അഴിമതി ആരോപണം ശക്തം; ആവര്‍ത്തിക്കുന്നോ തീപിടിത്തം; പിന്നിലെന്ത്?

അർധരാത്രി 1.30 നാണ് മെഡിക്കൽ സർവീസ് കോർപറേഷന്റെ തിരുവനന്തപുരം തുമ്പയിലുള്ള ഗോഡൗണിൽ വലിയ പൊട്ടിത്തെറിയോട് തീ പിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിക്കുന്ന കെട്ടിടത്തിൽ തീ ആളി പടർന്നു. സെക്യൂരിറ്റി മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ബ്ലീച്ചിങ് പൗഡറിനാണ് ആദ്യം തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അഗ്നിരക്ഷാസേന പാഞ്ഞെത്തി. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി ജെ.എസ്. രഞ്ജിത്താണ് മരിച്ചത്. കെട്ടിടത്തിന്റെ ഷട്ടർ തകർന്ന് അകത്തേക്ക് കയറാനുള്ള ശ്രമത്തിനിടെ  കോൺക്രീറ്റ് സ്ളാബ് ഫയർമാൻ രജ്ഞിത്തിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഏറെ ശ്രമങ്ങൾക്കിടെ രജ്ഞത്തിനെ  പുറത്തെടുത്ത്  സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഹോളോ ബ്രിക്സ് കൊണ്ട് കെട്ടിടമാണ് യുവ ഫയർ മാന്റെ ജീവനെടുത്തത്.  ബ്ളീച്ചിങ് പൗഡർ വെള്ളം നനഞ്ഞും സാനിറ്റൈസർ വീണും തീ പിടിക്കാം എന്നാണ്  പ്രാഥമിക നിഗമനം സ്വന്തം സഹപ്രവർത്തകൻ വിട പറഞ്ഞിട്ടും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പോലും മറന്നാണ് മണിക്കൂറുകളോളം എടുത്ത് തീ കെടുത്തിയത്. രക്ഷാദൗത്യത്തിനിടെ ജീവന്‍ പൊലിഞ്ഞ അഗ്്നിസുരക്ഷാ ജീവനക്കാരന്‍ ജെ.എസ്. രഞ്ജിത്തിന്റെ വിയോഗത്തിന്റെ കനല്‍ ഉള്ളില്‍ ആളുമ്പോഴും പുറത്തെ തീയണയ്ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിതാന്തപരിശ്രമത്തിലായിരുന്നു. ഒരാഴ്ചയ്ക്കിടെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വന്‍ തീപിടിത്തമാണ് തുമ്പയിലേത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കൊല്ലത്തെ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്.  ഇടിമിന്നല്‍ മൂലം തീപിടിച്ചെന്ന വാദം ഉയര്‍ന്നെങ്കിലും  ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് അധിക‍ൃതര്‍ സ്ഥിരീകരിച്ചില്ല. കൂടിയ അളവില്‍ ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചതാണ് കാരണമെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ നിഗമനം . ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല.  മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ ഒരാഴ്ചക്കിടെ രണ്ട് തീപിടിത്തമായതോടെ അട്ടിമറി സംശയം ബലപ്പെടുന്നു. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടുത്തം ആവര്‍ത്തിക്കുന്നത്.  തീപിടുത്തങ്ങളില്‍ പ്രഖ്യാപനത്തിന് അപ്പുറം കാര്യമായ അന്വേഷണം നടക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കോവിഡ് കാല അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. 

കൊല്ലം ഉളിയക്കോവില്‍ ഗോഡൗണിലെ തീപിടുത്തം കഴിഞ്ഞിട്ട് ഇന്നലെ ആറാം രാത്രിയായിരുന്നു. അപ്പോഴാണ്  തിരുവനന്തപുരം തുമ്പയിലെ ഗോഡൗണും കത്തിച്ചാമ്പലാകുന്നത്.സമാന സാഹചര്യത്തില്‍ തീപിടുത്തം ആവര്‍ത്തിക്കുമ്പോള്‍ ദുരൂഹതകളേറുകയാണ്. എന്തുകൊണ്ട് തീപിടുത്തം എന്നതിന് ഉത്തരമില്ലായെന്ന് മാത്രമല്ല അതുകണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുമില്ലായെന്നതാണ് ദുരൂഹതയുടെ ഒന്നാം കാരണം, എന്തെല്ലാം കത്തിനശിച്ചൂവെന്നതാണ് രണ്ടാമത്തെ ദുരൂഹത. തിരുവനന്തപുരത്ത് തീപിടിച്ചത് മരുന്ന് സൂക്ഷിക്കുന്ന ഇടമല്ല, രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷെ കത്തിയവയില്‍ 2014ല്‍ കാലാവധി തീര്‍ന്ന മരുന്നുകളുമുണ്ട്. അതോടെ രാസവസ്തുക്കളുടെ കൂട്ടത്തില്‍ മരുന്ന് എങ്ങിനെ വന്നൂവെന്ന ചോദ്യവും ഉയരുന്നു. കോവിഡ് കാലത്ത്  മരുന്നുകളടക്കം വിവിധ വസ്തുക്കള്‍ വാങ്ങിയവയില്‍ ക്രമക്കേടെന്ന പരാതി ലോകായുക്ത പരിഗണിച്ച് വരികയാണ്. ആ കേസിലെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിത തീപിടുത്തമെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. പ്രതിപക്ഷ ആരോപണങ്ങളുടെ മുനനീളുന്നത് ആരോഗ്യവകുപ്പിലേക്കും സി.പി.എമ്മിലേക്കുമാണ്. എങ്കിലും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെടുന്നു.