വൃക്കമാറ്റ ശസ്ത്രക്രിയയിലെ അനാസ്ഥ; ആശുപത്രിയിൽ സംഭവിച്ചതെന്ത്?

kidney
SHARE

എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ മസ്തിഷ്കമരണം സംഭവിച്ച തൃശൂര്‍ വരന്തരപ്പിള്ളി ചുള്ളിപ്പറമ്പില്‍ 39കാരനായ ജിജിത്തിന്‍റെ വൃക്കയാണ് കാരണക്കോണം സ്വദേശി സുരേഷ്കുമാറിന് ചേരുമെന്നറിയുന്നത്. പുലര്‍ച്ചെ 3.30ന് തനിക്ക് ചേരുന്ന വൃക്ക ലഭ്യമാണെന്നറിഞ്ഞ് സുരേഷ്കുമാര്‍ നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തുന്നു. 

രണ്ടു പിജി ഡോക്ടര്‍മാര്‍ വൃക്ക കൊണ്ടുവരാനായി സ്വകാര്യ ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്നും ആലുവ രാജഗിരി ആശുപത്രിയിലേക്ക് പുറപ്പെടുന്നു.  ഡോക്ടര്‍സംഘം ആംബുലന്‍സില്‍ രാജഗിരി ആശുപത്രിയില്‍ എത്തുന്നു. ആറുമണിക്കൂര്‍ പത്തുമിനിറ്റ് സമയമെടുത്തു. വിഡിയോ കാണാം.

ഉച്ചയ്ക്ക് 2.30

അവയവം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ പൂര്‍ത്തിയായി. പത്തുമിനിറ്റിനുശേഷം വൃക്കയുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്...

വൈകീട്ട് 5.33

വഴിനീളെ പൊലീസ് അകമ്പടിയോടെ രണ്ട് മണിക്കൂര്‍ 53 മിനിറ്റില്‍ 221 കിലോമീറ്റര്‍ താണ്ടി ആംബുലന്‍സ് തിരുവന്തപുരം മെഡിക്കല്‍ കോളജില്‍. അവിടെയുണ്ടായിരുന്ന സ്വകാര്യ ആംബുലന്‍സ് ‍ഡ്രൈവര്‍മാര്‍ വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ലിഫ്റ്റിനടുത്തേക്ക് ഓടുന്നു. ഡോക്ടര്‍മാര്‍ പിന്നാലെ നീങ്ങി...ഇവിടെ വരെ എല്ലാം കൃത്യമായിരുന്നു. 

5.35

വൃക്കയുമായി പോയവര്‍ മൂന്നാം നിലയിലെ യൂറോളജി ഓപ്പറേഷന്‍ തിയറ്ററിനുമുന്നില്‍.. തിയറ്റര്‍ അടച്ചിരുന്നതിനാല്‍ തുറക്കാനായുള്ള കാത്തുനില്‍പ്.

5.40

ജീവനക്കാരനെത്തി തിയറ്ററിന്‍റെ പ്രവേശനകവാടം തുറക്കുന്നു. 

6 മണി.

വൃക്ക ശസ്ത്രക്രിയടേബിളില്‍ എത്തിച്ചു. പക്ഷേ സര്‍ജന്‍മാര്‍ എത്തിയിരുന്നില്ല. 

8 മണി...

നീണ്ട രണ്ടുമണിക്കൂര്‍... ഒടുവില്‍ സൂപ്രണ്ട് ഇടപെട്ട് സര്‍ജന്‍മാരെ വിളിച്ചുവരുത്തി.

8.15... 

ഡയാലിസിസ് നടത്തിയ ശേഷം രോഗി സുരേഷ് കുമാറിനെ തിയറ്ററിലെത്തിച്ചു

9 മണി.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് തുടക്കം. 

തിങ്കളാഴ്ച പുലര്‍ച്ചെ 1 മണി

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. 

രാവിലെ 11.45

തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ ഹൃദയാഘാതം മൂലം സുരേഷ് കുമാര്‍ മരിച്ചു.  ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിയെ തയാറാക്കുന്നതിലും ഏകോപനത്തിലും നെഫ്രോളജി , യൂറോളജി വിഭാഗങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്ന ആക്ഷേപം ആദ്യം തന്നെയുയര്‍ന്നു. ഈ സമയത്ത് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലറിന്റെ പ്രതികരണമിങ്ങനെ.

എന്നാല്‍ രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അവയവമാറ്റത്തിനിടെ രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ശസ്ത്രക്രിയയില്‍ കാലതാമസമുണ്ടായോ എന്നതില്‍ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. 

രോഗിക്ക് ഡയാലിസിസും അനുബന്ധപരിശോധനകളും നടത്താനുളള കാലതാമസം മാത്രമേ ഉണ്ടായിട്ടുളളുവെന്നാണ് ആശുപത്രി അധികൃതരും വിശദീകരിച്ചത്. പക്ഷേ ആശുപത്രി അധികൃതരേയും ബന്ധപ്പെട്ട ഡോക്ടര്‍മാരേയും വിളിച്ചുവരുത്തി വിശദീകരണം തേടി ആരോഗ്യമന്ത്രി. 

വൈകീട്ടോടെ  സംഭവത്തില്‍ രണ്ടു വകുപ്പു മേധാവിമാര്‍ക്ക് സസ്പെന്‍ഷന്‍. ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരിച്ച സുരേഷിന്റെ ബന്ധുവിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടു. 

MORE IN KERALA
SHOW MORE