അഡ്‍ലെയ്‍ഡ് ടെസ്റ്റില്‍ ഗ്രൗണ്ടില്‍ വഴക്കിട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ട്രാവിസ് ഹെഡിനും എതിരെ ഐസിസി നടപടിക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ ബാറ്റിങില്‍ നയിച്ച ട്രാവിസ് ഹെഡ് സിറാജിന്‍റെ പന്തില്‍ ക്ലിന്‍ ബൗള്‍ഡായതോടെയാണ് ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങള്‍ തുടങ്ങിയത്.
സെഞ്ചറി നേടിയ ഹെഡിന്‍റെ വിക്കറ്റ് സിറാജ് നന്നായി ആഘോഷിച്ചു. ആംഗ്യം കൊണ്ടുള്ള സിറാജിന്‍റെ ആഘോഷത്തിന് വാക്കുകൊണ്ടായിരുന്നു ഹെഡിന്‍റെ മറുപടി.
'നന്നായി പന്തെറിഞ്ഞു' എന്നാണ് സിറാജിനോട് പറഞ്ഞത് എന്നാണ് ട്രാവിസ് ഹെഡിന്‍റെ വാദം. എന്നാല്‍ ഇത് കളവാണെന്ന് സിറാജും പറയുന്നു. ’നന്നായി പന്തെറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതു നുണയാണ്. എന്റെ ആഘോഷത്തിനു പിന്നാലെയാണ് ട്രാവിസ് ഹെഡ് എന്നെ അപമാനിച്ചത്. നിങ്ങൾക്ക് അത് ടിവിയിൽ കാണാൻ സാധിക്കും. ട്രാവിസ് ഹെഡ് ചെയ്ത കാര്യങ്ങൾ തെറ്റാണ്’ എന്ന് സിറാജ് മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ മൈതാനത്തെ വഴക്ക് ഐസിസിയുടെ മുന്നിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ദിനപത്രമായ ദി ഡെയിലി ടെലഗ്രാഫിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സിറാജും ഹെഡും ഗ്രൗണ്ടിലെ വഴക്കിന്‍റെ പേരില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ്. പിഴയിലൊതുങ്ങുന്നു ശിക്ഷയാണ് പൊതുവെ നല്‍കാറുള്ളത്. അതിനാല്‍ താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍ ഉണ്ടാകില്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കാനാകുമെന്നുമാണ് റിപ്പോര്‍ട്ട്.
ഹെഡുമായുള്ള സംസാരം കൂടാതെ ഓസീസ് താരം മർനസ് ലബുഷാഗ്നെയ്ക്കെതിരായ സിറാജിന്‍റെ പെരുമാറ്റവും വിമര്‍ശിക്കപ്പെട്ടിരുന്നു. സിറാജ് റൺ അപ്പ് പൂർത്തിയാക്കി ക്രീസിലേക്ക് എത്തിയപ്പോൾ ലബുഷാഗ്‌നെ ക്രീസിൽ നിന്ന് പിന്മാറിയിരുന്നു. സൗത്ത്സ്ക്രീനില്‍ നിഴലടിച്ചതാണ് ലബുഷാഗ്‌നെ പന്ത് ഒഴിവാക്കാന്‍ കാരണം. എന്നാല്‍ സിറാജ് പന്ത് മർനസ് ലബുഷാഗ്നെയ്‌ക്ക് നേരെ എറിഞ്ഞിരുന്നു.
അതേസമയം വിവാദമായ സിറാജിന്‍റെ ആഘോഷം ഓസീസ് കാണികള്‍ക്കും രസിച്ചില്ല. സിറാജ് ബൗണ്ടറിക്ക് സമീപം ഫീൽഡ് ചെയ്യുമ്പോഴും ബൗളിങ് സമയത്തും കാണികള്‍ അതൃപതി പ്രകടമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ സിറാജ് ബാറ്റിങിനെത്തിയപ്പോള്‍ ട്രാവിസ് ഹെഡുമായി സംസാരിക്കുന്നുണ്ട്. നന്നായി പന്തെറിഞ്ഞു എന്നാണ് പറഞ്ഞതെന്ന് ട്രാവിസ് ഹെഡ് ആവര്‍ത്തിക്കുന്നു. നന്നായി ബാറ്റ് ചെയ്തെന്നായിരുന്നു എന്‍റെ മറുപടി എന്നാണ് സിറാജ് പറയുന്നത്.
ട്രാവിഡ് ഹെഡിന്‍റെ 140 റണ്‍സ് സെഞ്ചറി പ്രകടനമാണ് ഓസീസിന് ഒന്നാം ഇന്നിങ്സില്‍ മാന്യമായ ലീഡ് സമ്മാനിച്ചത്. സിറാജ് 98 റണ്‍സ് വളങ്ങി 4 വിക്കറ്റെടത്തിരുന്നു.