ബാലരാമപുരം ദേവേന്ദു വധത്തില്‍ ഇനിയും ദുരൂഹത ബാക്കി. രണ്ടുവയസ്സുകാരി കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താതെ പൊലീസ് വലയുകയാണ്. കേസിൽ ഓരോ ദിവസവും ദുരുഹതയും വർധിക്കുന്നു. അടിക്കടി മൊഴി മാറ്റി പറയുന്ന പ്രതി ഹരികുമാറിനെ മാനസിക ആരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം. കൊലപാതക കേസിൽ അവ്യക്തത തുടരുന്നതിനിടെ അമ്മയായ ശ്രീതു സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കാമെന്ന പേരിൽ 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വഞ്ചനാക്കുറ്റത്തിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത ശ്രീതുവിനെ രാത്രി വൈകി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിനിടെ പ്രതി ഹരികുമാറിന്‍റെ അച്ഛന്‍ മരിച്ചതിലും ദുരൂഹത ആരോപിച്ച് അയല്‍ക്കാര്‍ രംഗത്തെത്തി. മരിക്കുന്നതിന് മുന്‍പ് ഉദയകുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുത്തശ്ശന്‍ ഉദയകുമാര്‍ മരിച്ച് പതിനാറാം നാള്‍ മരണാന്തര ചടങ്ങുകള്‍ നടന്ന ദിവസമാണ് ദേവേന്ദു കൊല്ലപ്പെടുന്നത്.