ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20യിൽ ഇന്ത്യയ്ക്കു വമ്പൻ സ്കോര്‍. 37 പന്തുകളിൽ അതിവേഗ സെഞ്ചറി തികച്ച അഭിഷേക് ശർമയുടെ(135) ബാറ്റിങ് കരുത്തിൽ ഇന്ത്യ 20 ഓവറില്‍ 247 റണ്‍സെടുത്തു. 13 സിക്സുകളും ഏഴു ഫോറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ബാറ്റിങ്. ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് അഭിഷേക് നേടിയത്. 35 പന്തുകളിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്. സഞ്ജു സാംസണ്‍ 16 റണ്‍സെടുത്തു പുറത്തായി. 30 റണ്‍സെടുത്ത ശിവം ദുബെയും 24 റണ്‍സെടുത്ത തിലക് വര്‍മയുമാണ് തിളങ്ങിയ മറ്റു ബാറ്റര്‍മാര്‍. ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലർ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.