ന്യൂസീലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര 3-0ന് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആര്‍.അശ്വിന്‍. തോല്‍വി എല്ലാവരേയും വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡ്രസ്സിങ് റൂമിലെ കളിക്കാര്‍ അനുഭവിക്കുന്നത്ര വേദന തോല്‍വിയില്‍ മറ്റാര്‍ക്കും ഉണ്ടാകില്ലെന്ന് അശ്വിന്‍ പറയുന്നു.
ആളുകള്‍ പ്രതികരിക്കുന്ന വിധം പ്രയാസപ്പെടുത്തുന്നതാണ്. എങ്ങനെയാണ് അവര്‍ പ്രതികരിച്ചത്? എല്ലാവരും ക്ഷമ ചോദിക്കേണ്ടതുണ്ട്. ഇത് സ്പോര്‍ട്സ് ആണ്. എനിക്ക് ഒരുകാര്യമേ പറയാനുള്ളു, എല്ലാവരേയും ആ തോല്‍വി വേദനിപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെയെല്ലാം വേദനിപ്പിച്ചു. എന്നാല്‍ എനിക്ക് ഉറപ്പിച്ച് പറയാനാവും ഡ്രസ്സിങ് റൂമില്‍ കളിക്കാര്‍ അനുഭവിച്ചത്ര വേദന നിങ്ങള്‍ക്കുണ്ടാവില്ല. ഞങ്ങള്‍ക്ക് ആ തോല്‍വിയില്‍ വേദന ഉണ്ടായില്ലേ എന്ന സംശയിക്കുന്നത് കുറ്റകരമാണ്. കാരണം കളിക്കാരുടെ കരിയര്‍ അവര്‍ ഫീല്‍ഡില്‍ എങ്ങനെ കളിക്കുന്നു എന്ന് ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിനാല്‍ വ്യക്തിഹത്യ ആര്‍ക്കെതിരേയും ഉണ്ടാവരുത് എന്ന്, അശ്വിന്‍ തന്റെ യുട്യൂബ് ചാനലില്‍ പറയുന്നു.
ന്യൂസീലന്‍ഡിന് എതിരായ പരമ്പരയില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് 9 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ആറ് ഇന്നിങ്സില്‍ നിന്ന് സ്കോര്‍ ചെയ്തത് 51 റണ്‍സും. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയാണ് ഇനി ഇന്ത്യയുടെ മുന്‍പിലുള്ളത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്തണം എങ്കില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയം ഇന്ത്യക്ക് നിര്‍ണായകമാണ്.