മുംബൈ ട്വന്‍റി20യില്‍ അഭിഷേക് ശര്‍മയുടെ സെഞ്ചറിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 150 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പതിനൊന്നാം ഓവറില്‍ 97 റണ്‍സിന് പുറത്തായി. രാജ്യാന്തര ട്വന്‍റി20യില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ കുറിച്ച അഭിഷേക് ശര്‍മ 54 പന്തില്‍ 135 റണ്‍സെടുത്താണ് പുറത്തായത്. 37 പന്തിലാണ് സെഞ്ചറി തികച്ചത്.
ഒരിന്നിങ്സില്‍ ഏറ്റവുമധികം സിക്സ് നേടിയതിന്‍റെ റെക്കോഡും അഭിഷേക് സ്വന്തം പേരിലാക്കി. 13 സിക്സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു അഭിഷേക് ശര്‍മയുടെ ഇന്നിങ്സ്. ആദ്യ പന്തില്‍ സിക്സ് അടിച്ച് തുടങ്ങിയ സഞ്ജു സാംസണ്‍ 16 റണ്‍സെടുത്ത് രണ്ടാം ഓവറില്‍ പുറത്തായി. ഇംഗ്ലണ്ടിനായി ഫില്‍ സാള്‍ട്ട് അന്‍പത്തഞ്ചും ജേക്കബ് ബെതെല്‍ പത്തും റണ്‍സെടുത്തു. ഇവര്‍ രണ്ടുപേരും മാത്രമാണ് രണ്ടക്കം കടന്നത്. ജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി.