ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റെടുത്തതോടെ ആരൊക്കെയാകും കോച്ചിങ് സ്റ്റാഫാവുക എന്നതായിരുന്നു പ്രധാന ചോദ്യം. ഇന്ത്യ ടീമിനൊപ്പം ആദ്യ പര്യടനം ആരംഭിച്ച ഗംഭീറിനൊപ്പം ശ്രീലങ്കയിലുള്ളത് താൽക്കാലിക പരിശീലകരാണ്. ശ്രീലങ്കൻ പര്യടനത്തിന് ശേഷം കോച്ചിങ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീർ പറഞ്ഞത്. ശ്രീലങ്കയിലുള്ള സംഘത്തിൽ അഭിഷേക് നായരും റയാൻ ടെൻ ഡോഷേറ്റുമാണ് സഹപരിശീലകരായുള്ളത്. സായിരാജ് ബഹുതുലെയ്ക്കാണ് ബൗളിങിൻറെ ചുതമല.
കോച്ചിങ് ടീം ഔദ്യോഗികമാകുമ്പോൾ അഭിഷേക് നായരെയും ഡോഷേറ്റിനെയും ഗംഭീർ നിലനിർത്താനാണ് സാധ്യത. ദ്രാവിഡിനൊപ്പമുണ്ടായിരുന്ന ടി ദിലീപ് ഫീൽഡിങ് കോച്ചായും തുടർന്നേക്കാം. അതേസമയം, ഇന്ത്യൻ പേസർമാരെ മറികടന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമവുമായിരുന്ന മോണി മോർക്കൽ ഇന്ത്യയുടെ ബൗളിങ് കോച്ചാകുമെന്നാണ് പുതിയ റിപ്പോർട്ട്. അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പയിൽ മോർക്കൽ ടീമിനൊപ്പം ചേരും.
ഗംഭീറിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച താരമാണ് മോണി മോർക്കൽ. ഗംഭീർ ലഖ്നൗ സൂപ്പർ ജയ്ൻറസിൽ മെൻററായിരുന്ന കാലത്ത് ബൗളിങ് പരിശീലകനായിരുന്നു മോർക്കൽ. ബൗളിങ് പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഇന്ത്യൻ പേസമാരായ സഹീർ ഖാൻ, ബാലാജി, ആർ വിനയ് കുമാർ എന്നിവരെ മറികടക്കുന്നാണ് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം പരിശീലകനാകുന്നത്.
പരിശീലകനായുള്ള തുടക്കം ഗംഭീരമാക്കുകയാണ് ഗംഭീർ. മൂന്ന് മത്സരങ്ങളുള്ള ശ്രീലങ്കൻ പര്യടനത്തിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഉറപ്പിച്ചു. രണ്ടാം ടി20യിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.