
പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ആരംഭിച്ച ഒരു ബസ് സര്‍വീസ് ഇത്ര വിവാദമായത് എന്തുകൊണ്ടാണ്? വഴിനീളെ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയും പിഴചുമത്തലും. മറുഭാഗത്ത് പിഴച്ചീട്ടുകളെല്ലാം സ്വീകരിച്ച് തനിക്കൊപ്പം കോടതിയുണ്ടെന്ന് ആവര്‍ത്തിക്കുന്ന നടത്തിപ്പുകാരന്‍. രണ്ടുഭാഗത്തും നിയമത്തിന്റെ പിന്‍ബലം. മോട്ടോര്‍വാഹനവകുപ്പിനും വാഹനത്തിന്റെ മാനേജ്മെന്റിനും പിന്തുണയറിച്ച് രണ്ട് ചേരിയായി കേരള ജനതയും. നിയമവും നിയമത്തിന്റെ പഴുതും തമ്മിലുള്ള ഏറ്റുമുട്ടലാണ് റോബിന്‍ ബസിന്റെ പത്തനംതിട്ട– കോയമ്പത്തൂര്‍ സര്‍വീസ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാത്രം സര്‍വീസ് നടത്താനുള്ള കോണ്‍ട്രാക്ട് കാരിയേജ് പെര്‍മിറ്റ് മാത്രമുള്ള റോബിന്‍ ബസ് വഴിനീളെ ആളുകളെ കയറ്റിയിറക്കി സ്റ്റേജ് കാരിയേജ് സര്‍വീസ് നടത്തുന്നു എന്നതാണ് മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്ന കുറ്റം. ടൂറിസം വളര്‍ത്തുന്നതിന്റെ ഭാഗമായി കോണ്‍ട്രാക്ട് കാരിയേജ് ബസുകളുടെ സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 2023 ല്‍ പുറത്തവന്ന ഇളവിനെ മുന്‍നിര്‍ത്തിയാണ് തന്റെ നീക്കമെന്ന് നടത്തിപ്പുകാരന്‍. അതാണ് ഇതുവരെ രണ്ട് ദിവസംമാത്രം നടന്ന സര്‍വീസ് ഇത്രവലിയ കോലാഹലമാകാന്‍ ഇടയാക്കിയത്.
നവംബര്‍ 18 ന് പുലര്‍ച്ചെ അഞ്ചിന് മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു. നൂറ് മീറ്റര്‍ അകലെ കാത്തുനിന്ന് മോട്ടോര്‍വാഹനവകുപ്പ് ചട്ടലംഘനത്തിനുള്ള പിഴയീടാക്കലിന്റെ പരമ്പരയ്ക്കും തുടക്കമിട്ടു. പാലാ കൊച്ചിടപ്പാടിയിൽ ബസ് തടഞ്ഞുള്ള പരിശോധനയ്ക്ക് പിന്നാലെ വൻ ഗതാഗതക്കുരുക്ക്. ഇതോടെ മോട്ടോർ വാഹന വകുപ്പ് പരിശോധനയ്ക്കെതിരെ നാട്ടുകാർ രംഗത്തെത്തി. മോട്ടോര്‍വാഹനവകുപ്പിനെ വെല്ലുവിളിച്ച് നടത്തുന്ന സര്‍വീസിന് വഴിനീളെ സ്വീകരണവും ലഭിച്ചു. തൊടുപുഴ പിന്നിട്ട് എറണാകുളം ജില്ലയിലേക്ക് യാത്ര. അങ്കമാലിയില്‍ വീണ്ടും പിഴയുമായി മോട്ടോര്‍വാഹനവകുപ്പ്. തൃശൂര്‍ പുതുക്കാടും തടഞ്ഞുനിര്‍ത്തലും പിഴയീടാക്കലും. അവിടെയും ഉയര്‍ന്നു പ്രതിഷേധം. കേരളത്തില്‍ പലയിടങ്ങളിലായി മോട്ടോര്‍വാഹനവകുപ്പ് പിഴയായി ഈടാക്കിയത് മുപ്പത്തിയേഴായിരത്തി അഞ്ഞൂറ് രൂപ. ബസുടമ നടത്തുന്നത് നിയമ ലംഘനമെന്ന് തറപ്പിച്ചു പറഞ്ഞു മന്ത്രി ആന്റണി രാജു. കോടതി പറയും വരെ റോബിൻ ബസ് നിരത്തിലുണ്ടാകുമെന്നായിരുന്നു നടത്തിപ്പുകാരന്റെ നിലപാട് . നിശ്ചയിച്ചതിലും ഏറെ വൈകി പാലക്കാട് ജില്ലയിലേക്ക്. ഉടനീളം പിന്തുടര്‍ന്നെങ്കിലും പാലക്കാട് ജില്ലയില്‍ മോട്ടോര്‍വാഹനവകുപ്പ് ബസിന് പിഴയീടാക്കിയില്ല. പക്ഷെ തമിഴ്നാട്ടില്‍ അതായിരുന്നില്ല അവസ്ഥ. വാളയാര്‍ പിന്നിട്ടതിന് തൊട്ടുപിന്നാലെ പെര്‍മിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോര്‍വാഹനവകുപ്പ് പിഴയായി ഈടാക്കിയത് 70,410 രൂപ. അങ്ങനെ ആദ്യസര്‍വീസ് നാളില്‍ പിഴയായി രണ്ട് സംസ്ഥാനങ്ങള്‍ ഈടാക്കിയത് ഒരുലക്ഷത്തി എണ്ണായിരം രൂപ.
റോബിന്‍ ബസിന് പിഴകൊണ്ട് മാത്രമായിരുന്നില്ല സര്‍ക്കാരിന്റെ മറുപടി. റോബിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പേ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസിന് തുടക്കമാകാന്‍ ഒരു പകലിന്റെ കാത്തിരിപ്പ് മാത്രമേ വേണ്ടിവന്നുള്ളൂ. കോയമ്പത്തൂരിലേക്കുള്ള റോബിന്‍ ബസിന്റെ രണ്ടാംദിവസത്തെ യാത്രയും അനായാസമായിരുന്നില്ല. തൊടുപുഴയിലെത്തുന്നതിന് മുൻപ് കോട്ടയം ഇടുക്കി അതിർത്തിയായ കരിങ്കുന്നത്ത് വെച്ചാണ് എം വി ഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിട്ടു. നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം വിട്ടയച്ചു. പിന്തുണയറിയിച്ച് നിരവധിയാളുകൾ യാത്രക്കെത്തി.
അതേ സമയം, റോബിനെ വെല്ലാന്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസിയുടെ എ.സി വോള്‍വോ ബസ് സര്‍വീസ് തുടങ്ങിയത് കാലിയായി. യാത്ര തിരിക്കുന്നതിന് മുന്‍പ് അഞ്ചുമിനിറ്റ് നേരം പത്തനംതിട്ട സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടെങ്കിലും യാത്രക്കാര്‍ കയറിയില്ല. ശബരിമല തീര്‍ഥാടകരെ മുന്നില്‍കണ്ട് റിസര്‍വേഷനിലൂടെയും അല്ലാതെയും ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.റോബിന്‍ ബസിന്‍റെ അതേ പാതയിലാണ് കെഎസ്ആര്‍ടിയിയുടെ സര്‍വീസ്. പുതിയ സർവീസിന് പെർമിറ്റ് ഇല്ലെന്ന് റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു. പെർമിറ്റ് ഉണ്ടെന്ന് തെളിയിച്ചാൽ താൻ സംരംഭം ഇവിടെ വെച്ച് അവസാനിപ്പിക്കുമെന്നും വെല്ലുവിളി.
റോബിന്‍ ഗിരീഷിന്റെ വെല്ലുവിളിക്ക് ഉത്തരവുകളും അന്തര്‍സംസ്ഥാന ബസ് സര്‍വീസ് കരാറുകളുടെ ഉള്ളടക്കവും നിരത്തിയായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ മറുപടി. നഗരഗതാഗതത്തിന് അനുവദിച്ച ബസ് അന്തര്‍സംസ്ഥാന സര്‍വീസിന് ഉപയോഗിക്കുന്നു എന്ന ആരോപണത്തിന്റെ മുനയൊടിച്ചുകൊണ്ടുള്ള വിശദീകരണണമാണ് കെ.എസ്.ആര്‍.ടി.സി നല്‍കിയത്. രണ്ടായിരത്തി പതിമൂന്നിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള ഏത് സര്‍വീസും കെ.എസ്.ആര്‍.ടി.സിക്കായി ദേശസാല്‍ക്കരിച്ചതാണെന്നും പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച ബസിന് 2028 ജൂലൈ വരെ തമിഴ്നാട്ടില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുണ്ടെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. മുക്കാല്‍ ലക്ഷം രൂപ ആദ്യദിവസം പിഴയായി ഈടാക്കിയ തമിഴ്നാട് മോട്ടോര്‍വാഹനവകുപ്പ് അതിലും വലിയ കെണിയുമായി കാത്തിരിക്കുകയായിരുന്നു രണ്ടാംദിനം. അനുമതിയില്ലാതെ സര്‍വീസ് നടത്തിയെന്ന് ആരോപിച്ച് ബസ് പിടിച്ചെടുക്കുകയാണ് തമിഴ്നാട് ചെയ്തത്. പിഴ നിശ്ചയിക്കുന്നതിന് മുന്‍പായി കോടതി ഉത്തരവ് ഉൾപ്പെടെയുള്ള രേഖകൾ ആര്‍ടിഒ വിശദമായി പരിശോധിക്കും. ബസ് വിട്ടുകിട്ടിയാല്‍ അടുത്തദിവസം സര്‍വീസ് പുനരാരംഭിക്കാനാണ് തീരമാനം. കോയമ്പത്തൂരിൽ പിടികൂടിയ ബസ് വിട്ടു കിട്ടുന്നതിന് വേണ്ടി വന്നാൽ തമിഴ്നാട്ടിലെ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് അറിയിച്ചു.
റോബിൻ മോട്ടേഴ്സിനെതിരെ വരും ദിവസങ്ങളിലും നടപടി തുടരാനാണ് കേരള മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. സർവീസ് നടത്തുകയാണങ്കിൽ പെർമിറ്റ് ലംഘനത്തിന് പിഴ ഈടാക്കും. റോബിന്‍ ബസിന് സര്‍വീസ് നടത്തണമെങ്കില്‍ ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണമെന്ന് മുന്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ എംഎല്‍എ പ്രതികരിച്ചു.
മോട്ടര്‍ വാഹനവകുപ്പിന്‍റെ നടപടികള്‍ക്കു പിന്നില്‍ ഒരുവിഭാഗം ടൂറിസ്റ്റ് ബസുടമകളെന്ന് റോബിന്‍ ബസുടമ കോഴിക്കോട് പാലാഴി സ്വദേശി കിഷോര്‍. ബസ് വ്യവസായത്തെ തകര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമെന്നും കിഷോര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. റോബിന്‍ ബസ് പാട്ടത്തിനെടുത്ത് സര്‍വീസ് നടത്തുന്ന പാലാ ഇടമറുക് സ്വദേശി ഗിരീഷിന് എല്ലാ പിന്തുണയും നല്‍കുമെന്നും. അതേസമയം റോബിൻ ബസിനു ബദലായി KSRTC നിരത്തിലിറക്കിയ ലോഫ്ലോര്‍ എസി ബസ് രണ്ടാംദിനം ഓടിയത് നിറയെ യാത്രക്കാരുമായി. റോബിൻ, കെ എസ് ആർ ടി സി ബസുകളെ അനുകൂലിച്ചും പ്രതികൂലിച്ചും യാത്രക്കാർ രംഗത്തെത്തി. ഇരുഭാഗത്തും നിയമത്തിന്റെ പിന്‍ബലം അവകാശപ്പെട്ടുള്ള തര്‍ക്കം തുടരുകയാണ്. നിലവിലെ നിയമത്തിന്റെ ബലക്ഷയമാണോ, അതോ നാടകീയമായി രൂപപ്പെട്ട ഒരു പഴുതാണോ? എന്താണ് ഈ തര്‍ക്കത്തിന്റെ അടിസ്ഥാനം?