ആരാധകന്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിനെപ്പറ്റിയുള്ള ചോദ്യത്തോടു ക്ഷോഭിച്ച് ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ന്യൂയോര്‍ക്കില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് സന്നാഹമല്‍സരത്തിനിടെ ആരാധകരില്‍ ഒരാള്‍ രോഹിത്തിന്‍റെ നേര്‍ക്കു പാഞ്ഞടുത്തിരുന്നു. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഭവത്തേപ്പറ്റി മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ചോദ്യമുന്നയിച്ചതോടെ ക്യാപ്റ്റന്‍ പൊട്ടിത്തെറിച്ചു
അയര്‍ലണ്ടുമായുള്ള മല്‍സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇങ്ങനെ,‘സന്നാഹമല്‍സരത്തിന് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയല്ലോ, സുരക്ഷ ഉദ്യോഗസ്ഥര്‍ അയാളെ പിടികൂടിയപ്പോഴേക്കും താങ്കള്‍ സാരമില്ലെന്ന് പറയുകയായിരുന്നു, ആ സമയത്തെ ചേതോവികാരം എന്തായിരുന്നു?’ ചോദ്യം ക്യാപ്റ്റനെ ചൊടിപ്പിച്ചു. സംഭവിച്ച കാര്യവും ചോദിച്ച ചോദ്യവും തീര്‍ത്തും ശരിയല്ല എന്നായിരുന്നു രോഹിത്തിന്‍റെ മറുപടി.
ആദ്യം തന്നെ ആരും ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ പാടില്ല. മൈതാനത്തിലേക്ക് ആരും ഓടിക്കയറുന്നത് പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഈ ചോദ്യവും ശരിയല്ലെന്നു രോഹിത് പറഞ്ഞു. കളിക്കാരുടെയും കാഴ്ച്ചക്കാരുടെയും സുരക്ഷ പ്രധാനമാണെന്നും, അതിന് വേണ്ട നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും, നിയമങ്ങള്‍ എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയിലെ നിയമങ്ങളെക്കാള്‍ വ്യത്യസ്തമാണ് ഇവിടെ അത് മനസിലാക്കുക, ഇവിടെ നല്ലൊരു സ്റ്റേഡിയമുണ്ട്,നന്നായി കളി കാണാനുള്ള സൗകര്യവുമുണ്ട്, ഗ്രൗണ്ടിലേക്ക് ഓടിക്കയറേണ്ട ആവശ്യമില്ലെന്നും ക്യാപറ്റന്‍ മറുപടിയായി പറഞ്ഞു.
ആരാധകന്‍ ഓടിക്കയറിയത് കളിക്കാരെ തടസപ്പെടുത്തിയെന്ന താന്‍ കരുതുന്നില്ല. ഗ്രൗണ്ടിലേക്ക് ആരാണ് ഓടിക്കയറുന്നതെന്ന് തങ്ങള്‍ നോക്കാറില്ലെന്നും, മറ്റ പല കാര്യങ്ങളിലാണ് മനസെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. കളി എങ്ങനെ ജയിക്കാം, എങ്ങനെ ഒരു റണ്‍ എടുക്കാം, ഒരു വിക്കറ്റെടുക്കാം എന്നൊക്കായാണ് ചിന്തിക്കുന്നത്. എല്ലാവരും അത് തന്നെയാണ് ചിന്തിക്കുന്നതെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.