england-pakistan-2

സ്കോട്ട്ലന്‍ഡിന് എതിരായ തങ്ങളുടെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയും രണ്ടാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോല്‍ക്കുകയും ചെയ്തതോടെ ഗ്രൂപ്പ് ഘട്ടം കടക്കാതെ നിലവിലെ ചാംപ്യന്മാര്‍ നാട്ടിലേക്ക് മടങ്ങുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. സൂപ്പര്‍ 8ലേക്ക് കടക്കാതെ പുറത്തായ ന്യൂസിലന്‍ഡിനെ പിന്തുടരുക ഏത് വമ്പനാണ് എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നതിന് ഇടയില്‍ ഇംഗ്ലണ്ടും പാക്കിസ്ഥാനും കണക്കുകളിലേക്കാണ് ഉറ്റുനോക്കുന്നത്. ഒമാന് എതിരായ ജയത്തോടെ ഇംഗ്ലണ്ട് നെറ്റ്റണ്‍റേറ്റ് ഉയര്‍ത്തി ജീവന്‍ നിലനിര്‍ത്തി. 

47 റണ്‍സിനാണ് ഒമാനെ ഇംഗ്ലണ്ട് ഓള്‍ഔട്ടാക്കിയത്. 19 പന്തില്‍ വിജയ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഇതോടെ ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് -1.80ല്‍ നിന്ന് -3.08ലേക്ക് വന്നു. ഗ്രൂപ്പ് ബിയില്‍ രണ്ടാമതുള്ള സ്കോട്ട്ലന്‍ഡിനേക്കാള്‍ ഉയര്‍ന്ന നെറ്റ്റണ്‍റേറ്റ് ആണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുള്ളത്. +2.164 ആണ് സ്കോട്ട്ലന്‍ഡിന്റെ റണ്‍റേറ്റ്. മൂന്ന് കളിയില്‍ നിന്ന് സ്കോട്ട്ലന്‍ഡ് രണ്ട് ജയം നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്ന് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമാണ് ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത്. 

ഓസ്ട്രേലിയക്കെതിരെയാണ് സ്കോട്ട്ലന്‍ഡിന്റെ അടുത്ത മത്സരം. നമീബിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. സ്കോട്ട്ലന്‍ഡിനെ ഓസ്ട്രേലിയ തോല്‍പ്പിക്കുകയും നമീബിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് നെറ്റ്റണ്‍റേറ്റില്‍ സ്കോട്ട്ലന്‍ഡിന് മുകളിലെത്തുകയും ചെയ്താല്‍ ഇംഗ്ലണ്ടിനെ സൂപ്പര്‍ എട്ടിലേക്ക് എത്താം. ഇംഗ്ലണ്ടിന്റെ നമീബിയക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചാല്‍ ഇംഗ്ലണ്ട് സൂപ്പര്‍ 8 കാണാതെ പുറത്താവും. 

ഗ്രൂപ്പ് എയില്‍ നിന്ന് പാക്കിസ്ഥാന്‍ പുറത്താകുമോ എന്നതാണ് മറ്റൊരു ചോദ്യം. ഗ്രൂപ്പ് എയല്‍ മൂന്നാമതാണ് പാക്കിസ്ഥാന്‍. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയേക്കാള്‍ നെറ്റ് റണ്‍റേറ്റില്‍ നേരിയ മുന്‍തൂക്കം പാക്കിസ്ഥാനുണ്ട്. നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള യുഎസ്എയ്ക്ക് +0.127 നെറ്റ് റണ്‍റേറ്റാണുള്ളത്. 

പാകിസ്ഥാന്റെ നെറ്റ്റണ്‍റേറ്റ് +0.191 ആണ്. സൂപ്പര്‍ 8ലേക്ക് പാക്കിസ്ഥാന് കടക്കാന്‍ അയര്‍ലന്‍ഡ് യുഎസ്എയെ തോല്‍പ്പിക്കണം. യുഎസ്എയെ അയര്‍ലന്‍ഡ് തോല്‍പ്പിച്ചാല്‍, അയര്‍ലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചാലും പാക്കിസ്ഥാന് സൂപ്പര്‍ ഓവറിലേക്ക് കടക്കാം. അയര്‍ലന്‍ഡിനെതിരായ പാക്കിസ്ഥാന്റെ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചാലും പാക്കിസ്ഥാന്‍ പുറത്താവും.