പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് പരമ്പര ജയം. അതും 2-0ന്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നേടിയ ചരിത്ര ജയത്തിന്റെ ആഘോഷത്തിലാണ് ബംഗ്ലാദേശ്. മറുവശത്താകട്ടെ പാക് ടീമിനെതിരെ ആരാധകരുടേയും മുന്‍ താരങ്ങളുടേയും ഭാഗത്ത് നിന്ന് ഉയരുന്നത് രൂക്ഷ വിമര്‍ശനങ്ങള്‍. നിങ്ങള്‍ക്ക് പ്രാപ്തിയില്ല എന്നാണ് പാക് ടീമിനെ കുറ്റപ്പെടുത്തി മുന്‍ താരം അഹ്മദ് ഷെഹ്സാദ് പറയുന്നത്.
നിങ്ങള്‍ക്കറിയില്ല ഇത് എങ്ങനെ ചെയ്യണം എന്ന്. നിങ്ങളെ കൊണ്ട് ഇതിനൊന്നും പറ്റില്ല. വേറെന്താണ് ഞാന്‍ പറയേണ്ടത്? പാക് മുന്‍ താരം അഹ്മദ് ഷെഹ്സാദ് എക്സില്‍ കുറിച്ചു. അവരുടെ രാജ്യത്തെ രാഷ്ട്രിയ സാഹചര്യം മോശമാണ്. അവര്‍ നമ്മുടെ രാജ്യത്ത് വന്ന് പരിശീലനം നടത്തി. എന്തൊരു ബ്രില്ല്യന്റ് ക്രിക്കറ്റാണ് അവര്‍ കളിച്ചത്. എന്ത് ഭംഗിയായാണ് അവര്‍ ആധിപത്യം പുലര്‍ത്തിയത്. അവര്‍ ബാറ്റ് ചെയ്ത വിധം, ബോള്‍ ചെയ്ത വിധം. എന്താണ് അച്ചടക്കം എന്ന് അവരുടെ ബോളര്‍മാര്‍ നമ്മളെ പഠിപ്പിക്കുകയാണ്, ഐ ലവ് യു, ബംഗ്ലാദേശ് ടീമിനോടായി ഷെഹ്സാദ് പറഞ്ഞു.
ഒന്നാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയില്‍ വീണിടത്ത് നിന്നാണ് തിരികെ കയറി പാക്കിസ്ഥാനെ ബംഗ്ലാദേശ് മലര്‍ത്തിയടിച്ചത്. ഒന്നാം ഇന്നിങ്സില്‍ ലിറ്റന്‍ ദാസിന്റേയും മെഹ്ദി ഹസന്റേയും കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ 262 എന്ന ടോട്ടലിലേക്ക് എത്തിച്ചത്.
രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് പേസര്‍മാരായ ഹസന്‍ മഹ്മുദും നഹിദ് റാണയും ചേര്‍ന്ന് പാക്കിസ്ഥാന്റെ 9 വിക്കറ്റുകളാണ് വീതിച്ചെടുത്തത്. 172 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയതോടെ ബംഗ്ലാദേശിന്റെ മുന്‍പിലേക്ക് 185 റണ്‍സിന്റെ വിജയ ലക്ഷ്യം. അഞ്ചാം ദിനം വിജയ ലക്ഷ്യം മറികടന്ന് രാഷ്ട്രിയ അരക്ഷിതാവസ്ഥയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാന്‍ ബംഗ്ലാദേശിനായി.