ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ബോളിങ് പരീക്ഷിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന് ആറ് പന്തില്‍ നിന്ന് ജയിക്കാന്‍ ഒരു റണ്‍സ് വേണ്ട സമയത്താണ് പന്ത് എല്ലാവരേയും ഞെട്ടിച്ച് ബോളറായി എത്തിയത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് വിജയ റണ്‍ കണ്ടെത്തി.
രാജ്യാന്തര ക്രിക്കറ്റില്‍ ഇതുവരെ ബോളറുടെ റോളില്‍ പന്ത് എത്തിയിട്ടില്ല. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ തന്റെ ബോളിങ് പരീക്ഷിക്കാനുള്ള പന്തിന്റ നീക്കത്തിന് പിന്നില്‍ എന്താണെന്നാണ് ആരാധകരുടെ ചോദ്യം. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്തതിന്റെ എഫക്ട് എന്നും പന്തിന്റ ബോളിങ് ചൂണ്ടി ആരാധകരുടെ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.
ശ്രീലങ്കന്‍ പര്യടനത്തില്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവര്‍ പന്തെറിഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീര്‍ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പരയായിരുന്നു ശ്രീലങ്കക്കെതിരായത്. പാര്‍ട് ടൈം ബോളിങ് ഓപ്ഷനുകളിലേക്ക് ഗംഭീറിന് കീഴിലെ ഇന്ത്യ കൂടുതലായി ശ്രദ്ധ കൊടുക്കുന്നു എന്നതിന്റെ ഭാഗമായാണ് ഋഷഭ് പന്തും ഇപ്പോള്‍ ബോളിങ്ങിലേക്ക് ഇറങ്ങുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.