മരണം കൂകി വിളിച്ചെത്തിയ പാളം; വീഴ്ചകളുടെ തനിയാവർത്തനം

train (1)
SHARE

പാളങ്ങളില്‍ ചൂളം വിളിച്ചെത്തിയ ദുരന്തത്തില്‍ പെട്ടുപോയവര്‍.. മൃതിയടഞ്ഞവര്‍... ഗുരുതര പരുക്കുകളേറ്റവര്‍... ഇന്ത്യന്‍ റയില്‍വേ ചരിത്രത്തില്‍ മൃതിയുടെ വലിയ കഥകള്‍ക്ക് ഒട്ടും പഞ്ഞമില്ല. ഈ ആധുനിക കാലത്തും സിഗ്നല്‍ തെറ്റിയും പാളം തെറ്റിയും ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നു. മഹാദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ മഹാദുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യം. കുതിച്ചുയര്‍ന്ന മരണനിരക്ക്. പരുക്കേറ്റവരുടെ വലിയ കണക്ക്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കരച്ചിലുകള്‍... ജീവനോടെയുണ്ടോ എന്നന്വേഷണങ്ങള്‍... രക്ഷാപ്രവര്‍ത്തനങ്ങള്‍... പരുക്കേറ്റവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പെടാപാടുകള്‍... തീവണ്ടി ദുരന്തങ്ങള്‍ എന്നും എപ്പോഴും മഹാദുരന്തങ്ങളാണ്. അതിന്‍റെ വ്യാപ്തി അത്രയും വലുതാണ്. 

ഒഡീഷയിലെ ട്രെയിൻ അപകടം രാജ്യത്തിനെ ദുഖത്തിലാഴ്ത്തുമ്പോൾ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച ലാൽ ബഹ്ദൂർ ശാസ്ത്രിയുടെ മാതൃക ചർച്ചയാവുകയാണ്. 1956ൽ മദ്രാസിൽ നടന്ന ട്രെയിൻ അപകടത്തിന്റെ പേരിലാണ് ശാസ്ത്രി റെയിൽ മന്ത്രി സ്ഥാനം രാജിവച്ചത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിന്നീട് രാജിവച്ചത് നിതീഷ് കുമാറാണ്. ആ ചരിത്രം ഇങ്ങനെ.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ധാർമികത എന്ന വാക്കിന് പുതിയ അർത്ഥതലങ്ങൾ സമ്മാനിച്ച നേതാവാണ് ലാൽ ബഹ്ദൂർ ശാസ്ത്രി. 1956 സെപ്റ്റംബറിലുണ്ടായ മെഹ്ബൂബ്നഗർ ട്രെയിന്‍ അപകടത്തിൽ 112 പേര്‍ മരിച്ചപ്പോഴാണ് ശാസ്ത്രി ആദ്യമായി രാജിക്കത്ത് നൽകിയത്. എന്നാൽ പ്രധാനമന്ത്രി നെഹ്റു സ്വീകരിച്ചില്ല.  മൂന്ന് മാസത്തിന് ശേഷം നവംബര്‍ 23ന് തമിഴ്നാട്ടിലെ അരിയാളൂർ ട്രെയിന്‍ അപകടത്തിൽ 144 പേര്‍ കൊല്ലപ്പെട്ടപ്പോൾ രാജിയിൽ ശാസ്ത്രി ഉറച്ചുനിന്നു. വഴങ്ങിയ നെഹ്റു പാർലമെന്റിൽ രാജി സ്വീകരിച്ചുകൊണ്ട് പറഞ്ഞു. അപകടത്തില്‍ ശാസ്ത്രിക്ക് ഒരു പങ്കുമില്ല, രാജിവയ്‍ക്കേണ്ട കാര്യവുമില്ല, എന്നാല്‍, ഭരണഘടനാപരമായ മുറയ്‍ക്കും മര്യാദയ്‍ക്കും ഉദാഹരണവും അടിത്തറയും സൃഷ്ടിക്കുന്നതിന് ശാസ്ത്രിയുടെ രാജി സ്വീകരിക്കുന്നു. പിന്നീട് സമാനമായ ഒരു രാജി ഉണ്ടാകുന്നത് 43 വർഷങ്ങൾക്ക് ശേഷമാണ്. 1999 ഓഗസ്റ്റിൽ 290 പേരുടെ ജീവനെടുത്ത അസമിലെ ഗൈസൽ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽ മന്ത്രിയായിരുന്ന ഇന്നത്തെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വാജ്പേയ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. 2000 ത്തിൽ മമത ബാനർജിയും 2017 ൽ സുരേഷ് പ്രഭുവും ട്രെയിൻ അപകടങ്ങളുടെയ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയാറായെങ്കിലും സ്വീകരിച്ചില്ല.

Special Programme about Odisha Train Accident

MORE IN SPECIAL PROGRAMS
SHOW MORE