ദുലീപ് ട്രോഫിയില്‍ ഇഷാന്‍ കിഷന് പരുക്കേറ്റതോടെ ഇന്ത്യ ഡി ടീമിലേക്ക് വിളിയെത്തിയെങ്കിലും ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും തിളങ്ങാനാവാതെ സഞ്ജു സാംസണ്‍. ശ്രീലങ്കക്കെതിരായ രണ്ട് ട്വന്റി20യിലും ഡക്കായി മടങ്ങിയ സഞ്ജു ദുലീപ് ട്രോഫിയിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് കൂടുതല്‍ ദുഷ്കരമാകുമെന്ന് ഉറപ്പ്.
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് എതിരെ ഇന്ത്യ എ ഓപ്പണര്‍മാര്‍ രണ്ടാം ഇന്നിങ്സില്‍ നല്ല നിലയില്‍ ബാറ്റ് ചെയ്യുമ്പോള്‍ പുറത്താക്കാന്‍ ലഭിച്ച അവസരമാണ് സഞ്ജുവിന് മുതലാക്കാനാവാതെ പോയത്. പ്രതാം സിങ്ങും മായങ്ക് അഗര്‍വാളുമായിരുന്നു ഇന്ത്യ എയുടെ ലീഡ് ഉയര്‍ത്തി കളിച്ചത്. പ്രതാം സിങ്ങിനെ സ്റ്റംപ് ചെയ്ത് മടക്കാനുള്ള അവസരമാണ് സഞ്ജു നഷ്ടപ്പെടുത്തിയത്.
ക്രീസില്‍ നിന്ന് ഇറങ്ങി പ്രതാം സിങ് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ ലെഗ് സൈഡിലേക്ക് എത്തിയ പന്തില്‍ കണക്ട് ചെയ്യാനായില്ല. പന്ത് സഞ്ജുവിന്റെ കൈകളിലേക്ക് എത്തിയെങ്കിലും വേഗത്തില്‍ സ്റ്റംപ് ചെയ്യാന്‍ സഞ്ജുവിന് സാധിച്ചില്ല. പന്ത് കൈക്കലാക്കിയതിന് ശേഷം സഞ്ജു കാല്‍മുട്ട് കുത്തി. ഈ സമയം കൊണ്ട് ബാറ്റര്‍ ക്രീസിലേക്ക് തിരികെ കയറി. ഇതോടെ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് നിലവാരത്തെ ചൂണ്ടി ചോദ്യങ്ങള്‍ ശക്തമായി.
ബാറ്റിങ്ങിലാവട്ടെ ആറ് പന്ത് നേരിട്ട സഞ്ജു അഞ്ച് റണ്‍സ് മാത്രം എടുത്ത് മടങ്ങി. ഒരു ബൗണ്ടറി നേടിയിരുന്നു. മോശം ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് കളഞ്ഞത്. ബംഗ്ലാദേശിന് എതിരായ ട്വന്റി20 പരമ്പരയില്‍ ഋഷഭ് പന്തിന് വിശ്രമം നല്‍കിയാലും സഞ്ജുവിന് ടീമിലേക്ക് എത്താനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.