ഓള്‍ റൗണ്ടറെന്ന പേര് ഒരിക്കല്‍ കൂടി അന്വര്‍ഥമാക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. അമ്പരപ്പിക്കുന്ന മികവോടെ 25 മീറ്റര്‍ ഓടിയെത്തി ക്യാച്ചെടുത്ത ഹര്‍ദികിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യല്‍ ലോകം. ഹാര്‍ദികിന്‍റെ 'അത്ലറ്റിക് ബ്രില്യന്‍സി'നെ വാഴ്ത്തി ബിസിസിഐയും വിഡിയോ പങ്കിട്ടു. 'ക്യാച്ച് ഓഫ് ദ് സീരിസ്' എന്നായിരുന്നു ഹര്‍ദികിന്‍റെ ഉജ്വല ക്യാച്ചിന് പിന്നാലെ കമന്‍ററി ഉയര്‍ന്നത്.
ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്‍റി20യിലാണ് കയ്യടിയേറ്റുവാങ്ങിയ പ്രകടനം താരം പുറത്തെടുത്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറിലാണ് ബംഗ്ലതാരം റിഷാദ് ഹുസൈനെ പുറത്താക്കുന്നതിനായി ഡീപ് മിഡ് വിക്കറ്റില്‍ നിന്ന് 25 മീറ്റര്‍ ഓടിയെത്തി ഹാര്‍ദിക് പന്ത് കൈയിലൊതുക്കിയത്. ഒന്‍പത് റണ്‍സെടുത്ത് നിന്ന റിഷാദിന്‍റെ ബൗണ്ടറി മോഹമാണ് പൊലിഞ്ഞത്. അസാമാന്യ വേഗതയില്‍ ബൗണ്ടറിക്കരികെയെത്തിയ താരം മികച്ച ഡൈവിലൂടെയാണ് പന്ത് പിടിച്ചെടുത്തത്.
ഓടിയെത്തി ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കുമ്പോഴും ബൗണ്ടറി ലൈനില്‍ സ്പര്‍ശിക്കാതെയുള്ള ഹാര്‍ദികിന്‍റെ ചലനവും ആരാധകര്‍ വാഴ്ത്തുന്നു. ഹാര്‍ദികിന്‍റെ സന്തോഷമത്രയും മുഖത്തും പ്രകടമായിരുന്നു. ഫീല്‍ഡിങിന് പുറമെ ബാറ്റിങിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 19 പന്തില്‍ നിന്നും 32 റണ്‍സായിരുന്നു രണ്ടാം ട്വന്‍റി20യില്‍ ഹാര്‍ദിക് നേടിയത്.
ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്‍റി20യില്‍ 86 റണ്‍സിന്‍റെ ഉജ്വല വിജയമാണ് ഇന്ത്യ നേടിയത്. പരമ്പരയും സ്വന്തമാക്കി. തകര്‍പ്പന്‍ ബാറ്റിങും പിശുക്കന്‍ ബോളിങുമായാണ് ഇന്ത്യ വിജയം വരുതിയിലാക്കിയത്. കരിയറിലെ രണ്ടാം രാജ്യാന്തര മല്‍സരം മാത്രം കളിച്ച നിതീഷ് കുമാറും (34 പന്തില്‍ 74 റണ്‍സ്) റിങ്കു സിങ്ങും (29 പന്തില്‍ 53 റണ്‍സ്) ആണ് 41 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ബാറ്റിങിലും ബോളിങിലും തിളങ്ങിയ നിതീഷാണ് മാന്‍ ഓഫ്ദ് മാച്ചും. ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ ബംഗ്ലദേശ് 20 ഓവറില്‍ 9 ന് 135 റണ്‍സിലൊതുങ്ങി.