അനുപമം, അമ്മ; ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥ

amma
SHARE

കേരളം ഇന്ന് സാക്ഷ്യം വഹിച്ച കാഴ്ചകൾ. അധികാരികളുടെ ചട്ടവിരുദ്ധമായ പ്രവര്‍ത്തികളുടെ ഫലമാണ് കണ്ടതെല്ലാം. ഒരമ്മയോട് ചെയ്യരുതാത്തതെന്തോ അതെല്ലാം ചെയ്തതിന്‍റെ ബാക്കിപത്രം. തെറ്റുതിരുത്താന്‍ നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ടുമാത്രം കേരള ശിശുക്ഷേമസമിതിക്ക് നീതി ചെയ്യേണ്ടിവന്നു. തിരുവന്തപുരം കുടുംബക്കോടതിയാണ് അനുപമയെ കുഞ്ഞിനരുകിലേക്കെത്തിച്ചത്. ഈ മാസം മുപ്പതിനാണ് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ് വീണ്ടും കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍  സര്‍ക്കാര്‍ വാദങ്ങള്‍ മുന്‍നിര്‍ത്തി അടിയന്തരമായി കേസ് പരിഗണിക്കാന്‍  കുടുംബകോടതി തീരുമാനിക്കുകയായിരുന്നു. 

ആന്ധ്രയിലെ ദമ്പതികള്‍ക്ക് താല്‍ക്കാലിക ദത്തുനല്‍കിയ  കുഞ്ഞിനെ രണ്ടുദിവസം മുന്‍പാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ശിശുക്ഷേമസമിതി തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധന. കുഞ്ഞി അനുപമയുടെയും അജിത്തിന്‍റെയുമാണെന്ന് ശാസ്ത്രീയ പരിശോധനയും വിധിയെഴുതി. എന്നാല്‍ അപ്പോളേക്കും അനുപമക്കും കുഞ്ഞിനും ഇടയില്‍ പതിമൂന്നുമാസം കടന്നു പോയിരുന്നു. ആന്ധ്രയില്‍ നിന്ന് മടക്കിക്കൊണ്ടുവന്നെങ്കിലും കുഞ്ഞിനെകാണാന്‍ ആദ്യം അനുപമക്ക് അനുവാദം കിട്ടിയിരുന്നില്ല. എന്നാല്‍ ഡിഎന്‍എ ഫലം വന്നതോടെ അധികാരങ്ങളുടെ കടുംപിടുത്തങ്ങള്‍ക്ക് തെല്ലും വിലയില്ലാതായി. ഒടുവില്‍ അനുപമ മകനെ കണ്ടു.

കുഞ്ഞ് അമ്മയുടെ കൈകളില്‍ എപ്പോളെത്തും എന്ന ചോദ്യം പിന്നെയും ബാക്കി. കോടതി വീണ്ടും കനിഞ്ഞു. അടിയന്തിരമായി കേസ് പരിഗണിക്കാന്‍ തീരുമാനം. ദത്ത് വിവാദത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ വനിതാ ശിശുവികസന ഡയറക്ടര്‍ ടിവി അനുപമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. 

തുടര്‍ന്ന് കുഞ്ഞ് അനുപമയുടേതാണെന്ന ഡി.എന്‍.എ പരിശോധനാഫലം ഉള്‍പ്പെടെയുള്ള സി.ഡബ്ല്യു.സി റിപ്പോര്‍ട് ഗവണ്‍മെന്‍റ് പ്ലീഡര്‍ എ.ഹക്കിം കോടതിക്ക് കൈമാറി. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍.കോടതിക്കുള്ളില്‍  കുട്ടിയുമായി ശിശുക്ഷേമ സമതി അധികാരികള്‍ ഒരുവശത്ത്. മറുവശത്ത് അനുപമയും അജിത്തും.  കോടതി വീണ്ടും ചേര്‍ന്നു. കുഞ്ഞിനെ കോടതി അനുപമക്ക് കൈമാറി.

കുഞ്ഞുമായി അനുപമ വീട്ടിലേക്ക്. ദുഖവും പേറി അനുപമ കഴിഞ്ഞു കൂടിയ വീട് ഇന്ന് ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. കുഞ്ഞിനെ തിരികെ കിട്ടി. അനുപമക്ക് നീതിലഭിച്ചു എന്നു പറയാനാകുമോ. ഈ നീതി ലഭിച്ചതല്ല. അവര്‍ നേടിയെടുത്തതാണ്. കുഞ്ഞിനെ തിരികെ ലഭിച്ചതോടെ സമരക്കാര്‍ സമരസപ്പെടുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. പോരാട്ടം തുടരും.

ശിശുക്ഷേമ സമിതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ഗുരുതര വീഴ്ച രണ്ട് അമ്മമാരെയാണ് വേദനയുടെ നെരിപ്പോടിലാക്കിയത്.  പ്രസവിച്ച് മൂന്നാനാള്‍ അകന്നുപോയ കുഞ്ഞിനെയോര്‍ത്ത് ഏറെ നീറിയ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു.  ഏറെ കാത്തിരിപ്പിന് ശേഷം കിട്ടിയ പിഞ്ചോമനയെ  വിട്ടുനല്‍കേണ്ടി വന്ന ആന്ധയിലെ അമ്മയുടെ വേദന ബാക്കി. ആ അമ്മയെ ഇപ്പോഴത്തെ വേദനയിലേക്ക് തള്ളിവിട്ടത് അനുപമയല്ല. അനുപമക്ക് നീതി നിഷേധിച്ച അതേ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമാണ് അന്ധ്രയിലെ അമ്മയുടെ നീതിയും നിഷേധിച്ചത്. രണ്ടമ്മമാരുടെ മനസ്സെടുത്ത് പന്താടിയ  നെറികേട്.  ദത്തെടുക്കല്‍ എന്ന പവിത്രതയില്‍ ചാര്‍ത്തപ്പെട്ട കളങ്കം ഇനി എങ്ങനെ മായും?..

MORE IN SPECIAL PROGRAMS
SHOW MORE