വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫി കളിക്കാനെത്തിയ വിരാട് കോലിയെ പുറത്താക്കാന്‍ ബസ് ഡ്രൈവര്‍ തനിക്ക് ഉപദേശം തന്നിരുന്നതായി റെയില്‍വെ പേസര്‍ . റെയില്‍വെയ്ക്കെതിരായ മത്സരത്തിലാണ് വിരാട് കോലി ഡല്‍ഹിക്കുവേണ്ടി കളിച്ചത്. 13 വര്‍ഷത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് എത്തിയ വിരാട് കോലി ആദ്യ ഇന്നിങ്സില്‍ 15 പന്തിൽ ആറു റൺസ് മാത്രമെടുത്തത്. ഹിമാന്‍ഷുവിന്‍റെ പന്തില്‍ കോലി ബൗള്‍ഡാവുകയായിരുന്നു.
ടീം ബസിലെ ഡ്രൈവര്‍ കോലിയുടെ വിക്കറ്റെടുക്കാന്‍ എങ്ങനെ പന്തെറിയണമെന്ന് തന്നോട് പറഞ്ഞിരുന്നു എന്നാണ് ഹിമാന്‍ഷു ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
'കോലിക്കെതിരെ ഫോര്‍ത്ത്–ഫിഫ്ത്ത് സ്റ്റെംപ് ലൈനില്‍ പന്തെറിഞ്ഞാല്‍ പുറത്താക്കാമെന്ന് എന്നോട് പറഞ്ഞത് ബസിലെ ഡ്രൈവറാണ്. എനിക്ക് എന്‍റേതായ പ്ലാനുണ്ടായിരുന്നു മറ്റൊരാളുടെ ബലഹീനതയില്‍ ശ്രദ്ധിക്കുന്നതിന് പകരം സ്വന്തം ശക്തിയിലാണ് ഞാന്‍ ഫോക്കസ് ചെയ്തത്. അവസാനം വിക്കറ്റ് കിട്ടി' എന്നായിരുന്നു ഹിമാന്‍ഷുവിന്‍റെ വാക്കുകള്‍.
വിരാട് കോലിക്ക് മാത്രമായി പ്രത്യേക പ്ലാനൊന്നും റെയില്‍വേയ്ക്കുണ്ടായിരുന്നില്ല. ഡല്‍ഹി താരങ്ങള്‍ ആക്രമിച്ച് കളിക്കും. അച്ചടക്കത്തോടെ പന്തെറിയാനാണ് കോച്ച് പറഞ്ഞതെന്നും ഹിമാന്‍ഷു പറഞ്ഞു. ഓഫ് സ്റ്റംപില്‍ കോലിയുടെ ദൗര്‍ബല്യം നേരത്തെ ചര്‍ച്ചയായിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഒന്‍പത് ഇന്നിങ്സില്‍ എട്ടിലും കോലി പുറത്തായത് ഇതേരീതിയിലാണ്.