വുഹാനിലെ വവ്വാലോ? ദുരന്തം വന്നതെങ്ങനെ?; ലോകം തിരയുന്ന ഉത്തരത്തിന്റെ കഥ

mahamari
SHARE

നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെ, കോവിഡ് മഹാമാരിയെ തോല്‍പ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകം. ലോകത്തെ രണ്ടുവര്‍ഷം നിശ്ചലമാക്കിയ കോവിഡ് 19 ല്‍ ഇതുവരെ  38 ലക്ഷത്തോളം  മനുഷ്യര്‍ മരിച്ചു. നിരവധി രാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ നാമോരോരുത്തരും കഠിന പ്രയത്നത്തിലാണ്. എന്തുകൊണ്ട് നമ്മളീ ദുരന്തത്തിലൂടെ കടന്നു പോവേണ്ടി വന്നു. പ്രകൃതി നല്‍കിയ ശിക്ഷയാണോ അതോ മനുഷ്യര്‍ സ്വയം തുറന്നതാണോ ഈ പാന്‍ഡോരയുടെ പെട്ടി?

കഴിഞ്ഞ വര്‍ഷമാദ്യം, കോവിഡ് ലോകത്തെ ഗ്രസിച്ചു തുടങ്ങിയപ്പോള്‍ രോഗകാരണമായ കൊറോണ വൈറസിന്‍റെ ഉല്‍ഭവം സംബന്ധിച്ച് മറ്റൊരു പരിപാടിയിലൂടെ മനോരമ ന്യൂസ് പ്രേക്ഷകരോട്  പറഞ്ഞു. അന്ന് ലഭ്യമായ വിവരങ്ങള്‍ പറഞ്ഞത്  ചൈനയിലെ വുഹാനില്‍ ആദ്യം കണ്ടെത്തിയ വൈറസ്, വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അവിചാരിതമായി പകര്‍ന്നു കിട്ടി എന്നായിരുന്നു. വവ്വാലുകളില്‍ കാണപ്പെടുന്ന വൈറസ്, വന്യമൃഗങ്ങളെ മാംസാവശ്യത്തിന് വില്‍ക്കുന്ന ചന്തയില്‍ നിന്ന് മനുഷ്യരിലേക്കെത്തി എന്നായിരുന്നു ചൈന പറ​ഞ്ഞത്. വലിയ പരിധിവരെ ലോകം അത്  വിശ്വസിക്കുകയും ചെയ്തു.

ഹുബെ പ്രവിശ്യയിലെ വുഹാനില്‍ അപകടകാരിയായ ഒരു ന്യുമോണിയ പടരുന്നെന്ന് 2019 ഡിസംബറില്‍ത്തന്നെ ചൈന ലോകത്തെ അറിയിച്ചു. വുഹാനിലെ പ്രശസ്ത മാംസ – കടൽവിഭവ മാർക്കറ്റായ ഹുനാനിലെ കച്ചവടക്കാരിലാണു രോഗം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ചൈനീസ് സര്‍ക്കാര്‍  പറഞ്ഞത്. വവ്വാലുകളെയും പാമ്പുകളെയുമൊക്കെ വിൽക്കുന്ന ചന്തകൾ ചൈനയിൽ വ്യാപകമാണ്. സാർസ്, മെർസ് എന്നീ മാരക കൊറോണ വൈറസുകളും വവ്വാലുകളിൽ നിന്നാണു പടർന്നത്. കേരളത്തിൽ നിപ്പ വൈറസ് പരത്തിയതും വവ്വാലാണെന്നായിരുന്നു നിഗമനം.  പക്ഷേ മാംസ ചന്തകള്‍ മാത്രമായിരുന്നിരുന്നില്ല വുഹാന്‍റെ പ്രത്യേകത. ചൈനയിലെ ഏറ്റവു ം പ്രശസ്തമായ ഗവേഷണ സ്ഥാപനം, വൂഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഹുനാന്‍ മാര്‍ക്കറ്റില്‍ നിന്ന് ഏറെ ദൂരെയായിരുന്നില്ല. അപകടകാരികവായ കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പേരു കേട്ട സ്ഥാപനമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. ചൈനയുടെ വവ്വാല്‍ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞ് ആദ്യം രംഗത്തെത്തിയത് യുഎസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണായിരുന്നു. പുതിയ കൊറോണ വൈറസിന്‍റെ വരവില്‍ സംശയം പ്രകടിപ്പിച്ച  സെനറ്റര്‍ കോട്ടണ്‍,  വുഹാന്‍ ലാബിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന്  പറഞ്ഞു.  അതിന് ചില പശ്ചാത്തലങ്ങള്‍ കൂടിയുണ്ടായിരുന്നു. 2017ല്‍ യുഎസ് ബയോസേഫ്ടി വിദഗ്ധര്‍ വുഹാന്‍ ലാബ് വേണ്ട സുരക്ഷാ മംനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. 2020 ജനവുരിയില്‍ പ്രശസ്ത സയന്‍സ് ജേണലായ  ലാന്‍സെറ്റില്‍ വൈറസ് ബാധയെക്കുറിച്ച് ചൈനീസ് ഗവേഷകരുടേതായി വന്ന ആദ്യ ലേഖനത്തില്‍ ചികില്‍സയിലിരിക്കുന്ന 41 പേരില്‍ 13 പേര്‍ക്കും വുഹാനിലെ ചന്തയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. സാര്‍സ് കൊറോണ 2 വൈറസ് ആദ്യം സ്ഥിരീകരിച്ച വ്യക്തിക്കും മാര്‍ക്കറ്റുമായി ബന്ധമില്ലായിരുന്നു എന്നതാണ് ശ്രദ്ധേയം.  ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫിസറുമായ ഡാനി ഷോഹവും വവ്വാല്‍ സിദ്ധാന്തത്തെ തള്ളിക്കള‍ഞ്ഞ് രംഗത്തെത്തി.  വുഹാനിൽ നിന്നു പടർന്ന നിഗൂഢമായ കൊറോണ വൈറസ്, ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്നായിരുന്നു ഷോഹത്തിന്‍റെ വാദം.  വാഷിങ്ടണ്‍ ടൈംസ് മാസികയിലെ ലേഖനത്തിലൂടെ ഈ വാദം ഉന്നയിക്കുമ്പോള്‍  പക്ഷേ  ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ ഷോഹത്തിന് കഴിഞ്ഞില്ല.

വുഹാനിലെ ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തുപോയതാണ് പുതിയ കൊറോണ വൈറസെന്ന സംശയം ശാസ്ത്ര ലോകത്ത്  ബലപ്പെട്ടെങ്കിലും ചൈനാ വിരുദ്ധതയ്ക്ക് പേരുകേട്ട പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഈ പ്രചാരണം ഏറ്റടുത്തത് ബെയജിങ്ങിന് ഗുണമായി. ചൈനീസ് വിരുദ്ധര്‍ കെട്ടിച്ചമച്ച കഥയെന്ന് വേഗത്തില്‍ സ്ഥാപിക്കാന്‍ അവര്‍ക്കായി. പക്ഷേ,കൊറോണ വൈറസ് ബാധ ചൈനാ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ  ലോകത്തിന് മുന്നറിയിപ്പ് നല്‍കിയ  ഡോക്ടർ ലീ വെൻലിയാങിനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി സംശയങ്ങള്‍ അവശേഷിപ്പിച്ചു.

വൈറസ് മനുഷ്യനിര്‍മ്മിതമെന്ന പ്രചാരണത്തെ കൃത്യമായ പ്രചാരവേലയിലൂടെ അവസാനിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാരിനായി. പ്രമുഖ മാധ്യമങ്ങളെയും ശാസ്ത്രഗവേഷകരെയുമെല്ലാം ഇതിനായി രംഗത്തിറക്കി. വൈറസ് ചൈനീസ് നിര്‍മ്മിതമെന്ന വാദത്തിനെതിരെ വളരെപ്പെട്ടന്നാണ് ശാസ്ത്രലോകം രംഗത്തെത്തിയത്. തീവ്രവലതുപക്ഷം പുറത്തുവിടുന്ന സൈനോഫോബിയയുടെ, ചൈനീസ് വിരുദ്ധതയുടെ തെളിവാണ് ഇത്തരം വാദങ്ങള്‍ എന്നായിരുന്നു പ്രചാരണം. ലോകപ്രശസ്ത ശാസ്ത്രജ്ഞര്‍ തന്നെ ചൈനയുടെ വക്ത്താക്കളായി രംഗത്തെത്തിയതോടെ മറുവാദം ദുര്‍ബലമായി. പുതിയ കൊറോണ വൈറസും മനുഷ്യരിലേക്കു പടർന്നത് വവ്വാലുകളിൽനിന്നാകാമെന്ന പഠനം നേച്ചർ മാസികയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. രോഗിയിലെ വൈറസിന്റെ ജനിതകഘടന പരിശോധിച്ചുള്ള നിരീക്ഷണം വൈറസ് മനുഷ്യരിലേക്കു പടർന്നത് വവ്വാലുകളിൽനിന്നാകാമെന്ന് വ്യക്തമാക്കുന്നതായി ലേഖനം പറഞ്ഞു. മുൻപ്, എണ്ണൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ സാർസ് രോഗത്തിനു കാരണമായ കൊറോണ വൈറസുകളുമായി ഏറെ സാമ്യമുള്ളതാണ് പുതിയ വൈറസുമെന്ന് പഠനം ചൂണ്ടിക്കാട്ടി. 

ലോകത്തിലേറ്റവും ആധികാരികമായ ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സറ്റ് പ്രസിദ്ധീകരിച്ച,  27 പ്രശസ്ത ശാസ്ത്രജ്ഞര്‍ ഒപ്പിട്ട പ്രസ്താവനായായിരുന്നു അടുത്തത്.   കൊറോണ വൈറസിന്‍റെ ഉല്‍ഭവം വന്യമൃഗങ്ങളില്‍  നിന്നാണെന്ന ചൈനീസ് വാദം പൂര്‍ണമായും വിശ്വസനീയമാണ്. മറ്റ് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കൊന്നും നിലനില്‍പ്പില്ല. ചൈനീസ് ഗവേഷകര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും ഞങ്ങള്‍ പൂര്‍ണപിന്തുണ അറിയിക്കുന്നു ലേഖനം പറഞ്ഞു,. ലാന്‍സെറ്റ് ലേഖനം സംശയാലുക്കളുടെ വായടപ്പിച്ചു. എന്നിട്ടും സംശയം തീരാത്തവര്‍ക്കായി വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാന ഗവേഷക ഷി ഷെങ്​ലിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത് സയന്‍സ് മാഗസിനാണ്. വൈറസ് ലാബില്‍ നിന്ന് പുറത്തു ചാടിയതല്ലെന്ന് ആണയിട്ട ലീ, ഡോണള്‍ഡ് ട്രംപ് ചൈനയോട് മാപ്പു പറയണമെന്നു പോലും ആവശ്യപ്പെടട്ു. ഇതോടെ  കാര്‍പാത്യന്‍ മലനിരകളിലെ വവ്വാലിനെ പഴിച്ച് ലോകം മുന്നോട്ടുപോയി. 

അപ്പോഴും വൈറസ് വാഹകനായ വവ്വാലിനെ കണ്ടെത്താനുള്ള ശ്രമം ഗവേഷകര്‍ തുടര്‍ന്നു. പക്ഷേ വര്‍ഷമൊന്നു കഴിഞ്ഞിട്ടും  2019 അവസാനം വുഹാനില്‍ കണ്ടെത്തിയ വൈറസിനോട്  സാമ്യമുള്ള ഒന്നിനെ വഹിക്കുന്ന വില്ലന്‍ വവ്വാലിനെ കണ്ടെത്താന്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളൊന്നും പക്ഷെ ചൈനയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയതുമില്ല.  ഇതിനിടയില്‍ കൗതുകരമായ മറ്റു ചില വസ്തുതകള്‍ പുറത്തുവന്നു. ലാന്‍സെറ്റിലെ ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പീറ്റര്‍ ഡസാഖ് എന്ന  അമേരിക്കന്‍ വൈറോളജിസ്റ്റാണ്. ഡസാഖിന്‍റെ എക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സ്ഥാപനമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുെട പ്രധാനസാമ്പത്തിക സഹായം നല്‍കുന്നത്.   20 വര്‍ഷത്തിലേറെയായി വൈറസുകളുടെ ജനിതഘടനയില്‍ മാറ്റം വരുത്തി നടത്തുന്ന അങ്ങേയറ്റം അപകടകരമായ പരീക്ഷണങ്ങളാണ് ഡസാഖിനെപ്പോലുള്ളവര്‍ നടത്തി വരുന്നത്. തീര്‍ത്തും സുരക്ഷിതമായാണ്  തങ്ങഴളുടെ പരീക്ഷണങ്ങളെന്നാണ് ഗവേഷകസംഘത്തിന്‍റെ അവകാശവാദം.  മാത്രമല്ല പ്രകൃതികരുതി വച്ചിരിക്കുന്ന ഭീഷണികളെ ചെറുക്കാനുള്ള മുന്‍കൂട്ടിയുള്ള തയാറെടുപ്പാണ് ഈ ഗവേഷണങ്ങളെന്ന ഖ്യാതിയുമുണ്ട്.  നേച്ചര്‍ മാസികയിലെ ലേഖനത്തിനും ഒരു അമേരിക്കന്‍ ബന്ധമുണ്ടായിരുന്നു  .കാലിഫോര്‍ണിയയിലെ സ്ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്രിസ്റ്റ്യന്‍ ജി ആന്‍ഡേഴ്സണായിരുന്നു ഈ ലേഖനത്തിന്‍റെ പ്രധാന രചയിതാവ്.വൈറസിന്‍റെ ഉല്‍ഭവം സംബന്ധിച്ച് നടത്തേണ്ട ആധുനിക ഗവേഷണസാധ്യതകളൊന്നും പ്രയോജനപ്പെടുത്താതെ വളരെപ്പെട്ടന്ന് നിഗമനങ്ങളിലേക്കെത്തുകയായിരുന്നു രണ്ട് ലേഖനങ്ങളും .ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനത്തിന്‍റെ അകമഴിഞ്ഞ പിന്തുണയും ചൈനയ്ക്ക് തുണയായി. 

കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമെന്ന ചൈനയെ അങ്ങേയറ്റം പ്രതിരോധത്തിലാക്കാവുന്ന കണ്ടെത്തലിനെ മുളയിലേ നുള്ളിയത് രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു എന്നതാണ് കൗതുകകരം. ചൈനയെ സഹായിക്കാന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഒരു കാരണവശാലും ശ്രമിക്കില്ലല്ലോ എന്ന് മാധ്യമലോകവും വിലയിരുത്തി. പക്ഷേ ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോകാരോഗ്യസംഘടന നിയോഗിച്ച വിദഗ്ധ സംഘം വുഹാനിലെത്തുമ്പോളും വൈറസിന്‍റെ സ്വാഭാവിക ഉല്‍ഭവത്തിന്‍റെ തെളിവൊന്നും ഹാജരാക്കാന്‍ ചൈനീസ് ഗവേഷകര്‍ക്ക് കഴി​ഞ്ഞില്ല. 

ഷി ഴെങ് ലി. ശാസ്ത്രലോകം വവ്വാല്‍ വനിതയെന്ന് വിളിക്കുന്ന ഷി ഒരു പക്ഷേ ലോകഗതിയെത്തന്നെ മാറ്റാവുന്ന ആ രഹസ്യം ഹൃദത്തില്‍ സൂക്ഷിക്കുന്നുണ്ട്. വൈറസ് മനുഷ്യനിര്‍മ്മിതമെങ്കില്‍ അത് ഈ കൈകളറിയാതെ നടക്കില്ല. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പ്രധാന ശാസ്ത്രജ്ഞയായ ഷി യുടെ പഠനപശ്ചാത്തലവും പ്രധാനമാണ്. 2002 ൽ സാർസ് പൊട്ടിപ്പുറപ്പെട്ട ശേഷം വിവിധതരം കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ഷി.  ഷിയുടെ ഗേവഷണങ്ങളുടെ പ്രധാനഘട്ടം  അമേരിക്കയിലെ നോര്‍ത്ത് കരോളൈന സര്‍വകലാശാലയിലെ ഗവേഷകന്‍ റാല്‍ഫ് എസ് ബാറിക് ( Ralph s baric) നൊപ്പമായിരുന്നു. കൊറോണ വൈറസിന് മനുഷ്യകോശങ്ങളെ എങ്ങനെ ബാധിക്കാന്‍ കഴിയും എന്ന താരതമ്യേന അപകടകരമായ ഗവേഷണമായിരുന്നു ഇത്. യുഎസില്‍ നിന്ന് തിരിച്ചെത്തി ഷി ഴെങ് ലീ വുഹാനിലെ ലാബില്‍ ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നു. അതും യുഎസ് ആരോഗ്യവകുപ്പിന്‍റെ സാമ്പത്തിക സഹായത്തോടെ. ഈ ഫണ്ടിന്‍റെ ഇടനിലക്കാരനാണ് ലാന്‍സെറ്റ് ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പീറ്റര്‍ ഡസാഖ്  എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതായത് അമേരിക്കന്‍ സര്‍ക്കാരിന്‍റെ സാമ്പതത്ിക സഹായത്തോടെയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ഈ അപകടകാരിയായ ഗവേഷണങ്ങള്‍ നടക്കുന്നത്. 

ഇനി, ഇത്ര അപകടകരമായ ഗവേഷണം നടത്താന്‍ സജ്ജമാണോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യട്ട ഓഫ് വൈറോളജി? അല്ല എന്ന് അമേരിക്കയുടെ തന്നെ വിദഗ്ധ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് തലത്തിലുള്ള സുരക്ഷാമുന്‍കരുതലുകളാണ് ഇത്തരം ലാബുകളില്‍ ഉണ്ടാവുക. BSL4 ആണ് ഏറ്റവും പഴുതടച്ച സുരക്ഷ. എന്നാല്‍ താരതമ്യേന കുറഞ്ഞതലമായ BSL 2വാണ് ഷി ഴെങ് ലീ ഉപയോഗിച്ചിരുന്നതെന്ന് അവരുടെ തന്നെ പ്രബന്ധങ്ങള്‍ വ്യക്തമാക്കുന്നു.   SOT Dr Shenoy

 ആധുനിക ശാസ്ത്ര ചരിത്രം പരിശോധിച്ചാല്‍ പരീക്ഷണശാലകളില്‍ നിന്ന് ചോര്‍ന്ന വൈറസ് മഹാമാരികളും പകര്‍ച്ച വ്യാധികളും സൃഷ്ടിച്ചതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.  ഉദാഹരണത്തിന് 1960കളിലും 70 കളിലും വസൂരി വൈറസുകള്‍ ഇംഗ്ലണ്ടിലെ ലാബുകളില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്.  സാര്‍സ് 1  വൈറസുകള്‍ സിംഗപൂരിലെയും തയാവാനിലെയും ചൈനയിലെയും ലാബുകളില്‍ നിന്നും പുറത്തുപോയിട്ടുണ്ട്. 

ഇനി ,മറ്റു ചില വസ്തുതകള്‍ കൂടി പരിശോധിക്കാം ( GFX)   കോവിഡ് 19 ന് കാരണമായ കൊറോണ വൈറസ് , വുഹാന്‍ ലാബില്‍ നിന്നാ പുറത്തു ചാടിയതാണ് എന്ന വിശ്വാസം ബലപ്പെടുന്നതിന്‍റെ ചില കാരണങ്ങളാണിവ. ഒന്ന്, വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കെത്തിയ  വൈറസുകള്‍ സാര്‍സ് 1, മെര്‍സ് എന്നിവ പ്രകൃതിയില്‍ത്തന്നെ അവയുടെ ഉല്‍ഭവം സംബന്ധിച്ച കൃത്യമായ തെളിവുകള്‍ അവശേഷിപ്പിച്ചിരുന്നു. ചൈനയുടെ തെക്കുകിഴക്കൻ ഭാഗത്തുനിന്ന് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാർസ് രോഗത്തിന് കാരണമായ വൈറസ് വാഹകനായ മൃഗത്തെ  നാലുമാസത്തിനുളളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഭീതിപടർത്തിയ മെർസ് രോഗത്തിനു കാരണക്കാരായ കൊറോണ വൈറസ് ഒട്ടകങ്ങളിലൂടെയാണ് മനുഷ്യരിലേക്കെത്തിയതെന്ന് 9 മാസം കൊണ്ട് ശാസ്ത്രലോകം കണ്ടെത്തിയിരുന്നു.  പക്ഷേ കോവിഡ് 19 ന് കാരണമായ വൈറസിന്‍റെ സ്വാഭാവിക ഉറവിടത്തെ കണ്ടെത്താന്‍ ഒരു വര്‍ഷവും മൂന്നുമാസവുമാവുമ്പോളും കഴിയുന്നില്ല. 

മാത്രവുമല്ല, നോവല്‍ കൊറോണ വൈറസ് വന്ന വഴിയെക്കുറിച്ചുള്ള ചൈനീസ്  വിശദീകരണവും യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാത്തതാണ്.  ഈ വൈറസിനോട് ഏറ്റവും സാമ്യമുള്ള വൈറസിനെ കണ്ടെത്തിയത് യുനാന്‍ പ്രവിശ്യയിലെ ഗുഹകളില്‍ ജീവിക്കുന്ന വവ്വാലുകളിലാണ്.  ഈ വവ്വാലുകള്‍ സ‍ഞ്ചരിക്കുന്ന പരമാവധി ദൂരം 50 കിലോ മീറ്ററാണ്.   കോവിഡ് 19  ആദ്യം കണ്ടെത്തിയത് യുനാനിനല്ല മറിച്ച്  1500 കിലോമീറ്റര്‍ അകലെയുള്ള വുഹാനിലാണെന്നതാണ് വിചിത്രം.  രോഗം സ്ഥിരീകരിച്ച  സെപ്റ്റംബര്‍ മാസം വവ്വാലുകളുടെ ശീതകാല നിദ്രയുടെ സമയവുമാണ്.  ഇനി വവ്വാലുകളില്‍ നിന്ന് വന്യമൃഗത്തിലേക്ക് പടര്‍ന്ന്, ആ വന്യമൃഗം വുഹാനിലെത്തിയതാണെന്ന വാദം പരിശോധിക്കാം.  അങ്ങനെയെങ്കില്‍ വരുന്ന വഴിയില്‍ നിരവധി മൃഗങ്ങള്‍ക്ക് വൈറസ് പകര്‍ന്നു കിട്ടണം. അങ്ങനെയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. യൂനാന്‍ ഗൂഹകളിലെ വവ്വാലില്‍ നിനന്ന്  വൈറസ് വൂഹാനിലെ മനുഷ്യരിലേക്ക് നേരെ ചാടി എന്നത് കൊറോണ വൈറസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അവിശ്വസനീയമാണ്. അതേസമയം,  ഷി ഴെങ് ലിയുടെ ഗവേഷണവസ്തുക്കളില്‍ യുനാനില്‍ നിന്നുള്ള കൊറോണ വൈറസ് ഉണ്ടായിരുന്നു താനും.      

കൊറോണ വൈറസ് ആദ്യമായല്ല മനുഷ്യന് ഭീഷണി ഉയര്‍ത്തുന്നത്. നേരത്തെ സൂചിപ്പിച്ച സാര്‍സും ,മെര്‍സുമൊക്കെ ഇക്കൂട്ടര്‍ തന്നെ കൊണ്ടു വന്നതാണ്. പക്ഷേ അതൊന്നും കോവിഡ് 19 പോലെ ഭൂഖണ്ഡങ്ങളെയാകെ ബാധിച്ചില്ല. പ്രത്യേക മേഖലകളില്‍ ഒതുങ്ങി, അവയെ പിടിച്ചു നിര്‍ത്താനായി . പക്ഷേ സാര്‍സ് കൊറോണ 2 നെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ചൈന നടത്തിയ അസാധാരണമായ നീക്കം കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണമായി.  പ്രകൃതിയാണ് കുറ്റക്കാരനെങ്കില്‍ എന്തിനാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ ഒളിച്ചുവയ്ക്കലിന് ശ്രമിച്ചത്. 

രോഗബാധയുടെ തുടക്കത്തില്‍ ഏറ്റവുമധികം പകച്ചുപോയത് അമേരിക്കയായിരുന്നു. ലോകസാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരം മരണഭൂമിയായി മാറിയത് ലോകത്തെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചു. കോവിഡ് 19 നെ ചൈനീസ് പ്ലേഗ് എന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ ശക്തമായി രംഗത്തെത്തി. വൈറസിന്‍റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവയ്ക്കുകയാണെന്ന് ട്രംപ് പറഞ്ഞു. കൊറോണ വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതിനു പിന്നിൽ യുഎസ് സൈന്യമാകാമെന്ന ചൈനീസ് വക്താവിന്റെ പ്രസ്താവന നയതന്ത്രബന്ധം വഷളാക്കി. വ്യാപാരയുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നായിരുന്നു ചൈനയിലെപ്രചാരണം.

ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) യുഎസ് പ്രതിവർഷം നൽകിവന്നിരുന്ന 50 കോടി ഡോളർ സാമ്പത്തിക സഹായം നിർത്തിവയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ചൈനയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതിലും രോഗവ്യാപനം ചെറുക്കുന്നതിലും ഡബ്ല്യു എച്ച്ഒ പരാജയപ്പെട്ടതായി ട്രംപ് ആരോപിച്ചു.  പക്ഷേ ചൈനയക്കൊപ്പം നിന്ന ലോകാരോഗ്യസംഘടന ട്രംപിന്‍റേത് വിടുവായത്തമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു.

 ഇതിനിടെ, വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്നു  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഏറ്റു പറ‍ഞ്ഞു. അപ്പോളും  വന്യജീവികളില്‍ നിന്നാണ് വൈറസ് വന്നതെന്ന് പാര്‍ട്ടി ആവര്‍ത്തിച്ച് പറഞ്ഞു. അനധികൃത വന്യജീവി വ്യാപാരകേന്ദ്രങ്ങളും വിൽപനയും തടയാൻ കർശന നടപടികൾ ഉണ്ടാവുമെന്നും പിബി വ്യക്തമാക്കി. ഇതിനിടെ ലോക രാജ്യങ്ങളൊന്നൊന്നായി കോവിഡ് 19 ന്‍റെ പിടിയിലമര്‍ന്നു. 2020 മെയില്‍ ലോകാരോഗ്യസംഘടനയുടെ നയരൂപീകരണ സമിതിയായ ആരോഗ്യ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ യൂറോപ്യൻ യൂണിയനും മറ്റു ചില രാജ്യങ്ങളും വൈറസിന്‍റെ ഉറവിടം സംബന്ധിച്ച അന്വേഷണം വേണമെന്ന പ്രമേയം കൊണ്ടുവന്നു. ഇന്ത്യയടക്കം 120 രാജ്യങ്ങൾ അനുകൂലിച്ചു.  സമ്മര്‍ദം ശക്തമായതോടെ യോഗത്തില്‍ സംസാരിച്ച പ്രസിഡന്‍റ് ഷി ചിങ് പിങ് വൈറസിന്‍റെ ഉല്‍ഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവാമെന്ന് സമ്മതിച്ചു.  പക്ഷേ നവംബറില്‍ ലോകാരോഗ്യ സമ്മേളനം വീണ്ടും ചേര്‍ന്നപ്പോളും ഈ അന്വേഷണം തുടങ്ങാനായിരുന്നില്ല. 

പഠനം നടത്താൻ ലോകാരോഗ്യ സംഘടന നിയോഗിച്ച ശാസ്ത്രജ്ഞരുടെ 13 അംഗ സംഘം ഒടുവില്‍ ഈ വര്‍ഷം ജനുവരിയില്‍ വുഹാനിലെത്തി. അമേരിക്കയെ പ്രതിനിധീകരിച്ച് സംഘത്തിലുണ്ടായിരുന്നത് ഴീ ഷെങ് ലീയുടെ യുടെ ഫണ്ട് ദാതാവായ പീറ്റര്‍ ഡസാക്ക് ആയിരുന്നു എന്നിടത്താണ് അടുത്തഘട്ടം അട്ടിമറി നടന്നത്.  വിദഗ്ധ സംഘത്തിലെ അംഗങ്ങളെ നിശ്ചയിക്കുന്നതിന്‍റെ പൂര്‍ണ അധികാരം ചൈന കയ്യാളിയപ്പോള്‍ ലോകാരോഗ്യ സംഘടന മൗനാനുവാദം നല്‍കി. ഒരു മാസം നീണ്ട സന്ദര്‍ശനത്തില്‍ സംഘത്തോട് വിവരങ്ങള്‍ പങ്കുവച്ചതാവട്ടെ  ഷി ഴെങ്​ലീയും.  അധികം വൈകാതെ ചൈനയുടെ വാദങ്ങള്‍ ശരിവച്ചുകൊണ്ട് ലോകാരോഗ്യസംഘടനാ സംഘം റിപ്പോര്‍ട്ട് നല്‍കി.  കോവിഡ്–19നു കാരണമായ കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നാണെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. വൈറസ് മനുഷ്യനിലേക്ക് എത്തിയ വഴി സങ്കീർണമാണെന്നും കൊറോണ വൈറസുകളുടെ സമൃദ്ധ ഉറവിടമായ വവ്വാലുകളിൽ നിന്ന് മറ്റ് ഏതെങ്കിലും മാധ്യമത്തിലൂടെയാവാം ഇവ മനുഷ്യനിലെത്തിയതെന്നു കരുതുന്നതായും 10 രാജ്യങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം വ്യക്തമാക്കി.  ഈനാംപേച്ചി, നീര്‍നായ,  പൂച്ച എന്നിവ വാഹകരാകാം. ഏതെങ്കിലും പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് പറ‍ഞ്ഞുവച്ചു. 

ചൈനീസ് പ്രസിഡന്‍റിന്‍റെ വക്താവായാണ് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനം പ്രവര്‍ത്തിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടു തന്നെ ഷി ചിങ് പിഹ്ങിനു വേണ്ടി അദാനമുണ്ടാക്കിയ അന്വേഷണ സംഘത്തിന്‍റെ കഃണ്ടെത്തലുകള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ ഇപ്പോള്‍  ശാസ്ത്രലോകം തയാറല്ല. കൊവിഡ് 19ന് കാരണമായ വൈറസുകളുടെ ഉല്‍ഭവം കണ്ടെത്താന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിരിക്കുകയാണ്. ചൈനയുടെ വവ്വാല്‍ സിദ്ധാന്തം തെറ്റെന്ന് തെളിയിക്കാന്‍ അവര്‍ക്കായാല്‍ ലോകത്താകെ കോവിഡ് എടുത്ത 35 ലക്ഷത്തോളം മനുഷ്യ  ജീവനുകള്‍ക്ക് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന സമാധാനം പറയേണ്ടി വരും. 

കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിനെ ചൈന സൃഷ്ടിച്ചതാണെങ്കില്‍ അമേരിക്ക എന്തുകൊണ്ട് ഇത് മുന്നേ കണ്ടു പിടിച്ചില്ല. സ്വാഭാവികമായി ഉയരാവുന്ന സംശയാണിത്. അവിടെയാണ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള അമേരിക്കന്‍ ധനസഹായം പ്രസക്തമാവുന്നത്. വുഹാന്‍ ലാബില്‍ സുരക്ഷിതമല്ലാത്ത ഗവേഷണം നടന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് അമേരിക്കയ്ക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ല എന്ന യാഥാര്‍ഥ്യമാണ് വാഷിങ്ടണെ കുഴപ്പത്തിലാക്കുന്നത്. 

ഇത്രകാലം വൈറസ് സിദ്ധാന്തത്തെ പിന്തുണച്ച പ്രശസ്ത ശാസ്ത്രജ്ഞര്‍ പോലും ഇപ്പോള്‍,  കൂടുതല്‍  അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനയ്ക്കയച്ച തുറന്ന കത്തില്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത് വൈറസ് വന്ന വഴിയെക്കുറിച്ചുള്ള സംശയങ്ങളാണ്.  ഇതില്‍ ഷി ലീയുടെ സഹപ്രവര്‍ത്തകനായിരുന്ന റാല്‍ഫ് ബാറിക്കും ഉണ്ട്. കോവിഡിന്റെ ഉദ്ഭവം കണ്ടെത്താനുള്ള അന്വേഷണങ്ങൾ യുഎസ് ഇന്റലിജൻസ് ഏജൻസികൾ ഊർജിതമാക്കണമെന്ന പ്രസിഡന്റ് ജോ ബൈഡന്‍റെ നിലപാടിനെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ പിന്തുണയ്ക്കുകയാണ്. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട,രണ്ടുവര്‍ഷത്തോളമായി സ്വയം ബന്ധികളാക്കപ്പെട്ട, സാമ്പത്തികമായി തകര്‍ന്നടിഞ്ഞ മനുഷ്യര്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ട്. പക്ഷേ സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും   ലോക ജനതയോടുള്ള ഉത്തരവാദിത്തത്തിനും   ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്ര വിലകല്‍പ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സത്യാന്വേഷണത്തിന്‍റെ വിജയം. ചെര്‍ണോബില്‍ ആണവ ദുരന്തത്തിലൂടെ 50 ലക്ഷം മനുഷ്യരുടെ ജീവനെടുത്ത ,  യൂറോപ്പിന്‍റെ ആകെത്തന്ന നിലനില്‍പ്പിനെ ബാധിച്ച,  സോവിയറ്റ് റഷ്യയ്ക്കൊപ്പമാണോ കമ്മ്യൂണിസ്റ്റ് ചൈനയും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക എന്നത് കാത്തിരുന്ന് കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...