പി.വി. അന്‍വര്‍ പൊട്ടിച്ച വെടിയുടെ പ്രതിധ്വനികളില്‍ വട്ടം കറങ്ങുകയാണ് കേരള രാഷ്ട്രീയം. ഭരണപക്ഷത്തെ ഒരു എംഎല്‍എ പൊലീസ് തലപ്പത്തെ ആളുകള്‍ക്കെതിരെ പരസ്യമായി തിരിഞ്ഞപ്പോള്‍ അത് രാഷ്ട്രീയകേരളത്തെയാണ് പിടിച്ചുകുലുക്കിയത്. എസ്.പി. സുജിത് ദാസില്‍ തുടങ്ങി എഡിജിപി അജിത്കുമാറിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയിലേക്കും അന്‍വറിന്‍റെ ആരോപണ മുന നീണ്ടപ്പോള്‍ അത് ചെന്ന് പതിച്ചത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്. സ്വാഭാവികമായും സിപിഎം എന്ന പാര്‍ട്ടിയിലേക്കും നീണ്ടു. ആദ്യം മുഖ്യമന്ത്രിയെ കണ്ട് പതിയെ ഒന്നടങ്ങിയ അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിയെ കണ്ടശേഷം പതിന്‍മടങ്ങ് ശക്തനാവുകയായിരുന്നു. പക്ഷേ പാര്‍ട്ടി സെക്രട്ടറിയേറ്റിലെ ചര്‍ച്ചയ്ക്ക് ശേഷം സെക്രട്ടറി തന്നെ അന്‍വറിന്‍റെ രീതികളെ വിമര്‍ശിച്ചതോടെ പ്രശ്നത്തിലെ സങ്കീര്‍ണത മുറുകാനും തുടങ്ങി. എന്തോ മറയ്ക്കാനും സംരക്ഷിക്കാനും മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നുവെന്നും അതിന് പാര്‍ട്ടി സംവിധാനം വഴങ്ങുന്നുവെന്നുള്ള തോന്നലും പൊതുവെ രൂപപ്പെട്ടു. ഇതിനിടെയാണ് ആരോപണശരങ്ങളിലെ ഏറ്റവും മൂര്‍ച്ചയേറിയ എഡിജിപിയുടെ സംഘപരിവാര്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷനേതാവ് എടുത്തിട്ടതും പതിയെ ഇരുകൂട്ടരും അത് ശരിവച്ചതും. ഇപ്പോഴിതാ ആ കൂടിക്കാഴ്ചകളുടെ സ്ഥലവും തിയതും എത്രസമയം കൂടിക്കാഴ്ചയ്ക്ക് ചെലവിട്ടു എന്ന വിവരവുമൊക്കെ പുറത്തുവരുന്നത്.