ഇന്ത്യൻ താരം ഹർഷിത് റാണ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തുന്നു

ഇന്ത്യൻ താരം ഹർഷിത് റാണ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തുന്നു

പാക്കിസ്ഥാന്‍റെ സെഞ്ചറി കൂട്ടുകെട്ട് തര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍. അടുത്തടുത്ത ഓവറുകളില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുന്നതും വിക്കറ്റ് വീഴുന്നതും മത്സരത്തില്‍ കണ്ടു. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ 33-ാം ഓവറിലെ അവസാന പന്തിലാണ് മുഹമ്മദ് റിസ്വാനെ പുറത്താക്കാനുള്ള അവസരം വന്നത്. ബൗണ്ടറി ലൈനിനോട് ചേര്‍ന്ന് വന്ന ക്യാച്ച് ഹര്‍ഷിത് റാണ നഷ്ടപ്പെടുത്തി. രണ്ട് റണ്‍സാണ് ഈ പന്തില്‍ നേടിയത്. 

എന്നാല്‍ ഈ ജീവന്‍ രണ്ട് പന്ത് വരെ മാത്രമെ നീണ്ടുള്ളൂ. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്തില്‍ റിസ്വാന്‍ ക്ലീന്‍ ബൗള്‍ഡായി. 77 പന്തില്‍ 46 റണ്‍സാണ് റിസ്വാന്‍ നേടിയത്. 

അതേ ഓവറിലെ അഞ്ചാം പന്തില്‍ സൗദ് ഷക്കീലിന്‍റെ ക്യാച്ചാണ് കുല്‍ദീപ് യാദവ് നഷ്ടപ്പെടുത്തിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹര്‍ദിക്കിന്‍റെ അഞ്ചാം പന്തില്‍ സൗദ് ഷക്കീല്‍ സിക്സര്‍ അടിക്കാനുള്ള ശ്രമത്തിനിടെ ക്യാച്ച് ഔട്ടായി. അക്ഷര്‍ പട്ടേലാണ് ക്യാച്ചെടുത്തത്. ശേഷം ക്രീസിലെത്തിയ തയ്യബ് താഹിറിന്‍റെ വിക്കറ്റ് ജഡേജയ്ക്കാണ്.  നാല് റണ്‍സാണ് താരം നേടിയത്. 

47 ന് നാല് എന്ന നിലയില്‍ പതറിയ പാകിസ്ഥാനെ കരകയറ്റിയത് മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ഒന്നിച്ച കൂട്ടുകെട്ടാണ്. 106 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇവരുടേത്. 39 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ സ്കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 കടന്നിട്ടുണ്ട്. 

23 റണ്‍സെടുത്ത ബാബര്‍ അസമിന്‍റെ വിക്കറ്റാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. ഹര്‍ദിക് പാണ്ഡ്യയ്ക്കാണ് വിക്കറ്റ്. 10 റണ്‍സെടുത്ത ഇമാം ഉള്‍ഹഖ് അക്ഷര്‍ പട്ടേലിന്‍റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ട് ആവുകയായിരുന്നു.

ENGLISH SUMMARY:

India missed two crucial catches but bounced back with quick wickets, breaking Pakistan’s 106-run partnership. Hardik Pandya, Axar Patel, and Ravindra Jadeja played key roles in shifting the momentum.