ലോക ഫുട്ബോളിൽ ഒന്നരപ്പതിറ്റാണ്ടായുള്ള ഇന്ത്യയുടെ മേൽവിലാസം സുനില്‍ ഛേത്രി ബൂട്ടഴിക്കുന്നു. കൊല്‍ക്കത്തയില്‍ ഇന്നു നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ കുവൈത്തിനെതിരായ മല്‍സരത്തിലാണ് ഛേത്രി വിടവാങ്ങുന്നത്.
നായകന്‍, ഇതിഹാസം,ഗോളടിവീരന്‍, ഈ മൂന്നുവാക്കുകളില്‍ സുനില്‍ ഛേത്രി എന്ന ഫുട്ബോള്‍ താരം ആരാധകഹൃദയങ്ങളില്‍ അമര്‍ന്നിരിക്കുന്നു. കുവൈത്തിനെതിരെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ അഭിമാനമായ കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ കളറണിഞ്ഞ് ഛേത്രി ഇറങ്ങുമ്പോള്‍ ഒന്നരപ്പതിറ്റാണ്ടുകാലം ആ കാലുകള്‍ക്കൊപ്പം ഓടിയ ഫുട്ബോള്‍ പ്രേമികള്‍ വികാരത്തിന്റെ വേലിയേറ്റത്തിലാകും, ഒപ്പം ഛേത്രിയും. സ്പോട് ജംപിങും ടൈമിങ്ങിലും മിടുക്കനായ ഛേത്രിക്ക് ഹെഡറുകള്‍ നേടാന്‍ പൊക്കം ഒരു തടസ്സമായിരുന്നില്ല.
2005ല്‍ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ ഛേത്രി 150മല്‍സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി. രാജ്യാന്തര കരിയറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയും ഗണത്തിലേക്ക് ഉയര്‍ത്താവുന്ന താരം. എഎഫ്സി ചാലഞ്ച് കപ്പ്, നാല് സാഫ് ചാംപ്യൻഷിപ്, മൂന്ന് നെഹ്റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് എന്നിങ്ങനെ പോകുന്നു കിരീടനേട്ടം. ഈ നേട്ടങ്ങള്‍ക്ക് പിന്നാലെ രാജ്യം അർജുന അവാർഡും പദ്മശ്രീയും ഖേല്‍ രത്നയും നല്‍കി ആദരിച്ചു.ശാരിരികക്ഷമത നിലനിര്‍ത്താന്‍ പരിശീലനത്തിനും ഭക്ഷണനിയന്ത്രണത്തിലും വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവമാണ് സുനില്‍ ഛേത്രിയെ 39–ാം വയസിലും ഊര്‍ജസ്വലനാക്കിയത്. ആ കാലുകള്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് അഭിമാനമാകട്ടെ, ബൈ ബൈ ചാംപ്യന്‍.