ഡൊമസ്റ്റിക് ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് സര്‍ഫറാസ് ഖാന്റെ വരവ് വൈകിച്ചതിന് പിന്നില്‍ താരത്തിന്റെ ഫിറ്റ്നസിനെ ചൂണ്ടിയുള്ള ആശങ്കകളുമുണ്ടായിരുന്നു. എന്നാല്‍ അത്തരം ആശങ്കകളും വിമര്‍ശനങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ബംഗളൂരു ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ 150 റണ്‍സ് കണ്ടെത്തിയത്. ഇപ്പോള്‍ സര്‍ഫറാസിന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.
ഇന്ത്യന്‍ ടീമിന്റെ സ്ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ് കോച്ചിനൊപ്പം നിന്ന് സര്‍ഫറാസ് തന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഡയറ്റ് ക്രമീകരിക്കുന്നതിനായി ഒരു ഷെഫിനേയും സര്‍ഫറാസിന് ഋഷഭ് പന്ത് നല്‍കിയിട്ടുണ്ട്. ഈ ഷെഫാണ് സര്‍ഫറാസിന്റെ ഭക്ഷണകാര്യങ്ങള്‍ നോക്കുന്നത്. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയുടെ സമയമാവുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാവണം സര്‍ഫറാസിന്റെ ഫിറ്റ്നസ് എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന്, സൂര്യകുമാര്‍ യാദവ് പറയുന്നു.
ക്രിക്കറ്റില്‍ ഫിറ്റ്നസ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രായം കൂടുംതോറും ശരീരത്തില്‍ മാറ്റങ്ങളുണ്ടാവും. സര്‍ഫറാസ് ഇപ്പോള്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഭാവിയില്‍ സര്‍ഫറാസിന് കാര്യങ്ങള്‍ സുഖമമാവും, സൂര്യകുമാര്‍ യാദവ് പറയുന്നു.
ഫിറ്റ്നസിന്റെ പേരില്‍ എല്ലായ്പ്പോഴും പഴി കേട്ടിരുന്ന സര്‍ഫറാസ് ഖാനും ഋഷഭ് പന്തും ചേര്‍ന്നാണ് ബെംഗളൂരുവില്‍ 177 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി ഇന്ത്യയെ ന്യൂസിലന്‍ഡിന് എതിരെ തിരിച്ചടിക്കാന്‍ പ്രാപ്തമാക്കിയത്. 211 പന്തുകളാണ് ഇരുവരും ചേര്‍ന്ന് നേരിട്ടത്. വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ മുന്‍പോട്ട് വയ്ക്കുന്ന നിലയിലെ ഫിറ്റ്നസ് ഇല്ലെങ്കിലും ആറ് മണിക്കൂര്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ മാനസികമായി പ്രാപ്തനാണ് പന്ത് എന്നതും ഓര്‍മിക്കണം. ഒരു ദിവസം മുഴുവന്‍ ഒരു ബാറ്റര്‍ക്ക് ബാറ്റ് ചെയ്യാനായാല്‍, അതല്ലെങ്കില്‍ 20 ഓവര്‍ ഒരു ബോളര്‍ക്ക് ഒരു ദിവസം എറിയാനായാല്‍, അയാള്‍ക്ക് വണ്ണം കുറവാണോ കൂടുതലാണോ എന്ന് നോക്കേണ്ടതില്ല എന്ന വാദമാണ് ശക്തമാവുന്നത്.