അശാന്തിയുടെ കൊടുങ്കാറ്റ് വിതച്ച് പശ്ചിമേഷ്യ; പൊലിഞ്ഞുവീഴുന്ന ജീവനുകൾ

prg-pbhoomi-
SHARE

കിഴക്കന്‍ ജറൂസലേമിലെ അല്‍ അഖ്സ പള്ളി. പരിശുദ്ധ റമസാനിലെ ഓരോ ദിവസവും പലസ്തീനിലെ വിശ്വാസികള്‍ക്ക് ആത്മസംഘര്‍ഷത്തിന്‍റെ ദിവസങ്ങളായിരുന്നു. നോമ്പുതുറയ്ക്ക് ശേഷം പരസ്യപ്രതിഷേധവും സംഘര്‍ഷവും പതിവ്. റമസാനിലെ പുണ്യരാവ്, ലൈലത്തുല്‍ ഖ്‌ദര്‍ അനുഗ്രഹത്തിന് പകരം ഇസ്രയേലി പൊലീസിന്‍റെ റബര്‍ ബുള്ളറ്റുകളാണ് വിശ്വാസികളെ കാത്തിരുന്നത്

ഇസ്രയേല്‍ അധിനിവേശമേഖലയായ കിഴക്കന്‍ ജറൂസലേമിലെ ഷെയ്ഖ് ജാറ മേഖലയില്‍ നിന്ന് പലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഏഴുവര്‍ഷത്തിന് ശേഷം പശ്ചിമേഷ്യയില്‍ അശാന്തിയുടെ കൊടുങ്കാറ്റ് വിതച്ചത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം കുടിയൊഴിപ്പിക്കലിനെതിരെ പ്രകടനം നടത്തിയവര്‍ ഇസ്രയേലി പൊലീസിനു നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു.ടിയര്‍ ഗ്യാസും ഗ്രനേഡും റബര്‍ ബുള്ളറ്റുകളുമുപയോഗിച്ച് പോലീസ് തിരിച്ചടിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേര്‍ക്ക് പരുക്കേറ്റു. ഇതിന് മറുപടിയായി ഗാസയില്‍ നിന്ന് ഹമാസിന്‍റെ ആദ്യ റോക്കറ്റ് ടെല്‍ അവീവ് ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു. ഇസ്രയേലിന്‍റെ തിരിച്ചടിയിൽ ഗാസയിലെ പതിമൂന്ന് നില കെട്ടിടം തകര്‍ന്നു. ഹമാസ് കമാന്‍ഡര്‍മാരടക്കം നൂറുകണക്കിന് പേര്‍ മരിച്ചുവീണു. രാവും പകലും നീളുന്ന ആക്രമണപ്രത്യാരോപണങ്ങളുടെ നടുവില്‍ ഇരുപക്ഷത്തും നിരപരാധികളായ മനുഷ്യര്‍ ശ്വാസമടക്കിപ്പിടിച്ച് കഴിയുന്നു

ജറൂസലേം നഗരം. യഹൂദര്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ വിശുദ്ധനഗരം. ജൂത-മുസ്ലീം സംഘര്‍ഷം പക്ഷേ ഈ പുണ്യനഗരത്തെ അഗ്നിക്ക് നടുവിലാക്കിയിട്ട് ദശകങ്ങളായി. പലസ്തീനും ഇസ്രയേലും ജറൂസലേമിനെ തലസ്ഥാനനഗരമെന്ന് അവകാശപ്പെടുന്നു. ജൂത രാഷ്ട്ര രൂപീകരണം നടന്ന 1949 മുതല്‍ പടിഞ്ഞാറന്‍ ജറൂസലേം ഇസ്രയേലിന്‍റെ നിയന്ത്രണത്തിലാണ്. 1967 ല്‍ അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മില്‍ നടന്ന ആറുദിന യുദ്ധത്തിനൊടുവില്‍ കിഴക്കന്‍ ജറൂസലേം ഇസ്രയേല്‍ പിടിച്ചെടുത്തു. ഇസ്രയെലിന്‍റെ സൈനിക ശക്തി ലോകത്തിന് ബോധ്യപ്പെട്ട ഈ യുദ്ധത്തില്‍ അതുവരെയുണ്ടായിരുന്ന വിസ്തൃതിയുടെ മൂന്നിരട്ടി പ്രദേശം അവര്‍ സ്വന്തമാക്കി. ജോര്‍ദാനില്‍ നിന്നാണ് കിഴക്കന്‍ ജറൂസലേം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തത്. ഈ നീക്കത്തിന് പക്ഷേ രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണ കിട്ടിയില്ല. 1980ല്‍ ഐക്യജറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന നിയമവുമായി ഇസ്രയേല്‍ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സഭഅംഗീകരിച്ചില്ല. അതേസമയം പലസ്തീനികളാവട്ടെ പൂര്‍ണ പലസ്തീന്‍ രാഷ്ട്രത്തിന്‍റെ തലസ്ഥാനം കിഴക്കന്‍ ജറൂസലേം എന്ന സ്വപ്നത്തില്‍ ഉറച്ചുനില്‍ക്കുന്നു. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതമായി തുടര്‍ന്നു കിഴക്കന്‍ ജറൂസലേമെന്ന മൂന്ന് വിശ്വാസങ്ങളുടെ കേന്ദ്രമായ പുണ്യനഗരം. ഇസ്ലാമിക വിശ്വാസപ്രകാരം മെക്കയില്‍ നിന്ന് പ്രവാചകന്‍റെ  നിശാപ്രയാണം അഥവാ അല്‍ ഇസ്ര  കിഴക്കന്‍ ജറൂസലേമിലെ ഹറാം അല്‍ ഷരീഫിലേക്കായിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹം സ്വര്‍ഗാരോഹണം ചെയ്തതെന്നാണ് വിശ്വാസം. ഹറംഅല്‍ഷരീഫിലെ അല്‍ അഖ്‌സ പള്ളിക്ക് ഇസ്‌ലാമിക പുണ്യസ്ഥലങ്ങളില്‍ മൂന്നാം സ്ഥാനമാണ്. ഹറം അല്‍ ഷരീഫ് ജൂതര്‍ക്ക് ടെംപിള്‍ മൗണ്ടാണ്. എഡി 70ല്‍ റോമന്‍ അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജൂതദേവാലയത്തിന്‍റെ അവശേഷിക്കുന്ന ഭാഗം, വെസ്റ്റേണ്‍ വാള്‍, അഥവാ പടിഞ്ഞാറന്‍ മതില്‍ ജൂതവിശ്വാസപ്രകാരം ഏറെ വിശുദ്ധമാണ്. ഇരുമതങ്ങള്‍ക്കുമിടയില്‍ വളരെ സങ്കീര്‍മായ അധികാരപങ്കിടലാണ് ഇവിടെ. ആളുകളുടെ പ്രവേശനം സംബന്ധിച്ച നിയന്ത്രണം ഇസ്രയേലിനും ആരാധന അവകാശം മുസ്ലീങ്ങള്‍ക്കും എന്നതാണ് രീതി. ജൂതര്‍ക്ക് പ്രാര്‍ഥന അവകാശം വെസ്റ്റേണ്‍വാളിന്‍റെ പരിസരത്ത് മാത്രം. ചെറിയൊരു പ്രകോപനം പോലും  ആളിപ്പടരാവുന്ന ടെംപിള്‍ മൗണ്ടിലേക്ക് ഇസ്രയേലി നേതാവ്‍ ഏരിയല്‍ ഷറോണ്‍ പ്രവേശിച്ചത് രണ്ടായിരത്തില്‍ വന്‍ പൊട്ടിത്തെറിക്കിടയാക്കി. ഇതായിരുന്നു രണ്ടാം ഇന്‍തിഫാദ അഥവാ ജനകീയ പ്രക്ഷോഭത്തിന്‍റെ തുടക്കം...അഞ്ചുവര്‍ഷം നീണ്ട സംഘര്‍ഷത്തില്‍ മൂവായിരത്തിലധിം പലസ്തീനികള്‍ക്കും ആയിരത്തോലം ഇസ്രയേികള്‍ക്കും ജീവന്‍ നഷ്ടമായി.

പശ്ചിമേഷ്യന്‍ സംഘര്‍ത്തില്‍ പുതിയ വഴിത്തിരിവുണ്ടാക്കിയത് ഡോണള്‍ഡ് ട്രംപിന്‍റെ മാറിയ ജറൂസലേം നയമാണ്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ അതുവരെ മധ്യസ്ഥന്‍റെ റോള്‍ വഹിച്ചിരുന്ന അമേരിക്ക ട്രംപ് ഭരണകാലത്ത് പൂര്‍ണഇസ്രയേല്‍ പക്ഷക്കാരായി. ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കും എന്നത് ഡോണള്‍ഡ് ട്രംപിന്‍റെ തിര‍്ഞെടുപ്പ് വാഗ്ദാനമായിരുന്നു. യുഎസിലെ ശതകോടീശ്വരന്‍മായാ ജൂത വ്യവസായികളുടെ പിന്തുണ ഉറപ്പിക്കാന്‍ ട്രംപിന്‍റെ തുറുപ്പുചീട്ടായിരുന്നു ജറൂസലേം. 1947ലെ യുഎന്‍ വിഭജന പദ്ധതി രാജ്യാന്തര പദവി ശുപാര്‍ശ ചെയ്യുന്ന ജറൂസലേമില്‍ നയതന്ത്രകാര്യാലയങ്ങള്‍ സ്ഥാപിക്കരുത് എന്നതാണ് അംഗരാജ്യങ്ങള്‍ക്ക് യുഎന്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. 1995ല്‍ എംബസിമാറ്റാന്‍ യുഎസ് നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കാന്‍ ഒരു പ്രസിഡന്‍റും തയാറായില്ല. 2017 ഡിസംബറില്‍ യുഎസ് എബസി ജറൂസലേമിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് തീക്കളിയാണെന്ന് ഡോണള്‍ഡ് ട്രംപിന് പൂര്‍ണബോധ്യമുണ്ടായിരുന്നു.ലോകരാഷ്ട്രങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് 2018മെയില്‍ ട്രംപ് ഭരണകൂടം നടപ്പാക്കിയ ഈ തീരുമാനവും ചോരപ്പുഴയൊഴുക്കി. പുതിയ പ്രഭാതം എന്ന് ട്രംപ് വിശേഷിപ്പിച്ച നടപടിയെക്കുറിച്ച് ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലെറിയേണ്ടത് എന്നായിരു്നനു പലസ്തീന്‍ പ്രസിഡന്‍റ് മഹമ്മുദ് അബ്ബാസിന്‍റെ മറുപടി  യുഎസ് നടപടിക്കെതിരെ അറബ് രാജ്യങ്ങള്‍ ശക്തമായി രംഗത്തെത്തി. സ്വതന്ത്രരാഷ്ട്രപദവി പലസ്തീന്‍ ജനയുടെ അവകാശമാണെന്ന് ഇസ്‌ലാമിക് ഉച്ചകോടി പ്രഖ്യാപിച്ചു.

പശ്ചിമേഷ്യയില്‍ സമാധാനത്തിന് ഏക മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരമാണെന്നാണൺ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ നിലപാട്. ഇതിനോട് തത്വത്തില്‍ യോജിക്കുമെങ്കിലും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തിന് തുരങ്കം വയ്കാനാണ് ഇസ്രയേല്‍ എന്നും ശ്രമിച്ചിട്ടുള്ളത്.

അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ സ്വന്തം പൗരന്‍മാരെ കുടിയിരുത്തിയാണ് ഇസ്രയേല്‍ രാഷ്ട്രവിപുലീകരണം നടത്തുന്നത്.നിലവില്‍ നാലുലക്ഷത്തിലേറെ ഇസ്രയേലുകാരെയാണ് വെസ്റ്റ് ബാങ്കില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കിഴക്കന്‍ ജറൂസലമില്‍ രണ്ടു ലക്ഷത്തോളം പേരെയും. രാജ്യാന്തരനിയമപ്രകാരം അനധികൃത കുടിയേറ്റങ്ങളാണ് ഇവ. ഇതേ അധിനിവേഷ നീക്കമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചത്. കിഴക്കന്‍ ജറൂസലേമിലെ ഷെയ്ഖ് ജറായില്‍ രണ്ടു പേര്‍ തമ്മില്‍ നടന്ന ഈ തര്‍ക്കമാണ് യഥാര്‍ഥ പ്രശ്നങ്ങളുടെ കാതല്‍. തീര്‍ത്തും ഏകപക്ഷീയമെന്ന് വിശേഷിപ്പിക്കാവുന്ന ഇസ്രയേലി നിയമമാണ് അടിസ്ഥാനം. ജറൂസലേമിലുള്ള തങ്ങളുടെ ഭൂമി ജൂതര്‍ക്ക് തിരിച്ചുപിടിക്കാന്‍ അവകാശം നല്‍കുന്നതാണ് ഈനിയമം. 1948 മുമ്പ് ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്നു എന്ന രേഖ മതി ഈ അവകാശം സ്ഥാപിച്ചെടുക്കാന്‍. 1948 ലെ സംഘര്‍ഷത്തില്‍ ഭൂമി നഷ്ടപ്പെട്ട അറബ് വംശജര്‍ക്ക് ഈ അവകാശം ഇല്ലതാനും.ഇസ്രയേലി കോടതി ഉത്തരവ് പ്രകാരം ഷെയ്ഖ് ജറായില്‍ തലമുറകളായി താമസിക്കുന്ന നാല് അറബ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കമാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതും അല്‍ അഖ്‌സ പള്ളിയിലെ പൊലീസ് നടപടിയിലേക്ക് നീങ്ങിയതും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് പറയുമ്പോള്‍ മറ്റുചില രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ക്കൂടി പറയേണ്ടതുണ്ട്. ചെറിയ പ്രകോപനങ്ങളെപ്പോലും വലിയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ കാപട്യത്തെക്കുറിച്ച് . ഇസ്രയേലിലെ ബെന്യമിന്‍ നെതന്യാഹുവും ഗാസയിലെ ഹമാസുമാണ് ഈ സംഘര്‍ത്തിലൂടെ നേട്ടം കൊയ്യാനാഗ്രഹിക്കനന്നവര്‍. ഇസ്രയേലില്‍  അധികാരം നിലനിര്‍ത്താന്‍ നെതന്യാഹുവിനും പലസ്തീനില്‍ അധികാരം വ്യാപിപ്പിക്കാന്‍ ഹമാസിനും ഗുണകരമാണ് നിരപരാധികളുടെ ഈ ചോരചിന്തല്‍. രണ്ടു വര്‍ഷത്തിനിടെ നാലു തവണ തിരഞ്ഞെടുപ്പ് നടത്തിയിട്ടും ആര്‍ക്കും ഭൂരിപക്ഷം നേടാനാവാത്ത സ്ഥിതിയില്‍ ഇസ്രയേല്‍ പ്രസിഡന്‍റ് റൂവിന്‍ റിവ്‌ലിന്‍ നെതന്യാഹുവിന്‍റെ എതിരാളി യയിര്‍ ലാപിഡിനോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.. പലപാര്‍ട്ടികളെ ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാനുള്ള നെതന്യാഹുവിന്‍റെ ശ്രമം പൊളിഞ്ഞതോടെയാണ് പ്രസിഡന്‍റ്  ലാപിഡിന്‍റെ യഷ് അതിഡ് പാര്‍ട്ടിയെ ക്ഷണിച്ചത്.  പന്ത്രണ്ടുവര്‍ഷത്തിലധികമായി ഇരിക്കുന്ന അധികാരക്കസേര വിട്ടൊഴിയാന്‍ ബിബിക്ക് തെല്ലും താല്‍പര്യമില്ല. രാജ്യം രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിയാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറാം എന്നാണ് നെതന്യാഹുവിന്‍റെ കണക്കുകൂട്ടല്‍. അതിന് ഏറ്റവും നല്ലത് തന്‍റെ പതിവ് ആയുധമായ വംശീയതയും ഇസ്‌ലാംവിരുദ്ധതും ആളിക്കത്തിക്കല്‍ തന്നെയാണ്.  യായിര്‍ അധികാരത്തിലേറിയാല്‍ അഴിമതിക്കേസില്‍ നെതന്യാഹു അകത്താവും. ദേശീയവികാരം ആളിപ്പടര്‍ന്നാല്‍  മിതവാദിയായ യായിര്‍ ലാപിഡിന്‍റെ കാര്യം പരുങ്ങലിലാവും. ഹമാസിനെ വെല്ലുവിളിച്ചും ഇസ്രയേല്‍ താല്‍പര്യ സംരക്ഷണത്തിന്‍റെ അപ്പസ്തോലനായും കളംനിറഞ്ഞാല്‍ നെതന്യാഹുവിന് നേട്ടം പലതാണ്. അല്‍ അഖ്‌സയില്‍ ഇസ്രയേലി പട്ടാളം നടത്തിയ അഴി‍ഞ്ഞാട്ടത്തെ കണ്ണുംപൂട്ടി ന്യായീകരിച്ച് ബിബി കളംപിടിക്കുന്നത് ഇതിനുവേണ്ടിയാണ്..

പലസ്തീനിലെ രാഷ്ട്രീയ അന്തരീക്ഷവും വ്യത്യസ്തമല്ല. വാഗ്ദാനം ചെയ്ത തരത്തിലുള്ള വികസനമൊന്നും ഗാസ മുനമ്പില്‍ കൊണ്ടുവരാന്‍ ഹമാസിനായിട്ടില്ല. വൈദ്യതിയും വെള്ളവും മാത്രമല്ല മഹാമാരിയുടെ കാലത്ത് മരുന്നു പോലും നിഷേധിക്കപ്പെട്ടാണ് പതിനെട്ട് ലക്ഷത്തിലേറെ മനുഷ്യന്‍ ഗാസ മുനമ്പില്‍ ഞെങ്ങി ഞെരുങ്ങിക്കഴിയുന്നത്. ഹമാസിന്‍റെ പിടിപ്പുകേടിനെതിരെ അതൃപ്തി അങ്ങിങ്ങ് പുകയുന്നെണ്ടിലും പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരം ഉൗട്ടിയിറപ്പിക്കാം എന്ന് കരുതിയിരിക്കുമ്പോളാണ് തിരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവച്ചുകൊണ്ടുള്ള പ്രസിഡന്‍റ് മഹ്‌മുദ് അബ്ബാസിന്‍റെ പ്രഖ്യാപനമുണ്ടായത്. തന്‍റെ പാര്‍ട്ടിയായ ഫറ്റായ്ക്ക്  ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ഭയമാണ് അബ്ബാസിനെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത്. കിഴക്കന്‍ ജറൂസലേമില്‍ ഇസ്രയേല്‍ വോട്ടെടുപ്പ് അനുവദിക്കില്ല എന്നതാണ് തിരഞ്ഞെടുപ്പ് മാറ്റാനുള്ള ഔദ്യോഗികാരണമായി പലസ്തീന്‍ സര്‍ക്കാര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് നീട്ടിവച്ചതിനെ അട്ടിമറി എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. മഹ്‌മുദ് അബ്ബാസിന്‍റെ ജനപ്രീതി കുറയ്ക്കാന്‍ ഹമാസിന്‍റ മുന്നിലുള്ള ഏറ്റവും നല്ല വഴി ഇസ്രയേലുമായി ഏറ്റുമുട്ടുക , അതുവഴി പലസ്തീന്‍ വികാരം ആളിക്കത്തിക്കുക എന്നതുതന്നെയാണ്.                                                                                                                                                                                                                വംശീയവും രാഷ്ട്രീയവുമായ പ്രശ്നങ്ങളുടെമേല്‍ ഇസ്രയേല്‍ പലസ്ീന്‍ ജനത പോരടിച്ച് മരിച്ചു വീഴുമ്പോള്‍ നമുക്കുമുണ്ടായി നഷ്ടങ്ങള്‍. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തില്‍ മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ജീവിത മാര്‍ഗം തേടി നിരവധി മലയാളികളാണ് അഷ്‌കലോണ്‍ അടക്കമുള്ള വിവിധ നഗരങ്ങളില്‍ ജോലി ചെയ്യുന്നത്. പ്രാണഭയത്തോടെയാണ് ഇവര്‍ രാപകലുകള്‍ തള്ളി നീക്കുന്നത്. ഗാസയില്‍ നിന്ന് പറന്നെത്തുന്ന ആയിരക്കണക്കിന് റോക്കറ്റുകള്‍ക്ക് നടുവിലെ ജീവിതം. ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളക്കം ആയിരക്കണക്കിന് പലസ്തീനികളും പിടഞ്ഞ് മരിക്കുന്നു. സമാധാനപരമായ ചര്‍ച്ചയിലൂടെ രണ്ട് രാഷ്ട്രങ്ങള്‍ എന്നതാണ് എക്കാലവും ഇന്ത്യയുടെ നിലപാട്.  1950 ല്‍ ഇസ്രയേല്‍ രാഷ്ട്രത്തെ ഇന്ത്യ ്ംദഗീകരിച്ചെങ്കിലും പൂര്‍ണനയതന്ത്രബന്ധം സ്ഥാപിച്ചത് 1992ലാണ്.  ഇസ്രയേലുമായും പലസ്തീനുമായും നല്ല സൗഹൃദം സൂക്ഷിക്കാന്‍ എല്ലാസര്‍ക്കാരുകളുടെ കാലത്തും ഇന്ത്യ ശ്രമിക്കാറുണ്ട്.. ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കിയ യുഎസ് നടപടിയെ എതിര്‍ത്ത് വോട്ടു ചെയ്തു ഇന്ത്യ. നരേന്ദ്രമോദിയാണ് ചരിത്രത്തിലാദ്യമായി ഇസ്രയേലും പലസ്തീനും സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 2017ല്‍  ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തിയ ശേഷമാണ് തൊട്ടടുത്ത വര്‍ഷം പ്രധാനമന്ത്രി മോദി പലസ്തീനിലെത്തിയത്. സ്വതന്ത്രപലസ്തീന്‍ എത്രയും വേഗം യാഥാര്‍ഥ്യമാകട്ടെ എന്നതാണ് ഇന്ത്യയുടെ ആഗ്രഹമെന്ന്  പ്രസിഡന്‍റ് മഹ്‌മുദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. അമേരിക്കയും കാനഡയും പിന്‍വാങ്ങിയപ്പോള്‍ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള ധനസഹായം നാലിരട്ടിയാക്കാനായിരുന്നു മോദി സര്‍ക്കാരിന്‍റെ തീരുമാനം. അറബ് രാജ്യങ്ങളുമായുള്ള ബന്ധമാണ് പലപ്പോഴും ഇന്ത്യയുടെ പശ്ചിമേഷ്യന്‍ നയത്തെ സ്വാധീനിക്കുന്നത്. അതേസമയം പ്രതിരോധരംഗത്ത് ഇസ്രയേലിന്‍റെ സഹകരണം നമുക്ക് ഒഴിച്ചുകൂടാനാവത്തതുമാണ്. ഓരോ സംഭവങ്ങളെക്കുറിച്ചും വ്യത്യസ്ത വീക്ഷണങ്ങളുണ്ടെങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കണം എന്നതാണ് രാജ്യമെന്ന നിലയില്‍ നമ്മുടെ നിലപാട്.

MORE IN KERALA
SHOW MORE
Loading...
Loading...