ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി 20 മത്സരത്തില്‍ ബാറ്റിങ് നിര നിരാശപ്പെടുത്തിയപ്പോള്‍ ബൗളിങില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയ്ക്കായി. ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം ഇന്ത്യയ്ക്ക് ഒരുവേള വിജയ പ്രതീക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ തെറ്റായ തീരുമാനങ്ങളാണ് ടീമിനെ തോല്‍വിയിലേക്ക് കൊണ്ടുചെന്നെത്തിച്ചത് എന്ന് വിലയിരുത്തുകയാണ് പാക്കിസ്ഥാന്‍ ബാറ്റ്സ്മാമാനായിരുന്ന ബാസിത് അലി.
ഇന്ത്യന്‍ ഓപ്പണിങ് നിര തകര്‍ന്ന മത്സരത്തില്‍ മധ്യനിരയാണ് ചെറുത്ത് നില്‍പ്പ് നടത്തിയത്. സഞ്ജു ഡക്കിനും അഭിഷേക് ശര്‍മ നാല് റണ്‍സും സൂര്യ കുമാര്‍ യാദവ് മൂന്ന് റണ്‍സുമായി പുറത്തായപ്പോള്‍ തിലക് വര്‍മ (20), അക്സര്‍ പട്ടേല്‍ (27), ഹര്‍ദിക് പാണ്ഡ്യ (39) എന്നിവരുടെ പ്രകടനമായിരുന്നു 124 റണ്‍സിലേക്ക് എത്തിച്ചത്.
Also Read: 'അവിടെ നിന്ന് ആസ്വദിക്കൂ'; അര്‍ഷ്ദീപിനോട് ഹര്‍ദിക്; പിന്നെ വന്ന 10ല്‍ ഏഴും ഡോട്ട് ബോള്‍
മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയെ 86-7 എന്ന നിലയിലേക്ക് പൂട്ടാന്‍ ഇന്ത്യയ്ക്കായിരുന്നു. 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനമാണ് ഇതിന് സഹായിച്ചത്. എന്നാല്‍ ഈ അവസ്ഥയില്‍ നിന്നും ഇന്ത്യയെ തോല്‍വിയിലേക്ക് എത്തിച്ചത് ക്യാപ്റ്റന്‍സിയിലെ പിഴവാണെന്നാണ് വിലയിരുത്തല്‍.
അക്സര്‍ പട്ടേല്‍ എറിഞ്ഞ ഏക ഓവറില്‍ രണ്ട് റണ്‍സാണ് വഴങ്ങിയത്. അക്സറിന് മൂന്ന് ഓവറോളം ബാക്കിയുണ്ടായരുന്നിട്ടും പേസര്‍മാരെയാണ് സൂര്യകുമാര്‍ യാദവ് നിയോഗിച്ചത്. ഇതാണ് സൂര്യകുമാറിന്‍റെ പിഴവെന്ന് ബാസിത് ചൂണ്ടിക്കാട്ടുന്നു.
Also Read: 86-7ലേക്ക് വീണിട്ടും ജയം തൊട്ട് ദക്ഷിണാഫ്രിക്ക; വരുണിന് അഞ്ച് വിക്കറ്റ്
"അക്സർ പട്ടേല്‍ എറിഞ്ഞ ഒരു ഓവറില്‍ വെറും രണ്ട് റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. സൂര്യകുമാർ യാദവ് അക്സറിനെ പിന്നീട് പന്തെറിയാന്‍ ആവശ്യപ്പെട്ടില്ല. സൂര്യ പാണ്ഡ്യയെ തിരികെ കൊണ്ടുവന്നപ്പോൾ അദ്ദേഹം മൂന്ന് വൈഡ് ബോളുകൾ എറിഞ്ഞു. അവസാന ഓവറുകളില്‍ ആവേശ് ഖാനെ രണ്ട് ബൗണ്ടറിയാണ് പറത്തിയത്' എന്നും ബാസിത് യൂട്യൂബ് ചാനലിലെ വിഡിയോയില്‍ വിശദീകരിച്ചു.
സ്പിന്നര്‍ക്കെതിരെ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സൂര്യകുമാറിന് അറിയില്ലായിരുന്നു. ഇന്ത്യ മത്സരം തോൽക്കില്ലെന്നായിരുന്നു കരുതിയത്. സൂര്യകുമാർ യാദവിന്‍റെ മോശം ക്യാപ്റ്റൻസിയാണ് തോല്‍വിക്ക് കാരണമെന്നും ബാസിത് പറയുന്നു.
86-7 എന്ന നിലയില്‍ നിന്നും ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കോറ്റ്‌സിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ദക്ഷിണഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്. മാന്‍ ഓഫ് ദി മാച്ചായ ട്രിസ്റ്റൻ സ്റ്റബ്സ് 41 പന്തില്‍ 47 റണ്‍സ് നേടി. കോറ്റ്സി ഒന്‍പത് പന്തില്‍ നിന്നാണ് 19 റണ്‍സ് നേടിയത്.