ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, ഋതുരാജ് ഗയ്ക്വാദ്...ഇവരില്‍ ആരാകും ഇന്ത്യന്‍ ട്വന്റി20 ടീമില്‍ ഓപ്പണറുടെ റോളില്‍ പേരുറപ്പിക്കുക? സിംബാബ്വെക്കെതിരായ ട്വന്റി20 പരമ്പര കഴിഞ്ഞതോടെ ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വിക്കൊപ്പം ശുഭ്മാന്‍ ഗില്ലോ അഭിഷേക് ശര്‍മയോ എന്ന ചോദ്യം ശക്തമായി കഴിഞ്ഞു. യശസ്വി–ഗില്‍ ഓപ്പണിങ് സഖ്യം ട്വന്റി20യില്‍ വരും എന്ന വിലയിരുത്തലാണ് ശക്തം എങ്കിലും ഗൗതം ഗംഭീര്‍ മുഖ്യ പരിശീലക സ്ഥാനത്തേക്ക് വന്ന സാഹചര്യത്തില്‍ അഭിഷേക് ശര്‍മയ്ക്ക് ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമോ എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കുന്നത്. ലങ്കന്‍ പര്യടനത്തിനുള്ള ടീം സെലക്ഷന്‍ ചര്‍ച്ചകള്‍ക്കായി മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉടനെ സെലക്ഷന്‍ കമ്മറ്റി തലവന്‍ അജിത് അഗാര്‍ക്കറിനെ കാണും.
സിംബാബ്വെക്കെതിരായ പരമ്പരയില്‍ ഗില്ലും ജയ്സ്വാളും അഭിഷേകും തിളങ്ങി കഴിഞ്ഞു. ഗില്‍ തുടരെ രണ്ട് അര്‍ധ ശതകം തൊട്ടപ്പോള്‍ 47 പന്തില്‍ സെഞ്ചറി നേടിയാണ് അഭിഷേക് കരുത്ത് കാണിച്ചത്. 4ാം ട്വന്റി20യില്‍ 93 റണ്‍സ് ഇന്നിങ്സുമായാണ് യശസ്വി ഫോം വീണ്ടെടുത്തത്. സിംബാബ്വെക്കെതിരെ ഇന്ത്യയെ നയിക്കുന്ന ശുഭ്മാന്‍ ഗില്‍ നാല് കളിയില്‍ നിന്ന് 157 റണ്‍സ് ആണ് സ്കോര്‍ ചെയ്തത്. ഉയര്‍ന്ന സ്കോര്‍ 66 റണ്‍സ്. യശസ്വി സ്കോര്‍ ചെയ്തത് രണ്ട് കളിയില്‍ നിന്ന് 129 റണ്‍സ്.
പതിയെ റണ്‍സ് ഉയര്‍ത്തി കളിക്കുന്ന ഗില്ലിനെ വണ്‍ഡൗണായി കോലിയുടെ വിടവ് നികത്താന്‍ ടീം പരീക്ഷിക്കാനും സാധ്യതയുണ്ട്. മികച്ച സ്ട്രൈക്ക്റേറ്റില്‍ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനാവുന്ന യശസ്വിയിലേക്കും അഭിഷേകിലേക്കും ഇന്ത്യന്‍ ഓപ്പണിങ് സഖ്യമെത്തുമോ എന്നാണ് അറിയേണ്ടത്. ഋതുരാജ് ഗയ്ക്വാദിന്റെ പേരാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് പിന്നെ പരിഗണിക്കുന്നത്. സിംബാബ്വെക്കെതിരെ മിന്നി കളിച്ചെങ്കിലും ഗംഭീറിന് കീഴില്‍ ഋതുരാജിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.
ഓപ്പണര്‍ സ്ഥാനത്തിന് പുറമെ ട്വന്റി20യില്‍ വൈസ് ക്യാപ്റ്റന്‍ ആരാവും എന്ന ചോദ്യവും ഉയരുന്നുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്ക് എത്തുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്ത് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കറിന് മുന്‍പില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂര്യകുമാര്‍ യാദവിന്റെ പേര് നിര്‍ദേശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വാഷിങ്ടണ്‍ സുന്ദറിനെ ജഡേജയുടെ പകരക്കാരനായി ട്വന്റി20 ടീമില്‍ നിലനിര്‍ത്താനാവും ടീം മാനേജ്മെന്റ് ലക്ഷ്യം വെക്കുക. സിംബാബ്വെ പര്യടനത്തില്‍ ഓഫ് സ്പിന്നര്‍ തിളങ്ങിയിരുന്നു. ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപുമായിരിക്കും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക. ഋഷഭ് പന്തിന്റെ വര്‍ക്ക് ലോഡ് പരിഗണിച്ച് വിശ്രമം അനുവദിച്ചാല്‍ സഞ്ജു സാംസണിന്റെ പേരും ധ്രുവ് ജുറലിന്റെ പേരും സെലക്ടര്‍മാരുടെ മുന്‍പിലേക്ക് എത്തും.