തീ പിടിച്ച് ലങ്ക; ജനരോഷം ഭയന്ന് നേതാക്കൾ; ദ്വീപുരാജ്യത്തിന്റെ ഭാവി?

lanka
SHARE

ഒരു വ്യാഴവട്ടത്തിനുശേഷം ശ്രീലങ്ക കലാപഭൂമിയായിരിക്കുന്നു. തെരുവുകള്‍ കത്തുന്നു. കണ്ണില്‍ കണ്ടതെല്ലാം ജനങ്ങള്‍ അടിച്ചുതകര്‍ക്കുന്നു. നേരിടാന്‍ യുദ്ധ സന്നാഹവുമായി സൈന്യം. ജനരോഷത്തില്‍നിന്ന് രക്ഷനേടാന്‍ രാഷ്ട്രീയ നേതാക്കള്‍ ജീവനുംകൊണ്ടോടുന്നു. മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതയാണ് അഗ്നിപര്‍വതം കണക്കെ ലങ്കയില്‍ പൊട്ടിത്തെറിച്ചത്. രണ്ടരക്കോടി മാത്രം ജനസംഖ്യയുള്ള ദ്വീപുരാജ്യത്തിന്റെ ഭാവി ഇനിെയന്താവും?

13 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2009 ല്‍ ശ്രീലങ്കന്‍ ജനതയുടെ നായകരായിരുന്നു രാജപക്സെ കുടുംബം. തമിഴ് വിഘടനവാദികളായ എല്‍.ടി.ടി.ഇയെ ഉന്‍മൂലനം ചെയ്ത് ഭൂരിപക്ഷ സിഹളരുടെ നെഞ്ചില്‍ ഇടംനേടിയ നേതാക്കള്‍.  വിഡിയോ കാണാം: 

അതേ രാജപക്സെ കുടുംബത്തിന്റെ തറവാടുവീടാണ് കഴിഞ്ഞദിവസം കത്തിയമര്‍ന്നത്. കഴിഞ്ഞ ദിവസം വരെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്ന, പത്തുവര്‍ഷം രാജ്യത്തിന്റെ പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായിരുന്ന, രാജപക്സെ സഹോദരന്‍മാരില്‍ ഏറ്റവും കരുത്തനെന്ന് വിലയിരുത്തപ്പെട്ട മഹിന്ദ രാജപക്സെ ജനരോഷം ഭയന്ന് അജ്ഞാതകേന്ദ്രത്തിലൊളിച്ചു. നാടുവിടാന്‍ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. തടയാന്‍ വ്യോമ, നാവിക താവളങ്ങള്‍ വളഞ്ഞ് പ്രക്ഷോഭകാരികളും. തീര്‍ന്നില്ല മുന്‍ മന്ത്രിമാരും എംപിമാരും അടക്കം അന്‍പതോളം രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ കത്തിയമര്‍ന്നു. ജനങ്ങളുടെ കണ്‍വെട്ടത്തുവരാതെ അവര്‍ ഒളിച്ചോടുന്നു. 

 സര്‍ക്കാരുമായി ബന്ധമുള്ള ആളുകള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കുമെന്ന അവസ്ഥ. കൊളംബോയില്‍ മാത്രം മരിച്ചവരുടെ എണ്ണം എട്ടായി. സൈന്യത്തെ ഇറക്കി പ്രതിഷേധം നേരിടാനാണ് ഇപ്പോള്‍ പ്രസിഡന്റിന്റെ ശ്രമം. പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ കര,നാവിക,വ്യോമ സേനകളോടു പ്രസിഡന്റ് ഉത്തരവിട്ടു. സമരക്കാരെ ഭയന്നു പ്രധാന കേന്ദ്രങ്ങളില്‍ നിന്നു പൊലീസ് മാറിനില്‍ക്കുന്നതും സൈന്യത്തെ വിന്യസിക്കാന്‍ കാരണായി. കൊളംബോയിലെ പ്രധാന മേഖലകളിലെല്ലാം ടാങ്കുകളും കവചിത വാഹനങ്ങളും നിരന്നു. യുദ്ധസമാനമായ സാഹചര്യം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്ന ആശങ്ക വ്യാപകമാണ്.

MORE IN INDIA
SHOW MORE