ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ രണ്ട് റണ്‍സിന് പുറത്തായതോടെ രോഹിത് ശര്‍മയുടെ വിരമിക്കലിനായി ക്രിക്കറ്റ് പ്രേമികളുടെ മുറവിളി. 37കാരനായ രോഹിത് ചെറുപ്പക്കാര്‍ക്കായി മാറികൊടുക്കണമെന്നാണ് ആവശ്യം. രോഹിത് ഫോമിലല്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനം.
ട്വന്റി 20 ലോകകപ്പ് നേടിയതിനുപിന്നാലെ ട്വന്റി 20 യില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മയുടെ ലക്ഷ്യം ഏകദിനത്തിലും ടെസ്റ്റിലും തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് ടെസ്റ്റ് ഇന്നിങ്സുകളില്‍ ആറിലും ഇരട്ട അക്കം നേടാന്‍ രോഹിത്തിനായില്ല. 2007മുതല്‍ ഇന്ത്യന്‍ ഏകദിന ടീമിനൊപ്പമുള്ള രോഹിത് 2023ന് ശേഷം ഇന്ത്യയില്‍ ആദ്യ ഏകദിനം കളിച്ചപ്പോഴും ശാരീരികക്ഷമതയും മെയ്‌വഴക്കവും പഴയതുപോലെ ഇല്ലെന്ന് വ്യക്തമായിരുന്നു.
നാഗ്പൂരില്‍ രണ്ടുറണ്‍സില്‍ നില്‍ക്കെ പുറത്തായി. ഏകദിനത്തില്‍ സ്ട്രോക്ക് പ്ലേയിലൂടെ ഇരസെഞ്ചറികള്‍ നേടിയിട്ടുള്ള രോഹിത് 266മല്‍സരങ്ങളില്‍ നിന്ന് 31 സെഞ്ചറിയും 57 അര്‍ധസെഞ്ചറിയും നേടിയിട്ടുണ്ട്. വിദേശത്തേക്കാള്‍ നാട്ടില്‍ മികവ് കാട്ടിയിട്ടുള്ള രോഹിത് 2023ല്‍ 27മല്‍സരങ്ങളില്‍ നിന്ന് നേടിയത് 1255റണ്‍സ് മാത്രം. 2024ല്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് 157റണ്‍സാണ് സ്കോര്‍ ചെയ്യാനായത്. ജയ്‌സ്വാള്‍, റിതുരാജ്,റിഷഭ് പന്ത്,ശുഭ്മാന്‍ ഗില്‍,സര്‍ഫ്രസ് ഖാന്‍ തുടങ്ങിയവര്‍ ഏകദിന ടീമില്‍ സ്ഥിരസാന്നിധ്യമാകുവാന്‍ നില്‍ക്കുമ്പോള്‍ ഫോം ഔട്ടായ രോഹിത്ത് ടീമില്‍ തൂങ്ങിക്കിടക്കരുതെന്നാണ് വിമര്‍ശകരുടെ പക്ഷം.