പാക്കിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ആദ്യ ഓവറില്‍ അഞ്ച് വൈഡ് എറിഞ്ഞ താരം 11 പന്തെറിഞ്ഞാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. ഏകദിനത്തിൽ ഏറ്റവും ദൈര്‍ഘ്യമുള്ള ഓവർ എറിയുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡിനൊപ്പമാണ് മുഹമ്മദ് ഷമി എത്തിയത്.
ഇര്‍ഫാന്‍ പത്താനും, സഹീര്‍ ഖാനും ശേഷമാണ് ഷമിക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ് ലഭിക്കുന്നത്. 2011 ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെയാണ് ഇര്‍ഫാന്‍ പത്താന്‍ 11 പന്തെറിഞ്ഞ് ഓവര് പൂര്‍ത്തിയാക്കിയത്. 2003 ല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് സഹീര്‍ ഖാന്‍ 11 പന്തെറിഞ്ഞത്.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കാരന്‍റെ ഏറ്റവും നീണ്ട ഓവര്‍ കൂടിയാണ് ഷമിയുടേത്. ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ രണ്ടാമത്തേതും. നേരത്തെ ഒന്‍പത് പന്തെറിഞ്ഞ ജസ്പ്രിത് ബുംറയെയാണ് ഷമി മറികടന്നത്. 2017 ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെയാണ് ബുംറ ഒന്‍പത് ബോളെറിഞ്ഞതും.
അതേസമയം, പാക്കിസ്ഥാനെതിരെ ആദ്യ സ്പെല്‍ പൂര്‍ത്തിയാക്കാതെ പേസര്‍ മുഹമ്മദ് ഷമി കളംവിട്ടത് ഇന്ത്യയ്ക്ക് ആശങ്കയായി. കാലിന് പരുക്കേറ്റ മുഹമ്മദ് ഷമി അഞ്ചാം ഓവറിനിടെ ചികില്‍സതേടിയിരുന്നു. കണങ്കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷമി ഫിസിയോയുടെ സഹായം േതടിയത്. ഓവര്‍ പൂര്‍ത്തിയാക്കിയ ഉടനെ താരം കളം വിടുകയായിരുന്നു. ഷമിക്ക് പകരമായി ഹര്‍ദിക് പാണ്ഡ്യയാണ് ബൗളിങ് ഏറ്റെടുത്തത്. അതേസമയം 12–ാം ഓവറില്‍ ഷമി ബോളിങില്‍ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി
2023 ഏകദിന ലോകകപ്പിനിടെയുണ്ടായ പരിക്കിന് ശേഷം തിരിച്ചെത്തിയ ഷമി ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജസ്പ്രിത് ബുംറ പരുക്കിനെ തുടര്‍ന്ന് കളിക്കാത്തതിനാല്‍ ഷമിയാണ് ഇന്ത്യന്‍ പേസിനെ നയിക്കുന്നത്. എട്ട് ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി 43 റണ്‍സാണ് വഴങ്ങിയത്.