ഗൗതം ഗംഭീർ ഇന്ത്യൻ ടീം പരിശീലകനായി ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ആരൊക്കെയായിരിക്കും ഗംഭീറിൻറെ പരിശീലക സംഘത്തിലുണ്ടാവുക എന്നതാണ് അടുത്തതായി ഉയരുന്ന ചോദ്യം. നിലവിലെ സപ്പോർട്ടിങ് സ്റ്റാഫിന് പകരമായി പുതിയ സംഘത്തെയാണ് ഗംഭീർ ആവശ്യപ്പെടുന്നതെന്നാണ് വിവരം. ദ്രാവിഡിൻറെ ടീം അംഗങ്ങളായിരുന്ന ബൗളിങ് കോച്ച് പരാസ് മാംബ്രെ, ഫിൽഡിങ് കോച്ച് ടി. ദിലിപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിവർ ഗംഭീറിൻറെ സംഘത്തിലുണ്ടാവില്ല.
മുംബൈ മലയാളിയായും മുൻ ഇന്ത്യൻ താരവുമായ അഭിഷേക് നായരെ സഹ പരിശീലകനായി നിയമിക്കാൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഗംഭീർ അഭിഷേക് നായരുമായി സംസാരിച്ചതായി ബംഗാളി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിൻറെ കീഴിൽ സഹ പരിശീലകനായിരുന്നു അഭിഷേക് നായർ. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള അഭിഷേക് നായർ നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അക്കാദമിയുടെ ഡയറക്ടറാണ്. ഇതോടൊപ്പം മുൻ ഇന്ത്യൻ പേസർ വിനയ് കുമാറിനെ ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനാക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓള്‍റൗണ്ടറായ അഭിഷേക് നായർ 2009 ലാണ് ഇന്ത്യയ്ക്കായി കളിച്ചത്. മൂന്ന് മൽസരങ്ങളിൽ കളിച്ച താരം 2018 മുതല്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ പരിശീലന സ്ഥാനത്തുണ്ട്. കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിനിഡാഡ് നൈറ്റ് റൈഡേഴ്സിൻറെ മുഖ്യപരിശീലകനുമാണ് അഭിഷേക്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, കിങ്സ് ഇലവൻ പഞ്ചാബ്, പുണെ വാരിയേഴ്സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ, പുതുച്ചേരി ടീമുകൾക്കും അഭിഷേക് നായർ കളിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി പ്രഖ്യാപിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായിരുന്ന ഗംഭീറിന് കീഴിൽ കഴിഞ്ഞ സീസണിൽ ടീം ഐപിഎൽ കിരീടം നേടിയിരുന്നു. ജൂലൈ 27ന് തുടങ്ങുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനമാണ് ഗംഭീറിന്റെ ആദ്യ ചുമതല.