കോളജുകളില്‍ നടക്കുന്നതെന്ത്?; ഇതെല്ലാം ആരുടെ വിദ്യ? സത്യമെന്ത് ?

fakecertificate
SHARE

എറണാകുളം മഹാരാജാസ് കോളജ് ഗേറ്റ് ആണ് സ്ഥലം. കെ.എസ്.യു പ്രവര്‍ത്തകരുടെ മാര്‍ച്ച്. പൊലീസ് തടയുന്നു... ജലപീരങ്കി പ്രയോഗിക്കുന്നു.. മാര്‍ച്ച് സംഘര്‍ഷഭരിതമാവുന്നു. മഹാരാജാസ് കോളജിനെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍. ഒന്ന് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തക ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ചു. രണ്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ പരീക്ഷയെഴുതാതെ വിജയിപ്പിച്ച മാര്‍ക്ക് ലിസ്റ്റ് മഹാരാജാസില്‍ നിന്ന് പുറത്തുവരുന്നു. ഭരണപ്പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയാണ് പ്രതിക്കൂട്ടിലായത്. പ്രതിപക്ഷസംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്യുന്നു.

അട്ടപ്പാടി സര്‍ക്കാര്‍ കോളജിലെ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനായി ഒരു ഉദ്യോഗാര്‍ഥി മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചു. മഹാരാജാസിലെ രേഖ കാണിച്ച് അട്ടപ്പാടി കോളജില്‍ നിയമനം നേടാനായിരുന്നു ശ്രമം. അട്ടപ്പാടി കോളജ് അധികൃതര്‍ സംശയത്തെ തുടര്‍ന്ന് മഹാരാജാസ് അധികൃതരെ ബന്ധപ്പെട്ടതോടെ കള്ളി വെളിച്ചത്താവുന്നു.  വ്യാജരേഖ ഉണ്ടാക്കിയതായി മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചതോടെ വാര്‍ത്ത കത്തിപ്പടര്‍ന്നു.  കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ.വിദ്യയുടെ പേരിലാണ് രേഖ. മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപകരില്ലെന്ന് ഡോ.എസ്. ജോയ് തീര്‍ത്ത് പറയുകയും കോളജ് കെ. വിദ്യയ്ക്കെതിരെ വ്യാജരേഖ ചമച്ചതിന് പൊലീസില്‍ പരാതി നല്‍കുക കൂടി ചെയ്തതോടെ വിദ്യയുടെ എസ്എഫ്ഐ ബന്ധം ചര്‍ച്ചയായി. രണ്ടുവര്‍ഷത്തെ വ്യാജ പ്രവർത്തിപരിചയ രേഖയാണ് വിദ്യ ഹാജരാക്കിയത്. ഇൻറർവ്യൂ പാനലിൽ ഉണ്ടായിരുന്നവർക്ക് തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലേക്കെത്തിയത്. കാലടി സംസ്കൃത സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറി കൂടിയാണ് വ്യാജരേഖ ചമച്ച കെ.വിദ്യ 

എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തിൽ പ്രവർത്തിപരിചയം ഉണ്ടെന്നായിരുന്നു മുൻ SFI നേതാവ് കെ.വിദ്യ അഭിമുഖ പാനലിനുമുന്നിൽ ഹാജരാക്കിയ രേഖ. ജൂൺ രണ്ടിനായിരുന്നു അട്ടപ്പാടി ഗവൺമെന്റ് കോളജിലെ മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ. മഹാരാജാസ് കോളജിന്റെ ലോഗോയും സീലും അടങ്ങിയ രേഖയിൽ പക്ഷെ പാനലിൽ ഉള്ളവർക്ക് സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോൾ രേഖ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 10 വർഷമായി മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല എന്നാണ് കോളജ് വ്യക്തമാക്കുന്നത്. വിഷയത്തിൽ കോളജ് കൗൺസിൽ ചേർന്നശേഷം എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. ഇത്തരത്തിൽ രേഖകൾ ഹാജരാക്കുമ്പോൾ അതത് കോളജുകളാണ് അതിന്റെ ആധികാരികത പരിശോധിക്കേണ്ടതെന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്.ജോയ് പറഞ്ഞു

നേരത്തെ പാലക്കാടും കാസർകോടുമുള്ള രണ്ട് ഗവൺമെന്റ് കോളജുകളിൽ വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. കാസർഗോഡ് കരിന്തളം ഗവ.ആർട്സ് & സയൻസ് കോളജിൽ 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് വിദ്യ ജോലി ചെയ്തത്. മഹാരാജാസിൽ ഗസ്റ്റ് ലക്ചററായി ജോലിചെയ്തന്ന പ്രവർത്തിപരിചയ രേഖയാണ് ഇവിടെ ഹാജരാക്കിയത്. SFI സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണ് ഇത്തരത്തിൽ വ്യാജ രേഖ ചമച്ച് ഉദ്യോഗാർഥി ജോലി നേടിയത് എന്നാണ് വിവരം. വിദ്യക്ക് വ്യാജ രേഖ ചമച്ച് നൽകിയത് SFI നേതാവായ പി.എം ആർഷോയാണെന്ന് KSU ആരോപിച്ചു. വിദ്യയെ വ്യക്തിപരമായി അറിയാമെന്ന് സമ്മതിച്ച ആർഷോ താൻ വ്യാജരേഖ ചമച്ചുവെന്ന ആരോപണം നിഷേധിച്ചു..

ഇതിനിടെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച എസ്.എഫ്.ഐ മുന്‍ നേതാവിനെതിരെ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കെ.വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് എഫ്ഐആറിൽ വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ല വകുപ്പുകൾ ആണ് എഫ്ഐആറിൽ ഉള്ളത്. കേസിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്നത് അട്ടപ്പാടി ഗവൺമെന്റ് കോളജിൽ ആയതിനാൽ തുടർനടപടികൾ അഗളി പൊലീസ് ആയിരിക്കും കൈക്കൊള്ളുക. ഇതിനായി കേസ് അഗളി പൊലീസിന് കൈമാറി. 

വിദ്യ സമർപ്പിച്ച രേഖകളില്‍ സംശയം തോന്നിയത് മുഖാമുഖത്തിലെന്ന് അട്ടപ്പാടി ഗവണ്‍മെന്‍റ് കോളജ് പ്രിന്‍സിപ്പല്‍ പി.ലാലിമോള്‍ വര്‍ഗീസ് ഇതിനിടെ പ്രതികരിച്ചു. അധ്യാപകര്‍ സംശയം ഉന്നയിച്ചപ്പോള്‍ മഹാരാജാസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇ–മെയിലിലൂടെയും കത്തിലൂടെയും വിവരമറിയിച്ചെന്നും പ്രിന്‍സിപ്പല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യയുടെ PHD പ്രവേശനം സംബന്ധിച്ചും  വിവാദങ്ങൾ ഉയർന്നിരുന്നു. 2019 ൽ വിദ്യ പ്രവേശനം നേടിയത് പരിശോധിക്കാനാണ് സർവകലാശാലയുടെ തീരുമാനം. 

മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിക്ക് നിയമനം നേടിയതില്‍ കെ വിദ്യക്കെതിരെ നിയമനടപടിക്കൊരുങ്ങി കാസർകോട് കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ്. വ്യാജരേഖ ചമച്ച് കെ. വിദ്യാ ജോലിയിൽ പ്രവേശിച്ചതിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കരിന്തളം ഗവണ്മെന്റ് കോളേജ് അധികൃതർ വ്യക്തമാക്കി. മഹാരാജാസിൽ രണ്ടു വർഷം പഠിപ്പിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയണ് വിദ്യ കരിന്തളം സര്‍ക്കാര്‍ കോളജില്‍ ജോലിയിൽ പ്രവേശിച്ചത്. കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് ഉറപ്പിക്കാൻ മഹാരാജാസിലേക്ക് അയയ്ക്കും. വ്യാജമെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കാനാണ് രാവിലെ ചേർന്ന കൗൺസിൽ യോഗത്തിലെ തീരുമാനം.

അതിനിടെ കരിന്തളം കോളേജിൽ നടക്കുന്നത് എസ്എഫ്ഐയുടെ ഏകാധിപത്യം ആണെന്നും, വിദ്യയുടെ നിയമനത്തിൽ കോളജിനും പങ്കുണ്ടെന്ന് കാഞ്ഞങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി. വ്യാജരേഖ ചമയ്ക്കല്‍ വിവാദമായതോടെ കെ.വിദ്യ കണ്ണൂർ സർവകലാശാലയുടെ മൂല്യ നിർണയ ക്യാമ്പിലും പങ്കെടുത്തതായി രേഖകൾ പുറത്തുവന്നു. 2021 - 2022 വർഷത്തെ 1, 2, 4 സെമസ്റ്റർ മൂല്യനിർണയത്തിലാണ് വിദ്യ പങ്കെടുത്തത്. വിദ്യ കരിന്തളം  കോളജിൽ അധ്യാപികയായിരുന്ന 2022 സെപ്റ്റംബറിലാണ് ക്യാമ്പ് നടന്നത്. വിദ്യയെ മൂല്യനിർണയത്തിന് ചുമതലപ്പെടുത്തി കൊണ്ടുള്ള സർവകലാശാലയുടെ ഉത്തരവും പുറത്തായി. ‌‌‌

എറണാകുളം മഹാരാജാസ് കേ‍ാളജിന്റെ വ്യാജരേഖ ചമച്ച് ജേ‍ാലിതേടിയെന്ന് എസ്എഫ്ഐ പ്രവർത്തക വിദ്യയ്ക്കെതിരായ പരാതിയിൽ ആരെയും സംരക്ഷിക്കില്ലെന്നാണ് സിപിഎം നിലപാട്. പെ‍ാലീസ് അന്വേഷണവും അനുബന്ധ നടപടികളും നടക്കട്ടെ എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ വ്യാജ രേഖ ചമച്ച് കോളേജിൽ അധ്യാപകയായിയെന്ന പരാതിയിൽ പ്രതികരണവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ രംഗത്തെത്തി. കാറൽ മാർക്സ് തെറ്റു ചെയ്താലും തെറ്റാണ്. വിദ്യയ്ക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന് സി.പി.എം എതിരല്ല. തെറ്റായ കാര്യ ആര് ചെയ്താലും നിയമത്തിനു മുന്നിൽ നടപടികൾ നേരിടണം. 

എന്നാല്‍ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പരിചയ സർട്ടിഫിക്കറ്റ് വിവാദം ശ്രദ്ധയിൽ പെട്ടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കോളജിന്റെ സീൽ ആവില്ല സർട്ടിഫിക്കറ്റിലുള്ളത്. വ്യാജന്മാർ എല്ലായിടത്തുമുണ്ടെന്നും വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതിൽ കോളജിന് എന്തു ചെയ്യാൻ കഴിയുമെന്നുമായിരുന്നു മന്ത്രിയുടെ മറു ചോദ്യം. വ്യാജരേഖ വിവാദത്തില്‍ കെ.എസ.്യു സമരം തുടങ്ങി. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച വിദ്യ എസ്.എഫ്.ഐ ഭാരവാഹിയും പ്രവർത്തകയുമാണെന്ന് കെ.എസ്‌.യു.. എസ്.എഫ് ഐ നേതൃത്വവും ഇടത് അധ്യാപകരും വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്നെന്നും കെ.എസ്. യു ആരോപിക്കുന്നു.

മഹാരാജാസിനെ കേന്ദ്രീകരിച്ചുള്ള മറ്റൊരു വിവാദം മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായെന്ന ഫലം പുറത്തുവന്നതായിരുന്നു അത്. മാര്‍ക്ക് ലിസ്റ്റ് വിവാദമായതോടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചെന്ന് രേഖപ്പെടുത്തിയ റിസല്‍ട്ട് തിരുത്തി മഹാരാജാസ് കോളജ്. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്സൈറ്റില്‍നിന്ന് പിന്‍വലിച്ചു. മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും ആർഷോക്ക് മാർക്ക് കാണിച്ചിട്ടില്ലെങ്കിലും പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്.  

പരീക്ഷ എഴുതിയിട്ടില്ലെന്ന് എസ്.എഫ്.ഐ സെക്രട്ടറി പി.എം ആര്‍ഷോയും സമ്മതിച്ചു. പാസായെന്ന ഫലം എങ്ങനെവന്നുവെന്ന് അറിയില്ല. പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ഷോ ആരോപിച്ചു. താന്‍ മൂന്നാം സെമസ്റ്ററിലാണ് പുനപ്രവേശനം നേടിയത്. പിന്നെ എങ്ങനെ നാലാം സെമസ്റ്ററിന്‍റെ പരീക്ഷാഫലത്തില്‍ വരുമെന്നും ആര്‍ഷോ ചോദിക്കുന്നു.

എന്നാല്‍ ആർഷോ മൂന്നാം സെമസ്റ്ററിൽ പുനപ്രവേശനം നേടി എന്നായിരുന്നു പരീക്ഷാവിഭാഗം പ്രിൻസിപ്പലിന് നൽകിയ പ്രാഥമിക റിപ്പോർട്ട്. ഈ വാദം ആർഷോ തള്ളി. പുനഃപ്രവേശനം നേടിയത് നാലാം സെമസ്റ്ററില്‍ തന്നെയെന്ന നിലപാടില്‍ ഉറച്ച് നിന്നു. മൂന്നാം സെമസ്റ്ററിന്റെ പരീക്ഷ ഫീസ് അടച്ച് റജിസ്റ്റര്‍ െചയ്തിരുന്നു. ഫീസ് അടച്ച രേഖ ഉള്‍പ്പെടെ എല്ലാം കോളജില്‍ ലഭ്യമാവണം. വകുപ്പ് മേധാവിക്ക്  ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആര്‍ഷോ മനോരമ ന്യൂസിനോട് പറഞ്ഞു. പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നപ്പോഴായിരുന്നു ഈ പ്രതികരണം. വിവാദത്തിന് പിന്നില്‍ ഗുരുതര ക്രമേടുണ്ടായിട്ടെന്നും ആര്‍ഷോ ആരോപിച്ചു. അതേസമയം പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചെന്ന രേഖയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

ഒടുവില്‍ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മഹാരാജാസ് കോളജ് ക്ലീന്‍ചിറ്റ് നല്‍കി. ആര്‍ഷോയുടെ വാദങ്ങള്‍ ശരിയാണെന്നും പരീക്ഷാഫീസ് അടച്ചതായി കാണുന്നില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. വി.എസ്.ജോയ് പറഞ്ഞു. ആര്‍ഷോ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. സമാനമായ സാങ്കേതിക പ്രശ്നങ്ങളെപ്പറ്റി ഒട്ടേറെ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടെന്നും പ്രിന്‍സിപ്പല്‍ കൊച്ചിയില്‍ പറഞ്ഞു

മാര്‍ക്‌ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചനയുണ്ടെന്ന വാദത്തിലുറച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. ഇക്കാര്യത്തില്‍ അന്വേഷണം വേണം. പ്രിന്‍സിപ്പല്‍ പലതവണ മലക്കംമറിഞ്ഞെന്ന് വ്യക്തമായി. പൊലീസില്‍ പരാതി നല്‍കുന്നത് പരിഗണനയിലുണ്ടെന്നും ആര്‍ഷോ പറഞ്ഞു. 

അതേസമയം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആ‍ര്‍ഷോ എഴുതാത്ത പരീക്ഷ പാസാവുകയും ഗസ്റ്റ് ലക്ചറ‍‍ര്‍ നിയമനം നേടാന്‍  എസ്.എഫ്.ഐ നേതാവ് വിദ്യ വിജയന്‍  മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ ചമച്ചതിലും സ‍ര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നി‍ര്‍ത്തുകയാണ് പ്രതിപക്ഷം. പിടിക്കിട്ടാപ്പുള്ളിയായ ആ‍ര്‍ഷോയെ കണ്ടാല്‍ പൊലീസിന് മുട്ടുവിറയ്ക്കുമെന്ന് വി.ഡി.സതീശന്‍. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന് തോക്കിന്മുനയില്‍ നിര്‍ത്തിയാണ് എസ്.എഫ്.ഐക്കാ‍ര്‍ വാ‍ര്‍ത്താസമ്മേളനം നടത്തിച്ചത്. 

കെ.എസ്.യുക്കാ‍‍ര്‍ നടത്തിയ പരീക്ഷാ ക്രമക്കേടുകള്‍ എസ്.എഫ്.ഐക്കാ‍ര്‍ ഉയര്‍ത്തുന്നുണ്ടെന്ന ചോദ്യത്തിന് എല്ലാം അന്വേഷിക്കട്ടെന്നും പരീക്ഷാഹാളില്‍ പത്തുമിനിട്ട് പോലും ഇരിക്കാത്ത എസ്.എഫ്.ഐക്കാ‍ര്‍ ജയിച്ചത് പുറത്തുവരുമെന്നും സതീശന്‍ മറുപടി നല്‍കി.

The fake certificate and Mark fudging conspiracy in Maharaja's College

MORE IN SPECIAL PROGRAMS
SHOW MORE