Image Credit: X/ MidnightMusinng
ചാംപ്യന്‍സ് ലീഗിന് മുന്നോടിയായി പാകിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ഇന്ത്യന്‍ പതാകയുമായി പാക് ആരാധകര്‍ മൈതാനത്ത്. പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തിലാണ് ഇന്ത്യ– പാക് പതാകകള്‍ ചേര്‍ത്ത് പാക് ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയത്.
'പാകിസ്ഥാനിലേക്ക് കളിക്കാനായി വരു. പാകിസ്ഥാന്‍ സുരക്ഷിത രാജ്യമാണ്, ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുത്. കളിയെ അങ്ങനെ കാണണം' എന്നെഴുതിയ ബാനറാണ് ആരാധകര്‍ സ്റ്റേഡിയത്തിലുയര്‍ത്തിയത്. ബാനറിനൊപ്പം പാകിസ്ഥാന്‍റെയും ഇന്ത്യയുടെയും പതാകയും ആരാധകര്‍ ഉയര്‍ത്തി.
പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ വിസമ്മതിച്ചതിനെയാണ് ആരാധകര്‍ ബാനറിലൂടെ ഉന്നയിച്ചത്. ഫെബ്രുവരി 19നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക.
അതേസമയം ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ന്യൂസിലാന്‍ഡ് 78 റണ്‍സിന് തോല്‍പ്പിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. 252 റണ്‍സിന് പാക്കിസ്ഥാന്‍ ഇന്നിങ്സ് അവസാനിച്ചു.