മുൻ ഇന്ത്യൻ ലെഗ് സ്പിന്നറും ക്രിക്കറ്റ് വിദഗ്ധനുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്ന് വിരമിച്ചു. ടോസ്, പ്രസന്റേഷൻ ചടങ്ങുകൾക്ക് അവസരം ലഭിക്കാത്തതിനാലാണ് ബ്രോഡ്കാസ്റ്റിങ് കരിയർ അവസാനിപ്പിക്കുന്നതെന്ന് വെള്ളിയാഴ്ച അദ്ദേഹം അറിയിച്ചു. 1980 കളുടെ തുടക്കത്തിൽ, 17-ാം വയസ്സിൽ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരം, എക്സ് പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജോലിയിലുള്ള കടുത്ത അതൃപ്തി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു എക്സിലെ ട്വീറ്റ്. 

തൊലിയുടെ നിറമാണോ പ്രശ്നം?

23 വർഷമായിട്ടും ടോസിനും പ്രസന്റേഷനും തന്നെ ഉപയോഗിച്ചിട്ടില്ല. ശാസ്ത്രി പരിശീലകനായിരുന്നപ്പോൾ പോലും പുതുമുഖങ്ങൾ വന്ന് പിച്ച് റിപ്പോർട്ടും ടോസും പ്രസന്റേഷനും നടത്തുന്നു. എന്തായിരിക്കാം കാരണമെന്നാണ് നിങ്ങൾ കരുതുന്നതെന്ന് ശിവരാമകൃഷ്ണന്‍ ചോദിക്കുന്നു. വിരമിക്കല്‍ ട്വീറ്റിന് താഴെ തൊലിയുടെ നിറമാണോ പ്രശ്നമെന്ന് ഒരാള്‍ ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞത് ശരിയാണ് എന്നായിരുന്നു ശിവരാമകൃഷ്ണന്റെ മറുപടി.

കമന്ററി ബോക്സിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞതിലൂടെ ശ്രദ്ധേയനായിരുന്നു ശിവരാമകൃഷ്ണൻ. 'ശിവ' എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം, 1983-നും 86-നും ഇടയിൽ ഇന്ത്യയ്ക്കായി ഒൻപത് ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും കളത്തിലിറങ്ങി. 2000-ത്തിലാണ് കമന്റേറ്ററായി രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിൽ കളിക്കാരുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അരങ്ങേറ്റ ടെസ്റ്റിൽ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും, 1984-ൽ ഇംഗ്ലണ്ടിനെതിരെ 12 വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചതോടെയാണ് അദ്ദേഹം പ്രശസ്തിയുടെ നെറുകയിലെത്തിയത്. 1985-ൽ ഓസ്ട്രേലിയയിൽ നടന്ന ബെൻസൻ ആൻഡ് ഹെഡ്ജസ് ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യ കിരീടമുയർത്തിയപ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ശിവരാമകൃഷ്ണൻ. ഫൈനലിൽ പാക്കിസ്ഥാനെ 176/9 എന്ന സ്കോറിൽ ഒതുക്കി ഇന്ത്യയുടെ 8 വിക്കറ്റ് വിജയത്തിന് വഴിയൊരുക്കി. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ ഒരു സ്പിന്നറെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു ആ പ്രകടനം. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനും ശിവരാമകൃഷ്ണനായിരുന്നു.

ENGLISH SUMMARY:

Former Indian leg-spinner Laxman Sivaramakrishnan announces retirement from the BCCI commentary panel after 23 years. In an explosive X post, he cited dissatisfaction over being denied opportunities for toss and presentation ceremonies. He also hinted at racial bias regarding skin color when asked by a fan. Read about the career and controversies of the 1985 World Championship hero.