സൂപ്പര്‍താരങ്ങളായ വിരാട് കോലിയും അനുഷ്കയും കുടുംബത്തോടെ ലണ്ടനിലേക്ക് മാറാനുള്ള കാരണം വെളിപ്പെടുത്തി ഡോക്ടര്‍ ശ്രീറാം നെനെ. സ്വകാര്യത ഇന്ത്യയില്‍ സ്വപ്നം മാത്രമാണെന്നും പുറത്തിറങ്ങിയാല്‍ മുഴുവന്‍ നേരവും സെല്‍ഫിയെടുക്കാന്‍ മാത്രമായി ചെലവഴിക്കേണ്ടി വരുന്നുവെന്നും അത് ശ്വാസംമുട്ടിക്കുന്നുവെന്നും താരം പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുമായുള്ള സംഭാഷണത്തിനിടെയാണ് മാധുരി ദിക്ഷീതിന്‍റെ ഭര്‍ത്താവ് കൂടിയായ ഡോ.ശ്രീറാം ഇക്കാര്യം വെളിപ്പെടുത്തിയത്.
സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാന്‍ കഴിയുന്നില്ലെന്നും നിരന്തരം ആള്‍ക്കൂട്ടം പിന്തുടരുന്നുവെന്നും ഇരുവരും പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കുട്ടികളെ അവരായി വളര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടമായതോടെയാണ് ലണ്ടനിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നും അല്ലെങ്കില്‍ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുമെന്ന് അവര്‍ ഭയന്നുവെന്നും നെനെ പറയുന്നു. 'അവരെന്ത് ചെയ്താലും ആളുകള്‍ ശ്രദ്ധിക്കും, ഒടുവില്‍ ഒളിച്ചും പാത്തും നടക്കേണ്ടി വരും. അങ്ങേയറ്റം സ്നേഹ സമ്പന്നരും ആളുകളോട് നന്നായി ഇടപെടുന്നവരുമാണ് വിരാടും അനുഷ്കയും. അവര്‍ക്ക് സാധാരണ കുട്ടികളെ പോലെ മക്കള്‍ വളരുന്നതാണ് ആഗ്രഹം. ഇവിടെ സദാ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനിലേക്ക് താമസം മാറുന്നതിന് മുന്‍പാണ് വിരാടും അനുഷ്കയുമായി താന്‍ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും ആള്‍ക്കൂട്ടത്തിന്‍റെ ബഹളത്തില്‍ നിന്നൊഴിഞ്ഞ് കഴിയാനാണ് താല്‍പര്യമെന്നും കോലി നേരത്തെയും സൂചിപ്പിച്ചിട്ടുണ്ട്. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് അനുഷ്കയും കോലിയും വിവാഹിതരായത്. 2021 ല്‍ വാമികയും 2024 ല്‍ അകായും ജനിച്ചു. ലണ്ടനില്‍ നിന്നും കുടുംബ സമേതമുള്ള കോലിയുടെ ചിത്രങ്ങള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. മാധ്യമശ്രദ്ധയില്‍ നിന്ന് അകന്ന് ജീവിക്കാനാണ് ശ്രമിക്കുന്നതെന്ന് അടുത്ത സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. 2018 ല്‍ റിലീസ് ചെയ്ത 'സീറോ'യാണ് അനുഷ്ക അഭിനയിച്ച അവസാന ചിത്രം. പിന്നീട് ചക്ദ എക്സ്പ്രസില്‍ ജൂലന്‍ ഗോസ്വാമിയായി അനുഷ്ക അഭിനയിച്ചുവെങ്കിലും ചിത്രം ഇതുവരെയും റിലീസ് ചെയ്തിട്ടില്ല.