കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനവും ഒരു പന്ത് പോലും എറിയാനാവാതെ അവസാനിച്ചതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മേലും കരിനിഴല്‍ വീഴുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനവും മഴയെ തുടര്‍ന്ന് പൂര്‍ണമായും നഷ്ടമായിരുന്നു. മഴ വിട്ടുനിന്നെങ്കിലും ഔട്ട്ഫീല്‍ഡിലെ നനവിനെ തുടര്‍ന്നാണ് മൂന്നാം ദിനം കളി ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കും എതിരായ മത്സര ഫലങ്ങള്‍ നിര്‍ണായകമാവും.
നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് രോഹിത് ശര്‍മ. 10 മത്സരങ്ങളില്‍ നിന്ന് 71.67 പോയിന്റ് ശതമാനമാണ് ഇന്ത്യക്കുള്ളത്. കാണ്‍പൂര്‍ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞാല്‍ പിന്നെ വരുന്ന എട്ട് ടെസ്റ്റുകളില്‍ അഞ്ചിലും രോഹിത്തിനും കൂട്ടര്‍ക്കും വിജയിക്കണം.
ബംഗ്ലാദേശിന് എതിരായ പരമ്പര കഴിഞ്ഞാല്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതിന് ശേഷം ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ 62.50 പോയിന്റ് ശതമാനത്തോടെ രണ്ടാമതാണ് ഓസ്ട്രേലിയ. ശ്രീലങ്കയാണ് മൂന്നാമത്. 42.86 പോയിന്റ് ശതമാനത്തോടെ ന്യൂസിലന്‍ഡ് നാലാമതും.
കാണ്‍പൂര്‍ ടെസ്റ്റില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പിന്നെ വരുന്ന 8 ടെസ്റ്റില്‍ മൂന്നെണ്ണത്തില്‍ ജയം നേടിയാല്‍ മതിയായിരുന്നു ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍. കാണ്‍പൂര്‍ ടെസ്റ്റ് സമനിലയിലായാല്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യക്ക് 3-0ന് ജയിക്കണം. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ അഞ്ച് ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലെങ്കിലും ജയം നേടുകയും വേണം.