയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിലൂടെ കൂടുതല്‍ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും അവര്‍ക്ക് മെച്ചപ്പെട്ട മല്‍സര അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും സൂപ്പര്‍ ലീഗ് സഹായിക്കും. ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും സൂപ്പര്‍ ലീഗിന് കഴിയുമെന്നാണ് പ്രതീക്ഷ.