തകര്‍പ്പന്‍ ബാറ്റിങ്ങുമായി ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയ ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20 ക്രിക്കറ്റില്‍ 86 റണ്‍സിന്റ ഉജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത് 221റണ്‍സിന്റെ കൂറ്റന്‍ സ്കോറുമായി ഇന്ത്യ ബംഗ്ലാദേശിനെ 135 റണ്‍സില്‍ എറിഞ്ഞൊതുക്കി. ഒരു മത്സരം ബാക്കിനില്‍ക്കെ പരമ്പരയും ഇന്ത്യക്ക് സ്വന്തമായി. യുവതാരം നിതീഷ്കുമാര്‍ റെഡ്ഡിയും റിങ്കുസിങ്ങും ബാറ്റിങ്ങില്‍ കത്തിക്കയറിയപ്പോള്‍ ബോളിങ്ങില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത് ഇന്ത്യന്‍ താരങ്ങള്‍ ഒറ്റക്കെട്ടായി. ഇന്ത്യക്കായി പന്തെറിഞ്ഞ ഏഴുപേരും വിക്കറ്റ് നേടി.ഒരു രാജ്യാന്തര ട്വന്റി20യില്‍ ഇതാദ്യം.
അതേസമയം ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീം 82 റണ്‍സിന്റെ വിജയം നേടി. ഓപ്പണര്‍മാര്‍ തന്നെ നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചതാണ് കളി ഇന്ത്യയുടെ കയ്യിലടക്കാന്‍ സഹായിച്ചത്. സ്മൃതിമന്ദാനയും ഷെഫാലി വര്‍മയും ഒന്നിച്ച് പോരാടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ ലങ്കയുടെ പോരാട്ടം 90 റണ്‍സില്‍ അവസാനിച്ചു.മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയുമാണ് ലങ്കന്‍ ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടിയത്.
ട്വന്റി20 ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. അവസാന ഓവറുകളില്‍ കൂറ്റന്‍ അടികളിലൂടെ സ്കോറിങ് ഉയര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 13ന് നടക്കുന്ന അവസാന മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല് ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ഇനി തോറ്റാല്‍ പാക്കിസ്ഥാന്‍, ന്യൂസിലാന്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടിയും വരും. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ലങ്ക ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.