rohit-jaitley

TOPICS COVERED

ബിസിസിഐ  പ്രസിഡന്റ് ജയ് ഷാ ഐസിസി അധ്യക്ഷനായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ അടുത്ത സെക്രട്ടറി പദത്തിലേക്ക് ആരെത്തുമെന്ന ചോദ്യം ഉയരുകയാണ്. അമിത് ഷായുടെ മകനു പകരം അരുണ്‍ ജയ്റ്റ്ലിയുടെ മകന്‍ വന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.  മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അന്തരിച്ച അരുൺ ജയ്‌റ്റ്‍ലിയുടെ മകനാണ്  രോഹൻ ജയ്‌റ്റ്‍ലി. ജയ് ഷാ സ്ഥാനമൊഴിയുന്ന പക്ഷം രോഹൻ ജയ്‌റ്റ്‌ലിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നേതൃതലത്തിൽ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

മുൻ ബിസിസിഐ പ്രസിഡന്റും ഐസിസി ചെയർമാനുമായിരുന്ന ജഗ്‌മോഹൻ ഡാൽമിയയുടെ മകൻ അവിഷേക് ഡാൽമിയയുടെ പേരും സജീവമായി തന്നെ  ഈ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.   മുൻപ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു അവിഷേക്. എങ്കിലും രോഹന്‍ ജയ്റ്റ്ലിക്കാണ് കൂടുതല്‍ സാധ്യത പറഞ്ഞുകേള്‍ക്കുന്നത്. 

 ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ  പ്രസിഡന്റാണ്, ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് പേരു പറഞ്ഞുകേൾക്കുന്ന രോഹൻ ജയ്‌റ്റ്‍ലി. അഭിഭാഷകനായിരുന്ന പിതാവിന്റെ പാത പിന്തുടർന്ന് അഭിഭാഷകനായി ജോലി ചെയ്തിരുന്ന രോഹനെ, ഈ വർഷം ആദ്യം ഡൽഹി ഹൈക്കോടതിയിലെ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കൗണ്‍സലായി നിയമിച്ചിരുന്നു.

നാലു വർഷം മുൻപാണ് രോഹൻ ക്രിക്കറ്റ് ഭരണ സമിതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർന്ന് ഡിഡിസിഎ പ്രസിഡന്റായി നിയമിതനായി. 14 വർഷത്തോളം അരുൺ ജയിറ്റ്‍ലി കയ്യാളിയിരുന്ന സ്ഥാനമാണിത്. തുടർന്ന് ഈ വർഷം ആദ്യം ഇതേ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഇദ്ദേഹം പ്രസിഡന്റായിരിക്കെയാണ് പിതാവിന്റെ നാമത്തിലുള്ള ഡൽഹി അരുൺ ജയ്‌റ്റ്‍ലി സ്റ്റേഡിയത്തിൽ ഏകദിന ലോകകപ്പിന്റെ ഭാഗമായി അഞ്ച് മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചത്. ഈ വർഷം ഡൽഹി പ്രിമിയർ ലീഗ് ശക്തമായി സംഘടിപ്പിച്ചതും രോഹൻ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിൽത്തന്നെ. മുൻപ് ബിസിസിഐ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ചരിത്രവും രോഹനുണ്ട്

 അതേസമയം ജയ് ഷാ മാറിയാലും നിലവിലെ ബാക്കിയുള്ള ഭാരവാഹികള്‍ സ്ഥാനങ്ങളില്‍ തുടര്‍ന്നേക്കും. കാലാവധി കഴിയാന്‍ ഇനി ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്.  ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ.ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവർക്കു ശേഷം ഐസിസി ചെയർമാൻ സ്ഥാനത്തെത്തുന്ന ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് ജയ് ഷാ. ഈ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ ആളെന്ന റെക്കോർഡും മുപ്പത്തിയഞ്ചുകാരനായ ജയ് ഷായുടെ പേരിലാകും.

Arun Jaitley’s son Rohan Jaitley may become bcci secretary after Jai Shah:

Arun Jaitley’s son Rohan Jaitley may become bcci secretary after Jai Shah, Report says. Former BCCI President and ICC Chairman Jagmohan Dalmiya's son Avishek Dalmiya is also being actively mooted for the post.