കണക്ക് തെറ്റുന്ന കാലാവസ്ഥ; മഴയും പ്രളയവും ഉഗ്രരൂപം പൂളുന്നതെങ്ങനെ?

pralayam
SHARE

പണ്ടൊക്കെ കാരണവന്‍മാര്‍ ഞാറ്റുവേല നോക്കിയാണ് മഴ പ്രവചിച്ചിരുന്നത്. തിരുവാതിരയില്‍ തിരുമുറിയാതെയെന്നും ചോതി കഴിഞ്ഞാല്‍ ചോദിക്കാനില്ലെന്നുമൊക്കെയുള്ള വാമൊഴികളിലൂടെ ഞാറ്റുവേലകളുടെ സ്വഭാവവും പറഞ്ഞുവച്ചു. കാലംമാറിയപ്പോള്‍ ഞാറ്റുവേലക്കണക്കിന് മഴ കാത്തുനില്‍ക്കാതെയായി. ഇപ്പോള്‍ ന്യൂനമര്‍ദമാണ് മഴ എപ്പോള്‍, എവിടെ എങ്ങനെ പെയ്യണമെന്ന് തീരുമാനിക്കുന്നത്. അതിനാവട്ടെ ഒരു വ്യവസ്ഥയുമില്ല. ചിലപ്പോള്‍ തീവ്രമാകും, അതിതീവ്രമാകും, കൊടുങ്കാറ്റും പേമാരിയുമാകാം. ചിലപ്പോള്‍ പെയ്യാതേയുമിരിക്കാം.  കേരളത്തില്‍ കലാവസ്ഥയ്ക്ക് കണക്കുതെറ്റാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. 2015 ലും 16 ലും വരള്‍ച്ച, നൂറ്റാണ്ടിലെ ഏറ്റവും കുറവ് മഴയാണ് 2016 ല്‍ ലഭിച്ചത്. എന്നാല്‍ തൊട്ടടുത്തവര്‍ഷം കലിതുള്ളിയെത്തിയ ഓഖി ചുഴലിക്കാറ്റ് അന്‍പതിലധികം പേരുടെ  ജീവനെടുത്തു.   2018 ല്‍ നൂറ്റാണ്ടിലെ മഹാപ്രളയം. നദികളെല്ലാം കരകവിഞ്ഞു. സംസ്ഥാനം മുഴുവന്‍ വെള്ളത്തിലായി. 483 പേര്‍ മരിച്ചു. വീടും സമ്പാദ്യവും നഷ്ടമായവത് ആയിരങ്ങള്‍ക്ക്. കെടുതിയി‍ല്‍ നിന്ന് ഇന്നും സംസ്ഥാനം കരകയറിയിട്ടില്ല. പിന്നെ ദുരന്തങ്ങളുടെ പ്രവാഹമായിരുന്നു. വിഡിയോ കാണാം: 

2019 ല്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമുലയിലും ഉരുള്‍പൊട്ടി. 76 മനുഷ്യര്‍ മണ്ണിനടിയില്‍ അവസാനിച്ചു. 2020 ല്‍ ഇടുക്കിയിലാണ് ദുരന്തം പെയ്തിറങ്ങിയത്. പെട്ടിമുടിയില്‍ 65 മരണം. ‌ഒടുവില്‍ കൂട്ടിക്കലും കൊക്കയാറും. ഓരോമഴക്കാലവും മലയാളിക്ക് പേടിസ്വപ്നമായിമാറിത്തുടങ്ങി.  

കേരളത്തില്‍ ഉരുള്‍പൊട്ടിയപ്പോള്‍ അങ്ങ് ഉത്തരാഘണ്ഡ് മേഘവിസ്ഫോടനത്തിന്റെ കെടുതികളിലാണ്. കാലാവസ്ഥയ്ക്ക് കാലംതെറ്റുന്നതിന്റെ അടിസ്ഥാന കാരണം ആഗോള താപനവും അതിന്റെ ഉപോല്‍പ്പന്നമായ കാലാവസ്ഥാ വ്യതിയാനവുമാണ്. ഭൗമാന്തരീക്ഷത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതാണ് ആഗോളതാപനം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ അന്തരീക്ഷ താപനിലയില്‍ 1.2 ഡിഗ്രിയുടെ വര്‍ധനവാണുണ്ടായത്.  

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ അതിവേഗം പ്രതിഫലിക്കാന്‍ പാകത്തിലുള്ളതാണ് കേരളത്തിന്‍റെ ഭൂപ്രകൃതി. കിഴക്ക് പശ്ചിമഘട്ടം, പടിഞ്ഞാറ് അറബിക്കടല്‍. മറ്റ് സമുദ്രങ്ങളേക്കാള്‍ വേഗത്തില്‍ അരബിക്കടല്‍ ചൂടുപിടിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ന്യൂനമര്‍ദങ്ങള്‍ കൂടാനും കാലംതെറ്റിയുള്ള മഴയ്ക്കും അത് കാരണമാകുന്നു. മറുവശത്ത് പശ്ചിമഘട്ടത്തിനേല്‍ക്കുന്ന ക്ഷതങ്ങളും ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു.  

വര്‍ധിച്ച ജനസാന്ദ്രതയും ഭൂവിനിയോഗത്തിലെ അശാസ്ത്രീയതയും കേരളത്തില്‍ ദുരന്തങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നു . എന്നാല്‍ കേരളത്തിലോ ഇന്ത്യയിലോ മാത്രമൊതുങ്ങുന്നതല്ല ഈ ദുരന്തങ്ങള്‍. ലോകംമുഴുവന്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്,. ചൈനയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ട് വന്‍ പ്രളയങ്ങളാണുണ്ടായത്. അമേരിക്കയില്‍ കൊടും ചൂട്, വരള്‍ച്ച, കാട്ടുതീ . യൂറോപ്പില്‍ അതി ശൈത്യം, പ്രളയം.    

ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗമാണ് വടക്കുപടിഞ്ഞാറന്‍ അമേരിക്കയില്‍ കഴിഞ്ഞ ജൂണ്‍– ജൂലൈ മാസങ്ങളില്‍ ഉണ്ടായത്. ടെക്സസ് മുതല്‍ ഇല്ലിനിയോസ് വരെ താപനില കുത്തനെ ഉയര്‍ന്നു .പടിഞ്ഞാറന്‍ നവാഡ, ഒറിഗോണ്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളിലും കാനഡയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ഉഷ്ണതരംഗം ആഞ്ഞുവീശി.  കാനഡയില്‍ 49.6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം അഞ്ഞൂറിലധികംപേര്‍ മരിച്ചു. ഉഷ്ണതരംഗത്തിന്റെ ഭാഗമായി കാട്ടുതീയും വ്യാപകമായി. ഈ വര്‍ഷം ഒക്ടോബറില്‍ മാത്രം അമേരിക്കയില്‍ 1500 ഏക്കര്‍ കത്തി. ഇതിന് നേരെ വിപരീതമായിരുന്നു 2019 ലെ കാലാവസ്ഥ. ശീതതരംഗത്തില്‍  20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയപ്പോള്‍ ജീവന്‍ നഷ്ടമായത് 22 പേര്‍ക്ക്.   

യൂറോപ്പിനെ പിടിച്ചുലച്ചത് പ്രളയമാണ്. കടുത്ത മഞ്ഞുവീഴ്ചയും ജനജീവിതം ദുഷ്കരമാക്കി. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തില്‍ രാജ്യങ്ങളെല്ലാം പകച്ചു.  കഴിഞ്ഞ ജൂലൈയില്‍ ഒരുമാസത്തില്‍ പെയ്യേണ്ട മഴ ഒറ്റദിവസം ലണ്ടന്‍ നഗരത്തില്‍ പെയ്തിറങ്ങി. 12 നും 17 നും ഉണ്ടായ ഈ അപ്രതീക്ഷിതമഴ നഗരത്തിന്റെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലാക്കി. ജൂലൈയില്‍ വെസ്റ്റ് ജര്‍മനിയും പ്രളയത്തില്‍ മുങ്ങി. 196 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടേറെ പേരെ കാണാതായി. ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളേയും വെള്ളപ്പൊക്കം ഉലച്ചു. യൂറോപ്പിലാകെ 242 പേര്‍ മരിച്ചു.  

യൂറോപ്് മുഴുവന്‍ വെള്ളത്തിലായപ്പോള്‍ മുങ്ങിപ്പോകാതെ പിടിച്ചുനിന്ന ഒരു രാജ്യമുണ്ട്. നെതര്‍ലന്‍ഡ്സ്. കേരളം മാതൃകയാക്കുമെന്ന് പറഞ്ഞ, ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതികളിലൂടെ നെതര്‍ലന്‍ഡ്സ് പ്രളയജലത്തെ ഒഴുക്കിവിട്ടു.  

റൂം ഫോര്‍ റിവര്‍.... പ്രളയത്തെ തടയാന്‍ നെതര്‍ലന്‍ഡ്സ് നടപ്പിലാക്കിയ വിശാല പദ്ധതികളിലൊന്്നദിക്ക്, അഥവാ വെള്ളത്തിന് ഒഴുകാന്‍ വഴിയൊരുക്കുക തന്നെയാണ് റൂം പോര്‍ റിവര്‍ പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതിനായി നെതര്‍ലന്‍ഡ്സ് നദികളുടെ ആഴവും വീതിയും കൂട്ടി. സമീപപ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം മാറ്റി. വെള്ളം കയറാനിടയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയെല്ലാംേ പുനരധിവസിപ്പിച്ചു. നദികളുടെ കൈവഴികളും വികസിപ്പിച്ചു. പെയ്തിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാന്‍ ആവശ്യത്തിന് സ്ഥലമൊരുക്കി. കടല്‍ഭിത്തികളും നദികള്‍ക്ക് സമീപം വെള്ളംകയറാത്ത വേലികളും നിര്‍മച്ചതോടെ പ്രളയഭീതി ഒരു പരിധിവരെ രാജ്യത്തെ വിട്ടൊഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ കേരളത്തിലും നടപ്പാക്കാവുന്നത്, അല്ലെങ്കില്‍ നിര്‍ബന്ധമായി നടപ്പാക്കേണ്ട പദ്ധതിയാണിത്. നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പലതവണ അത് പറഞ്ഞതുമാണ്. പക്ഷേ എവിടെയും എത്തിയില്ല.  

ആഫ്രിക്കയില്‍ 130 കോടിയോളം ജനങ്ങളെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പറയുന്നത്. വരള്‍ച്ചയും അതിന്റെ ഭാഗമായുണ്ടാകുന്ന പട്ടിണിയും രാജ്യത്തെ ബാധിച്ചുതുടങ്ങി.  

ആഫ്രിക്കയിലെ പലരാജ്യങ്ങളും കകൊടും വരള്‍ച്ചയുടെ പിടിയിലാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 130 കോടി ജനങ്ങള്‍ പട്ടിണി മുന്നില്‍ക്കാണുന്നു. കിളിമഞ്ചാരോ, കെനിയ പര്‍വതങ്ങളിലെ മഞ്ഞുരുകുന്നതിന് വേഗം കൂടിയിട്ടുണ്ട്. ഇത് കടല്‍ നിരപ്പ് ഉയരാനും പലരാജ്യങ്ങളും വെള്ളത്തിലാവാനും ഇടയാക്കും. നിലവിലെ മഞ്ഞുരുകല്‍ തുടര്‍ന്നാല്‍ പത്തുവര്‍ഷത്തിനകം കെനിയ പര്‍വതത്തിലെ മഞ്ഞ് പൂര്‍ണമായി ഇല്ലാതാകുമെന്നും വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

ആഗോളതാപനത്തിന് പ്രധാനകാരണം കാര്‍ബണ്‍ വികിരണമാണ്. ലോകത്ത് 80 ശതമാനം കാര്‍ബണും പുറന്തള്ളപ്പെടുന്നത് ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍ തുടങ്ങിയിവയിലൂടെയാണ്. വികസിത രാജ്യങ്ങളാണ് ഇ മലിനീകരണത്തിന് പ്രധാന ഉത്തരവാദികള്‍.  

ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് ചൈനയാണ്. വര്‍ഷം 10.6 ബില്ല്യണ്‍ മെട്രിക് ടണ്‍. വൈദ്യുതി ഉല്‍പാദനത്തിനായി കത്തിക്കുന്ന കല്‍ക്കരിയാണ് ചൈനയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വികിരണത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ചൈനയ്ക്കു തൊട്ടുപിന്നില്‍ അമേരിക്കയാണ്. 5.41 ബില്ല്യന്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരുവര്‍ഷം പുറന്തള്ളുന്നു. അന്തരീക്ഷം മലിനമാക്കുന്നതില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ  2.65 ബില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് പുറത്തുവിടുന്നത്. റഷ്യയും ജപ്പാനും പിന്നിലായുണ്ട്.  കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ധിച്ചതിനൊപ്പം വനനശീകരണവും കൂടിയായതോടെ ആഗോളതാപനം കൂടി.  

പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യാന്‍തുടങ്ങിയിട്ട് നാളേറെയായി. കേരളത്തിലെ പശ്ചിമഘട്ടം മുതല്‍ അങ്ങ് ബ്രസീലിലെ ആമസോണ്‍ കാടുകള്‍ വരെ അതിനുദാഹരണമാണ്.  

ലോകത്ത് ഓരോവര്‍ഷവും 4 മില്ല്യന്‍ സ്ക്വയര്‍ കിലോമീറ്റര്‍  ഭൂമി കത്തുന്നുവെന്നാണ് കണക്ക്. അതില്‍ ഏറെയും ലോകത്തിന്റെ ഓക്സിജന്‍ എന്നുവിശേഷിപ്പിക്കുന്ന ആമസോണ്‍ കാടുകളില്‍. കഴിഞ്ഞ വര്‍ഷം മാത്രം  മാത്രം ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ 5.4 മില്ല്യന്‍ ഏക്കര്‍ കാടാണ് കത്തിയത്. സര്‍ക്കാര്‍ സ്പോണ്‍സേഡ് കാട്ടുതീയായിരുന്നു അതിലേറെയും എന്നതാണ് ഖേദകരം. ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോ വനനശീകരണത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കാര്‍ഷികാവശ്യത്തിനും വ്യാവസായികാവശ്യത്തിനും വനഭൂംമി ഉപയോഗിക്കാമെന്നാണ് പ്രസിഡന്രിന്റ നിലപാട്. വനം വെളുപ്പിക്കാനും കൃഷിയിടങ്ങളൊരുക്കാനും തീയിടുന്നു. കാടുകള്‍ കത്തുമ്പോള്‍ ഭൗമോപരിതലത്തിലെ താപനില അതിവേഗം ഉയരുന്നു. കാര്‍ബണ്‍ അളവ് ര്‍ധിക്കാന്‍ അത് കാരണമാകുന്നു. വനനശീകരണം ആദിവാസികളുടെയും ജീവജാലങ്ങളുടെയും  ആവാസ വ്യവസ്ഥകളെക്കൂടിയാണ് ബാധിക്കുന്നത്. 

ഇതും പ്രകൃതിയുടെ സന്തുലിതാവസ്ഥ  തകര്‍ക്കാന്‍ കാരണമാകുന്നു  പശ്ചിമഘട്ടത്തിന്റെ കാര്യത്തില്‍ കേരളവും ചെയ്യുന്നത് മറ്റൊന്നല്ല. അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലെത്തിയിട്ടും പശ്ചിമഘട്ട സംരക്ഷണത്തിന് കാര്യമായ നടപടികളില്ല.  ഗാഡ്ഗില്ലും കസ്തൂരി രംഗനും ഇപ്പോഴും വിവാദങ്ങളില്‍ മാത്രം നിറ‍ഞ്ഞുനില്‍ക്കുന്നു.  

ഓരോതവണ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും നമ്മള്‍ പശ്ചിമഘട്ടത്തെ കുറിച്ചും പ്രകൃതിസംരക്ഷണത്തെക്കുറിച്ചും വാതോരാതെ സംസാരിക്കും. അതിലും രാഷ്ട്രീയം കലര്‍ത്തും. വിവാദങ്ങളുണ്ടാക്കും. അതിലപ്പുറം ഒന്നും നടക്കാറില്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് പരിസ്ഥിതി ലോല മേഖലകളില്‍ 3,322 ക്വാറികളുണ്ട്. കസ്തൂരി രംഗന്‍ തയാറാക്കിയ പരിസ്ഥിതി ലോലമേഖലകളിലാണെങ്കില്‍ 655 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ 458 കിലോമീറ്റര്‍ പരിധിയില്‍ ഒട്ടേറെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിയമസഭാ സമിതിയും കണ്ടെത്തിയതാണ്. പക്ഷേ കൂടുതല്‍ നടപടികളൊന്നും ഉണ്ടായില്ല.  

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അതിരൂക്ഷമാകുമ്പോള്‍ അതിനെ നേരിടാനുള്ള ശ്രമത്തിലാണ് രാജ്യാന്തര സമൂഹം. അതില്‍ നിര്‍ണായക ചുവടുവയ്പ്പായിരുന്നു 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി. 197 രാജ്യങ്ങള്‍ ഒപ്പുവച്ച കരാര്‍ ആഗോളതാപനത്തിലെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ, സാധ്യമെങ്കില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്താനാണ് ലക്ഷ്യമിട്ടത്.  

കാര്‍ബണ്‍ വികിരണം സന്തുലിതമാക്കുക എന്നതാണ് 197 രാജ്യങ്ങള്‍ ഒപ്പിട്ട പാരീസ് ഉടമ്പടി ലക്ഷ്യമിടുന്നത്. അതിന് ഓരോ രാജ്യങ്ങളും വ്യക്തമായ പഞ്ചവല്‍സര പദ്ധതികള്‍ ആസൂത്രണം ചെയ്ത് അവതരിപ്പിക്കണമെന്നും കരാറില്‍ നിര്‍ദേശമുണ്ടായിരുന്നു.  വികസിത രാജ്യങ്ങളാണ് കാര്‍ബണ്‍ വികിരണം കൂടുതല്‍ നടത്തുന്നത് എന്നതിനാല്‍ വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ വര്‍ഷം 100 ബില്ല്യന്‍ ഡോളര്‍ സഹായധനം സ്വരൂപിക്കണം. ഈ തുക വികസ്വര രാജ്യങ്ങളില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്നും കരാറില്‍ പറയുന്നു. എന്നാല്‍ പാരീസ് ഉടമ്പടി എത്രത്തോളം പ്രാവര്‍ത്തികമാകുന്നു എന്നതില്‍ സംശയങ്ങളുയരുന്നു. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ വികിരണം നടത്തുന്ന ചൈന 2060 ആവുമ്പോഴേക്കും കാര്‍ബണ്‍ സന്തുലിതാവസ്ഥ കൈവരിക്കുമെന്നുമാണ് പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി സോളാര്‍ ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഖ്യാപിത ലക്ഷ്യത്തിലെത്താന്‍ ഉതകുന്നതല്ല ചൈനയുടെ നടപടികളെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ ചൈന അറുപതിലധികം പുതിയ ഖനികള്‍ക്ക് അനുമതി നല്‍കി. ഓരോ ഘനിയും ചുരുങ്ങിയത് 40 മുതല്‍ 60 വര്‍ഷം വരെ പ്രവര്‍ത്തിക്കും എന്നതിനാല്‍ കല്‍ക്കരി ഉപയോഗം കുറച്ചുകൊണ്ട് കാര്‍ബണ്‍ വികിരണം നിയന്ത്രിക്കുക എന്ന ലക്ഷ്യം പ്രായോഗികമാവാന്‍ സാധ്യത കുറവാണ്.  

ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 2030 ആവുമ്പോഴേക്കും 2005 നെ അപേക്ഷിച്ച് 33– 35 ശതമാനം കാര്‍ബണ്‍ വികിരണം കുറയ്ക്കുമെന്നാണ് ഇന്ത്യയുടെ വാഗ്ദാനം.  വൈദ്യുതി ഉല്‍പാദനത്തിനായി 40 ശതമാനം ഫോസില്‍ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതും പഴയ വാഹനങ്ങള്‍ പൊളിക്കാനുള്ള നയം കൊണ്ടുവന്നതും ഇതിന്റെ ഭാഗമായണ്.  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകള്‍ നിര്‍മിക്കാന്‍ സാമ്പത്തിക സഹായം അനിവാര്യമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

യൂറോപ്യന്‍ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഏറെ മുന്നേറിയത്. 35 ബില്ല്യന്‍ ഡോളറിന്റെ പഞ്ചവല്‍സരപദ്ധതി ഫ്രാന്‍സ് പ്രഖ്യാപിച്ചു 

ചെറിയ ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മാണം, ഇലക്ട്രിക് കാര്‍ നിരമാണം, ഹരിത വിമാനങ്ങള്‍ നിര്‍മിക്കല്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.,  2050 ആവുമ്പോഴേക്കും കാര്‍ബണ്‍ വിഗിരണത്തിന്‍റെ 80 ശതമാനം കുറയ്ക്കുമെന്നാണ് ബ്രിട്ടന്‍റെ വാഗ്ദാനം. നിലവില്‍ 40 ശതമാനം വൈദ്യുതിയും കാറ്റില്‍ നിന്നാണ് ബ്രിട്ടന്‍ ഉല്‍പാദിപ്പിക്കുന്നത്. 

യൂറോപ്പിലെ ഏറ്റവും വലിയ കല്‍ക്കരി നിര്‍മാതാക്കളായ ജര്‍മനി 10 വര്‍ഷംകൊണ്ട് കല്‍ക്കരി ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  

വിവിധ രാജ്യങ്ങളും ഏജന്‍സികളും ആഗോളതാപനം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന അമേരിക്ക കഴിഞ്ഞകാലത്ത് സ്വീകരിച്ച നടപടികള്‍ ശക്തമായ വിമര്‍ശനത്തിനും വിധേയമായി. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയതാണ് കനത്ത തിരിച്ചടിയായത്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും വികസനത്തിന് തടസമാവുമെന്നും ചൂണ്ടിക്കാട്ടിയാണ് 2017 ല്‍ പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയത്. അതോടൊപ്പം രണ്ട് ബില്ല്യന്‍ ഡോളറിന്റെ കാലാവസ്ഥാ ഫണ്ടും ട്രംപ് റദ്ദാക്കി. അമേരിക്കയുടെ പിന്‍മാറ്റം പാരിസ് ഉടമ്പടിക്കേറ്റ കടുത്ത പ്രഹരമായിരുന്നു. 2020 ആവുമ്പോഴേക്കും വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ 100 ബില്ല്യന്‍  ഡോളര്‍ ഫണ്ട് സ്വരൂപിക്കാനുള്ള നീക്കങ്ങള്‍ക്കും ഇട് തിരിച്ചടിയായി.  

ജോ ബൈഡന്‍ പ്രസിഡന്റായ ശേഷം വീണ്ടും ഉടമ്പടിയില്‍ ഒപ്പുവച്ചെങ്കിലും കാര്‍ബണ്‍ വികിരണം സന്തുലിതാവസ്ഥയില്‍ എത്തുക എന്ന ലക്ഷ്യം നേടാന്‍ അമേരിക്ക ഏറെ യത്നിക്കേണ്ടിവരും. ക്രൂഡ് ഓയിലിനെ ആശ്രയിച്ചാണ് അമേരിക്കയുടെ വൈദ്യുതി, വ്യവസായ മേഖലഖള്‍ നിലകൊള്ളുന്നത്. 

വികസിത രാജ്യങ്ങളുടെ കാര്‍ബണ്‍ വികിരണത്തിന്റെ കെടുതി മുഴുവന്‍ ചെറുരാജ്യങ്ങളാണ് അനുഭവിക്കുന്നത്,.  കഴിഞ്ഞ യു.എന്‍.ജനറല്‍ അസംബ്ലിയില്‍ ചെറുരാജ്യങ്ങള്‍, പ്രത്യേകിച്ച് ദ്വീപുരാജ്യങ്ങളും തീരപ്രദേശത്തുള്ള രാജ്യങ്ങളും ആഗോളതാപനം തടയാന്‍ ശക്തമായനടപടി ആവശ്യപ്പെട്ടിരുന്നു. 

ആഗോളതാപനം കാരണം ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ അതിവേഗമാണ് ഉരുകുന്നത്. അതിന് ആനുപാതികമായി സമുദ്രനിരപ്പും ഉയരുന്നു. കടല്‍ പ്രതിവര്‍ഷം 3.6 മില്ലി മീറ്റര്‍ ഉയരുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 1993 ലെ അപേക്ഷിച്ച് 2050 ആവുമ്പോഴേക്കും 30 സെന്റിമീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊച്ചിയടക്കം ലോകത്തെ 50 നഗരങ്ങള്‍ കടല്‍കയറ്റ ഭീഷണിയിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഏറ്റവും കുറവ് കാര്‍ബണ്‍ പുറത്തുവിടുന്ന  തീരരാജ്യങ്ങളും ദ്വീപുകളുമാണ് ഈ ദുരന്തത്തിന്റെ ആദ്യ ഇരകളാവുക. രാജ്യം കടലെടുക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കുപോകാന്‍ ഇടമില്ലാതാകും. 

ലോകംമുഴുവന്‍ കാലാവസ്ഥാവ്യതിയാനം തടയാനും ആഗോളതാപനം കുറയ്ക്കാനും ഒത്തൊരുമിക്കുമ്പോള്‍ കേരളത്തിന് ഇനി എന്താണ് ചെയ്യാനുള്ളത്.

കേരളത്തില്‍ ആധുനിക കാലാവസ്ഥാ നിര്‍ണയ സംവിധാനങ്ങളില്ല എന്നതാണ് പ്രധാന പോരായ്മകളിലൊന്ന്.  മേഖവിസ്ഫോടനമാണ് കൂട്ടികലിലും കൊക്കയാറിലുമുണ്ടായ ദുരന്തങ്ങള്‍ക്ക് കാരണം. കേരളത്തിലെ എസ് ബാന്‍ഡ് റഡാറുകള്‍ക്ക് മേഘവിസ്ഫോടനം പ്രവചിക്കാനുള്ള ശേഷി കുറവാണ്. കൂടുതല്‍ കരുത്തുള്ള എക്സ് ബാന്‍ഡ് റഡാറുകളാണ്  ഉപയോഗിക്കേണ്ടത്. അത് സ്ഥാപിക്കേണ്ടത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉത്തരവാദിത്തവുമാണ്. സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്നുണ്ടെങ്കിലും അതും പ്രയോജനം ചെയ്തില്ലെന്ന് ഇപ്പോഴത്തെ ദുരന്തങ്ങള്‍ വ്യക്തമാക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകള്‍ കണ്ടെത്തി അവിടെയുള്ള ആളുകളെ പുനരധിവസിപ്പിക്കാനും സംവിധാനമൊരുക്കേണ്ടതുണ്ട്. സമയവും ചിലവും ഏറിയതാണെങ്കിലും ദുരന്തങ്ങളുടെ ആക്കം കുറയ്ക്കാന്‍ ഇതനിവാര്യമാണ്. 

ഈമാസം 31 മുതല്‍ ഗ്ലാസ്ഗോയില്‍ ചേരുന്ന സി.ഒ.പി. 26 കാലാവസ്ഥാ ഉച്ചകോടി നിലവിലെ സാഹചര്യത്തിുല്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം തടയാന്‍ വിവിധ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ യോഗം വിശദമായി ചര്‍ച്ചചെയ്യും.  

ലോകത്ത് സമീപകാലത്തുണ്ടായ കല്‍ക്കരി, പ്രകൃതിവാതക ക്ഷാമവും അതിന്റെ ഫലമായുണ്ടായ വൈദ്യുതി പ്രതിസന്ധ്യയും സി.ഒ.പി. 26 ല്‍ ചര്‍ച്ചയാവും എന്നുറപ്പാണ്. കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതോടെ ചൈനയും ഇന്ത്യയും കല്‍ക്കരി ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യുറോപ്യന്‍ രാജ്യങ്ങള്‍ പ്രകൃതിവാതകം കൂടുതലായി വാങ്ങുന്നുണ്ട്. പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകള്‍ നിര്‍മിക്കാത്തതാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. വികസ്വര രാജ്്യങ്ങളെ സഹായിക്കാന്‍ വര്‍ഷം 100 ബില്ല്യന്‍ ഡോളര്‍ സഹായധനം സ്വരൂപിക്കുക എന്ന ലക്ഷ്യവും അകലെയാണ്. അതിനിടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യം അട്ടിമറിക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സൗദി അറേബ്യ, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. യു.എന്‍. ആവശ്യപ്പെടുന്ന വിധം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതില്ലെന്നാണ് ഈ രാജ്യങ്ങള്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നത്. വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ ഫണ്ട് രൂപീകരിക്കുന്നതിനെയും ഈ രാജ്യങ്ങള്‍ എതിര്‍ക്കുന്നുണ്ട്. 

ലോകം ഏറ്റവും വലിയ വിപത്താണ് മുന്നില്‍കാണുന്നത്.  നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ പോലും ആഗോളതാപനം രണ്ട് ഡിഗ്രിയില്‍ നിര്‍ത്താനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും കെടുതികള്‍ . പ്രളയമായും ഉരുള്‍പൊട്ടലായും ഉഷ്ണ, ശീത തരംഗങ്ങളായും വരള്‍ച്ചയായും അത് മനുഷ്യരാശിക്കുമേല്‍ പതിച്ചുകൊണ്ടേയിരിക്കും  കേരളത്തിനും അതില്‍ നിന്ന് മോചനമില്ല. താങ്ങാനാവാത്തവിധം പ്രകൃതി ക്ഷോഭിക്കും മുന്‍പ് ശക്തമായ നടപടികള്‍ സ്വീകരിച്ചേമതിയാകൂ.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...