കേരളത്തില്‍ ഇത് നായകന്‍റെ വിജയം; ചരിത്രമെഴുതിയ രണ്ടാമൂഴം

Charithra_Vijayan
SHARE

നൂറു ചുവപ്പന്‍ അഭിവാദ്യങ്ങളെന്ന അഭിവാദ്യവാക്യം ജീവിതത്തില്‍ ഒരുപാടുതവണ കേട്ടിട്ടുണ്ട് പിണറായി വിജയന്‍. സമരവീര്യം സിരകളിലൊഴുകുന്ന, പതിതരുടെ നിലവിളിക്ക് ഉത്തരംനല്‍കിയ പ്രത്യയശാസ്ത്രത്തിന്റെ അനുഗാമികള്‍ വിജയിച്ചെത്തുന്ന സഖാക്കള്‍ക്ക് ഉള്ളുതൊട്ടുവിളിക്കുന്ന അഭിവാദ്യവാചകം.  ഇന്ന് കോവിഡ് പശ്ചാത്തലം വരച്ച നിയന്ത്രണരേഖകള്‍ക്കുമീതെ ഈ മുദ്രാവാക്യം എവിടെയെങ്കിലും ഉയര്‍ന്നിട്ടുണ്ടെങ്കില്‍  അതിനൊരു അസാധാരണ മുഴക്കമുണ്ടാവും. വിജയഭേരിയെന്ന സാമാന്യവാക്യത്തില്‍ അതിനെ ഒതുക്കാനാവില്ല. ഒരുസമരംകൊണ്ടോ, ഉപരോധംകൊണ്ടോ നേടിയെടുത്ത രാഷ്ട്രീയവിജയമല്ലിത്. ഇതുവരെ നടന്നുപോന്ന സമരങ്ങളുടെ മുനയൊടിച്ച് ഒരു ഭരണകൂടത്തിലുള്ള വിശ്വാസം ജനം ആവര്‍ത്തിച്ചുറപ്പിച്ച ദിവസമാണിന്ന്. ഒരര്‍ഥത്തില്‍ ആ ഭരണകൂടത്തിന്റെ നായകന്റെ വിജയംകൂടിയാണത്. കേരളത്തിന്റെ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അസാധാരണത്വം. 

തിരഞ്ഞെടുപ്പ് ഫലംവന്ന നാള്‍ ഒരുപാട് മുഖ്യമന്ത്രിമാര്‍ കൊതിച്ചിട്ടുണ്ട് ഇതുപോലൊരു നിമിഷം. അവരുടെ ഭരണനയങ്ങളില്‍ ശരികളുണ്ടായിരുന്നിരിക്കാം. പക്ഷെ ആ ശരികളെ മനസില്‍ ഓര്‍ത്തുവയ്ക്കുന്ന രാഷ്ട്രീയ മുദ്രയാക്കാന്‍, പോളിങ് ബൂത്തിനുള്ളില്‍ വച്ചുപോലും അട്ടിമറിക്കപ്പെടാത്ത അചഞ്ചലമായ വിശ്വാസബിംബമാക്കാന്‍ പിണറായി വിജയനെപ്പോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. അവിടെത്തന്നെയാണ് അദ്ദേഹം അജയ്യനാവുന്നതും.  

കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയനുമാത്രം അവകാശപ്പെടാനുള്ള ചില സവിശേഷതകളുണ്ട്. 

പ്രതിസന്ധികളെ ഇതുപോലെ തരണംചെയ്യേണ്ടിവന്ന മറ്റൊരാളില്ല. വിവാദങ്ങളായും ആരോപണങ്ങളായും വന്ന ആ പ്രതിസന്ധിക്കാലം തെല്ലും തളര്‍ത്തിയിട്ടുമില്ല. മറിച്ച് കര്‍മമണ്ഡലം– അത് എന്തുതന്നെയായാലും തന്റെ കൈമുദ്രപതിപ്പിച്ചു തന്നെയാണ് മുന്നോട്ടുപോയത്. ബ്രണ്ണന്‍ കോളജിലെ വിദ്യാര്‍ഥിനേതാവിനുള്ളിലെ  പോരാട്ടവീര്യം കാലാന്തരത്തില്‍ ആളിക്കത്തുകയാണ് ചെയ്തത്. അതിനിടയിലൂടെ പിണറായി വിജയന്റെ ബാഹ്യപ്രകൃതങ്ങള്‍ മാറിമറിഞ്ഞുവെന്നു മാത്രം. തനിക്കുനേരെ വന്ന കൂരമ്പുകളെ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരായ ആക്രമണമായാണ് പിണറായി വിജയന്‍ കണ്ടത്. ‘താന്‍ തന്നെയാണ് പാര്‍ട്ടി’ എന്ന സങ്കുചിത ചിന്തയില്‍ നിന്നല്ല, മറിച്ച് തനിക്കുനേരെയുളള ആക്രമണത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായാഭംഗം കണ്ട പ്രതിയോഗികളുടെ മനോനിലയാണ് പിണറായി കണ്ടതും വിശദീകരിച്ചതും.  പിണറായി വിജയന്‍ എന്ന പൊതുപ്രവര്‍ത്തകന്റെ പല സവിശേഷതകളിലും സി.പി.എമ്മിന്റെ സ്വാധീനം കാണാം. പ്രസ്ഥാനത്തിന്റെ  ബഹുജനാടിത്തറയും സ്വീകാര്യതയും തന്നെയായിരുന്നു പാര്‍ട്ടിയുടെ വലുതും ചെറുതുമായ പദവികളേറുമ്പോള്‍ പിണറായിയുടെ കരുത്ത്. ഇതുതന്നെയാണ് സ്വതസിദ്ധമായ നിര്‍ഭയത്വമായി പിന്നീട് ലോകം കണ്ടതും.  

പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനില്‍ നിന്ന് പലകാലങ്ങളില്‍ പുറത്തുവന്ന വിവാദ പ്രസ്താവനകള്‍ അന്നത്തെ പാര്‍ട്ടിയുടെ നിലപാടുകളായിരുന്നു. നാളെ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളേക്കാള്‍ ഇന്നിന്റെ മുഖത്തുനോക്കി വിളിച്ചുപറയേണ്ട സ്വന്തം ശരികള്‍ക്ക്  തന്നെയാണ് പിണറായി വിജയന്‍ മുന്‍ഗണന നല്‍കിയതും. നേതൃകാര്‍ക്കശ്യത്തിന്റെ വാക്പ്രയോഗങ്ങളുടെ പേരില്‍ ഒരിക്കലും പാര്‍ട്ടിക്കുള്ളില്‍ പിണറായി ഒറ്റപ്പെട്ടിട്ടില്ല. ഒരു ഘടകത്തില്‍ പോലും വിശദീകരണം നല്‍കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയമായി ഒരിടത്തും തോറ്റിട്ടില്ല പിണറായി വിജയന്‍. തലകുനിച്ചിട്ടില്ല, ഒന്നിനു മുന്നിലും, ഒരിടത്തും. തോല്‍വി സമ്മതിച്ചിട്ടുള്ളത് പാര്‍ട്ടിയോട് മാത്രമാണ്. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ മതിമറന്നിട്ടില്ല.  ആവേശം കൊള്ളിക്കുന്നത് പാര്‍ട്ടിയാണെങ്കില്‍ പോലും പാര്‍ട്ടിക്കാരനാണെന്നത് മറക്കരുതെന്ന് ഓര്‍മിപ്പിച്ചിട്ടേയുള്ളൂ.  

ഈ കാര്‍ക്കശ്യം പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലിരുന്ന് പരസ്യമായി പ്രകടിപ്പിച്ചവര്‍ സി.പി.എമ്മിലെന്നല്ല ഒരു പാര്‍ട്ടിയിലുമുണ്ടാവില്ല. പാര്‍ട്ടിയോളമോ പാര്‍ട്ടിക്കുമീതെയോ വളര്‍ന്ന ബിംബങ്ങള്‍– അത് ആരു തന്നെയായാലും ഭംഗ്യന്തരേണ പരസ്യമായി തിരുത്തി. സി.പി.എം വിഭാഗീയതയുടെ പരകോടിയില്‍ ഒരിടത്തുവച്ച് വി.എസിനെ ഉന്നമിട്ടു നടത്തിയ കടല്‍ത്തിരപ്രയോഗം ഇതിനുള്ള കാലാതീത ദൃഷ്ടാന്തമാണ്.  

ചാട്ടുളിമുനയുള്ള ഈ വാക്കുകള്‍ കേട്ട് കയ്യടിച്ച ശംഖുമുഖം കടപ്പുറത്തെ പാര്‍ട്ടി അണികളുടെ ജനസാഗരത്തിന് പുറത്ത് മറ്റൊരു പ്രതിച്ഛായയായിരുന്നു പിണറായി വിജയന്. പാര്‍ട്ടിക്കുപുറത്തേക്ക് സ്വന്തം പ്രതിഛായ വളര്‍ത്തിയ, നേരിന്റെ ആള്‍രൂപമെന്ന് പ്രകീര്‍ത്തിക്കപ്പെട്ട, ജനപക്ഷ കമ്യൂണിസ്റ്റ് ആശയങ്ങളുടെ അവസാന പ്രതീക്ഷയെന്ന് കരുതിപ്പോന്ന വി.എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയ മറുചേരിയുടെ അമരക്കാരനായിരുന്നു അന്ന് പിണറായി വിജയന്‍. 2001 മുതല്‍ 2006 വരെ പ്രതിപക്ഷനേതാവായിരിക്കെ നടത്തിയ ജനപക്ഷ ഇടപെടലുകളിലൂടെ വി.എസ്.അച്യുതാനന്ദന്‍ എന്ന നേതാവിനെ ക്കുറിച്ചുള്ള മുന്‍വിധികള്‍ മാറ്റിവച്ച് നെഞ്ചേറ്റിയ, അധികാരമേറ്റിയ കേരളജനതയുടെ വിമതപക്ഷത്തായിരുന്നു ഒരര്‍ഥത്തില്‍ പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ക്ക്– അതും ഔദ്യോഗികപക്ഷം എന്നൊന്നുണ്ടെങ്കില്‍ അവര്‍ക്കുമാത്രം പ്രിയപ്പെട്ട നേതാവ്. അതിനുപുറത്ത് ഒരു കര്‍ക്കശക്കാരനായ സി.പി.എം നേതാവ്. 

ആലപ്പുഴ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ചുമതലയൊഴിഞ്ഞ് മല്‍സരത്തിനിറങ്ങിയ പിണറായി വിജയനെക്കുറിച്ച് പ്രതീക്ഷകളേക്കാള്‍ മുന്‍വിധികള്‍ തന്നെയായിരുന്നു അധികവും. ഇടതുമുന്നണി അധികാരമേറിയാല്‍ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷെ, കേരളീയ രാഷ്ട്രീയ പൊതുബോധത്തിന്റെ കാഴ്ചപ്പാടില്‍ കാലാന്തരത്തില്‍ വന്നുപോകുന്ന ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി മാത്രമായിരുന്നു അദ്ദേഹം.  

അതേ പിണറായി വിജയനെത്തന്നെ ഇപ്പോള്‍ കേരളജനത നാടിനെ വിശ്വസിച്ചേല്‍പ്പിക്കുകയാണ്.  പ്രതിച്ഛായ സൃഷ്ടിച്ച് അധികാരമേറുക എന്ന കേട്ടും കണ്ടും ശീലിച്ച രീതി പിണറായി വിജയനുമുന്നില്‍ വഴിമാറുന്നു. ഭരണത്തിലേറുമ്പോഴുണ്ടായിരുന്ന മുന്‍വിധികളുടെ മുള്‍ക്കിരീടമല്ല, ജനപിന്തുണയുടെ കനകമകുടമാണ് ഇന്ന് പിണറായിക്കൊപ്പമുള്ളത്. കല്ലേറുകള്‍ക്ക് പഞ്ഞമില്ലാത്ത അധികാരക്കസേരയിലിരുന്ന് അത് സാധിച്ചിടത്തിടത്ത്, ജനകീയ പരിവേഷം നേടിയെടുത്തിടത്ത് പിണറായി വിജയന്‍ സമാനതളില്ലാത്ത, പൂര്‍വമാതൃകകളില്ലാത്ത അജയ്യതയുടെ പ്രതിരൂപമാവുന്നു. 

പിണറായി വിജയന്‍ എന്ന പൊതുപ്രവര്‍ത്തകന്റെ ജീവിതത്തിലെ ഒടുവില്‍ കടന്നുപോയ അഞ്ചുവര്‍ഷങ്ങളില്‍ പ്രതിച്ഛായാ പരിണാമത്തിന്റെ വിരുദ്ധദ്വന്ദങ്ങള്‍ മാത്രമല്ല ഉള്ളത്. അതിലേക്കെത്തുന്നതിനിടെ പിന്നിട്ട ഒരുപാട് അഗ്നിപരീക്ഷകള്‍കൂടിയുണ്ട്. തുടര്‍ഭരണം ഭരണമികവിനുള്ള അംഗീകാരമാണെന്ന സാമാന്യമായ വിശകലനവാക്യത്തില്‍ ഒതുക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാത്ത ഒട്ടേറെ അനുബന്ധങ്ങള്‍ ഒപ്പമുണ്ടെന്നത് കാണാതിരിക്കരുത്. അധികാരമേറിയ ആദ്യനാളുകള്‍ മുതല്‍ കാവല്‍ ഭരണകൂടത്തിന്റെ തലപ്പത്ത് തുടരുമ്പോള്‍വരെ പിന്തുടര്‍ന്ന പലതുമുണ്ട്. 

ഉപദേശകവൃന്ദത്തിന്റെ നിയമനം, മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്ത പൊലീസ് വകുപ്പ് പ്രതിക്കൂട്ടില്‍ നിന്ന കസ്റ്റഡി മരണങ്ങള്‍, തുടക്കത്തിലും ഒടുക്കത്തിലും കേട്ട മന്ത്രിമാരും പാര്‍ട്ടിക്കാരും ഉള്‍പ്പെട്ട ബന്ധുനിയമനങ്ങള്‍, വിവാദങ്ങളെ തുടര്‍ന്നുള്ള മന്ത്രിമാരുടെ രാജി, കണ്‍സള്‍ട്ടന്‍സി കരാര്‍ വിവാദങ്ങള്‍, പി.എസ്.സി പരീക്ഷാ ക്രമക്കേടുകള്‍, ഉദ്യോഗാര്‍ഥികളുടെ സമരം, മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍, ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം, സ്പ്രിങ്‌ളര്‍ കരാര്‍ വിവാദം എന്നിങ്ങനെ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഒട്ടേറെ വിഷയങ്ങള്‍. ഇതിനിടെയെത്തിയ ശബരിമലയിലെ സുപ്രീംകോടതി വിധി. അതുണ്ടാക്കിയ രാഷ്ട്രീയ, സാമുഹിക പ്രത്യാഘാതങ്ങള്‍. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തിലുള്‍പ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലടക്കം ഉന്നതങ്ങളിലുള്ള ബന്ധങ്ങള്‍ പുറത്തുവന്നതും അത് വന്‍ രാഷ്്ട്രീയ കോളിളക്കമായതും കേരളം കണ്ടു.  

സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആക്രമണങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിട്ടു പിണറായി വിജയന്‍. നിയമത്തിന്റെ വഴിക്കുപോയവയെല്ലാം കോടതിക്കുമുന്നില്‍ വിശദീകരിച്ചു. ചിലതിലെല്ലാം പിഴവുകള്‍ തീര്‍ത്ത് പുതുക്കി– അല്ലെങ്കില്‍ ഉപേക്ഷിച്ചു. അപ്പോഴും ഒളിച്ചോടിയെന്ന് രാഷ്ട്രീയ ശത്രുക്കള്‍ പോലും ആക്ഷേപിച്ചില്ല. 

ആരോപണങ്ങള്‍ വിശദീകരിക്കാന്‍ രാഷ്ട്രീയ പൊതുയോഗങ്ങള്‍ വിളിക്കാന്‍ പാര്‍ട്ടിയെ ഒരുഘട്ടത്തിലും ഏല്‍പ്പിച്ചില്ല പിണറായി വിജയന്‍. ജനങ്ങളിലുള്ള വിശ്വാസം തന്നെയായിരുന്നു ആത്മബലം. ആക്ഷേപങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടി പ്രതിരോധിക്കുന്നതില്‍ വിജയിച്ചെന്ന സര്‍ക്കാരിന്റെ വിശ്വാസം അക്ഷരംപ്രതി ശരിയാവുന്നത് കേരളം കണ്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന ജയം രാഷ്ട്രീയ അപഖ്യാതികള്‍ക്കുമേല്‍ ജനങ്ങള്‍ ചാര്‍ത്തിനല്‍കിയ വിശ്വാസമുദ്രയായി വിലയിരുത്തി പിണറായി സര്‍ക്കാര്‍.  ആ ധാരണ പകല്‍ക്കിനാവല്ലെന്ന് ബോധ്യപ്പെടുത്തിയാണ് വോട്ടെണ്ണല്‍ ദിനത്തിന്റെ പകല്‍ കടന്നുപോകുന്നത്. ആ ജനവിശ്വാസം നാടകീയമായി  പൊട്ടിവീണ വിവാദംപോലെ പെട്ടന്നൊരുനാള്‍ കൈവന്നതല്ല. നാടിന്റെ ദുരിതങ്ങളില്‍, കഠിനതകളില്‍ ഒറ്റപ്പെടാതെ, നഷ്ടപ്പെടാതെ ഈ നാടിനെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് പിണറായി സര്‍ക്കാര്‍ വിയര്‍പ്പൊഴുക്കി നേടിയെടുത്തതാണ്.  

പ്രളയം കുത്തിയൊലിച്ചിറങ്ങുന്നത് കേരളത്തിന്റെ കണ്ണീരാണ്, പ്രകൃതിദുരന്തങ്ങള്‍ കാര്യമായി സ്പര്‍ശിക്കാത്ത സുരക്ഷിതകേന്ദ്രമെന്ന  ഖ്യാതിയാണ്, അതിലുപരി വര്‍ത്തമാനകാല കേരളചരിത്രത്തെ മുന്‍പും പിന്‍പുമെന്ന് അടയാളപ്പെടുത്തി പെയ്തിറങ്ങിയ ഒരുമഴയുടെ മുറിവില്‍ നിന്ന് ഒലിച്ചിറങ്ങിയ ചോരച്ചാല്‍ തന്നെയാണ്. 2018 ഓഗസ്റ്റ് 8 ന്റെ ഉച്ചതിരിഞ്ഞ് തുടങ്ങിയ ഒരു തോരാമഴ. 48 മണിക്കൂര്‍ പിന്നിട്ടപ്പോഴെക്കും വാര്‍ഷിക വര്‍ഷപാതത്തിന്റെ 116 ശതമാനത്തിലുമേറെ പെയ്തിട്ടും പിന്മാറാന്‍ മടിച്ചുനിന്ന ഒരു മഴയുടെ താണ്ഡവം. 24 ാം മണിക്കൂറില്‍ തന്നെ അണക്കെട്ടുകള്‍ ജലത്തള്ളലില്‍ വീര്‍പ്പുമുട്ടി. പിന്നെ വാപിളര്‍ന്നെത്തിയ മഹാപ്രളയത്തിലേക്ക് കേരളം എടുത്തെറിയപ്പെട്ടു. ഒരുപകല്‍ ഇരുണ്ടുവെളത്തപ്പോള്‍  കേരളം ലോകത്തിന്റെ കനിവിനു കൈനീട്ടിനിന്ന ഒരു ദുരിതാശ്വാസ ക്യാംപായി. ഒരുദശലക്ഷം ജനങ്ങളെ പ്രകൃതി കുടിയിറക്കി. 483 പേര്‍ ജീവിതത്തുരുത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു. 140 പേര്‍ എവിടെയെന്നറിയില്ല. എവിടെയും  സഹായത്തിനായുള്ള മുറവിളികള്‍.  ഏത് ഭരണകൂടവും പകച്ചുപോകുന്ന സാഹചര്യം. അധികാരമേറ്റിയ ജനതയോടുള്ള കടമ നിറവേറ്റാന്‍ ഏതൊരു ഭരണാധികാരിയും മറ്റെപ്പോഴത്തേതിലും അധികം ബാധ്യതപ്പെട്ട കഠിനകാലം. ഈ ഗ്രഹണകാലമാണ് പിണറായി വിജയനെക്കുറിച്ചുള്ള മുന്‍വിധികള്‍ മാറ്റിമറിച്ചു തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് രാപകലില്ലാതെ ഉണര്‍ന്നിരുന്നു. നാടിന്റെ മുറവിളികള്‍ക്ക് ഉത്തരമേകി. വകുപ്പുകളെ ഏകോപിപ്പിച്ചു. സര്‍ക്കാരിന്റെയും സന്നദ്ധ സേനയുടെയും ഇടപെടലുകള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തി. ഓരോദിവസവും മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തി. ആശ്വാസവാക്കുകള്‍ പറയാന്‍ മാത്രമായിരുന്നില്ല, ഭിന്നതകള്‍– ഏതുതരം ഭിന്നതകളും മാറ്റിവച്ച് നാടിനായി കൈകൊരുക്കാമെന്ന സന്ദേശം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അതിനായി മുന്നില്‍നിന്നു. ജീവിതതാളം വീണ്ടെടുക്കുവോളം ജനതയിലേക്ക് സര്‍ക്കാരിന്റെ കരുതലെത്തി– പലരൂപത്തില്‍. പിന്നെ മുറിവുണക്കലിനായി ബൃഹദ്പദ്ധതികള്‍. കുത്തിയൊലിച്ച പ്രളയജലം നാടിനും വീടിനും നഷ്ടമാക്കിയ പലതും തിരികെപ്പിടിച്ചു.. വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ജീവിതസമ്പാദ്യവും ജീവനോപാധിയും നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം, ഗൃഹോപകരണങ്ങള്‍ നശിച്ചവര്‍ക്ക് മൂന്നുവര്‍ഷം കാലാവധിയില്‍ പലിശയില്ലാ വായ്പ, വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കിയ പുനരുജ്ജീവന പദ്ധതികള്‍, സബ്സിഡി, റീബില്‍ഡ് കേരള മിഷന്‍ അങ്ങനെ പലരൂപത്തില്‍ പ്രളയം പ്രതിസന്ധിയിലാക്കിയ എല്ലാ ജീവിതങ്ങളിലേക്കും സര്‍ക്കാരിന്റെ കരങ്ങളെത്തി. 

2018 ന്റെ ഭീതിതമായ അനുഭവം അതേപടി ആവര്‍ത്തിച്ചില്ലെങ്കിലും 2019 ലെ പെരുമഴയും ഒരുപാട് മുറിവുകള്‍ ബാക്കിവച്ചാണ് പെയ്തൊഴിഞ്ഞത്. മലപ്പുറത്തെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും തീരാനോവിന്റെ മണല്‍ക്കൂനകളായി. മണ്ണിലമര്‍ന്നവര്‍ക്കായി രാപകലില്ലാതെ തിരച്ചില്‍ യത്നത്തിലായിരുന്നു കേരളം. മഴക്കെടുതികളില്‍ വീണ്ടും പകച്ചുപോയ നാളുകള്‍. ജലനിരപ്പിനൊപ്പം നെഞ്ചിലുയരുന്ന തീയുമായി രാപകലുകള്‍ പിന്നിട്ട നാടിന് കരുത്തായത് ഒരാണ്ടുമുമ്പ് നടത്തിയ ഐതിഹാസികമായ അതിജീവനം തന്നെയായിരുന്നു. മഹാപ്രളയത്തെ അതിജീവിക്കാന്‍ മുന്നില്‍നിന്ന സര്‍ക്കാരിന്റെ ഇടപെടലുകളില്‍, നിര്‍ദേശങ്ങള്‍ മുറുകെപ്പിടിച്ച് രണ്ടാംപ്രളയത്തിന്റെ തിരയിളക്കവും കേരളം മറികടന്നു. 

ലോകത്തെ നിശ്ചലമാക്കിയ ഒരു രോഗാണുവിനെതിരായ ചെറുത്തുനില്‍പ്പിലും കേരളം ലോകത്തോളം വളര്‍ന്നു. സര്‍ക്കാരിന്റെ  ആസൂത്രണമികവിന്റെ ഉദാത്തമാതൃകയായി വിലയിരുത്തപ്പെട്ട കോവിഡ് പ്രതിരോധം. രാജ്യത്ത് രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനം. എന്നിട്ടും ആദ്യതരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനും, മരണനിരക്ക് പിടിച്ചുനിര്‍ത്താനും കഴിഞ്ഞത് പിണറായി സര്‍ക്കാരിന്റെ അഭിമാനനേട്ടമായി രേഖപ്പെടുത്തപ്പെട്ടു. സര്‍ക്കാരിന്റെ ആരോഗ്യസംവിധാനത്തിന്റെ കാര്യക്ഷമമായ വിനിയോഗവും സ്വകാര്യമേഖലയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മുന്നൊരുക്കവും താഴേത്തട്ടില്‍ ശക്തമായി നടപ്പാക്കിയ നിരീക്ഷണ– ജാഗ്രതാ സംവിധാനങ്ങളുടെ മികവും സവിശേഷ ശ്രദ്ധനേടി. മാരകമായ നിപയുടെ വ്യാപനം ഫലപ്രദമായി തടഞ്ഞ് നേടിയ സല്‍പ്പേര് കോവിഡിന്റെ കാര്യത്തിലും നിലനിര്‍ത്തി. രോഗവ്യാപനനിലയും പ്രതിരോധ സംവിധാനങ്ങളും ഓരോദിവസവും മുഖ്യമന്ത്രി നേരിട്ടെത്തി നാടിനോട് വിശദീകരിച്ചു. ആ വാര്‍ത്താസമ്മേളനങ്ങള്‍ കേരളജനതയെ ഒന്നാകെ ടെലിവിഷനു മുന്നിലെത്തിച്ചു.  

സമീപകാലത്ത് മറ്റൊരു പ്രതിദിന പരിപാടിക്കും ഇത്രയേറെ ജനസമ്മിതി നേടാനായിട്ടില്ലെന്നതിന് ചരിത്രം തന്നെ സാക്ഷി. ഒരുപക്ഷെ കോവിഡ് പ്രതിസന്ധിക്കാലത്ത് രാജ്യത്തെ ഒരു മുഖ്യമന്ത്രിയും ഇത്രയേറെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ടാവില്ല. 

ജനജീവിതം സ്തംഭിച്ചുനിന്ന ലോക്ഡൗണ്‍ പ്രതിസന്ധിക്കാലത്താണ് സര്‍ക്കാരിനെ നാട് അനുഭവിച്ചറിഞ്ഞത്. ലോക്ഡൗണ്‍ നിശ്ചലമാക്കിയത് അക്ഷരാര്‍ഥത്തില്‍ ജീവിതത്തെ തന്നെയായിരുന്നു.  ജീവനോപാധികളുടെ ജീവനറ്റു. എല്ലാവിഭാഗം ജനങ്ങളുടെയും വരുമാനം നിലച്ചു. പിന്നെ ഉത്തരമില്ലാത്ത ഒരു ചോദ്യമായി ജീവിതങ്ങളിലേക്ക് ഉറ്റുനോക്കിയ മനുഷ്യന്റെ അടിസ്ഥാന ജീവിതപ്രശ്നം– വിശപ്പ്. ഉത്തരം നല്‍കി പിണറായി സര്‍ക്കാര്‍. സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകള്‍, സൗജന്യഭക്ഷണശാലകള്‍, ജനകീയ ഹോട്ടലുകള്‍, കമ്യൂണിറ്റി കിച്ചനുകള്‍... നാടിന്റെ  വയറെരിയാതിരിക്കാന്‍ ഒരു ഭരണകൂടം നടപ്പാക്കിയ പദ്ധതികളാണിവ. കരുതലിന്റെ കരംനീണ്ടത് മനുഷ്യനുനേര്‍ക്ക് മാത്രമായിരുന്നില്ല.  

സ്തംഭിച്ചിരുന്ന സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാന്‍ സ്വീകരിച്ച പ്രായോഗിക നടപടികളും സര്‍ക്കാരിനുമേല്‍ ജനങ്ങള്‍ക്കുള്ള മതിപ്പിന്റെ ആഴംകൂട്ടി. വിവിധ ക്ഷേമനിധികളിലൂടെയും അല്ലാതെയും എല്ലാവരിലേക്കും സര്‍ക്കാര്‍ നേരിട്ട് പണമെത്തിച്ചു. ആയിരംരൂപയുടെ ധനസഹായം ലഭിക്കാത്ത ഒരാള്‍പോലും ഇല്ലാത്ത നില. ആ പണം വിപണികളിലേക്കിറങ്ങി. തളര്‍ന്നുനിന്ന വിപണിക്ക് പതിയെ ജീവന്‍വച്ചു.  അപ്പോള്‍ പിന്നീടെപ്പോഴോ, നികുതിയിളവായും സബ്സിഡിയായും ആര്‍ക്കൊക്കെയോ ഗുണം ലഭിക്കുന്ന ഉത്തേജന പദ്ധതികളുടെ പണിപ്പുരയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. 

വാര്‍ത്താക്കുറിപ്പുകളിലെ അവകാശവാദങ്ങളിലല്ല, ജനങ്ങള്‍ അനുഭവസാക്ഷ്യം പറയുന്ന ക്ഷേമനടപടികളായിരുന്നു പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂലധനം. 

ഓരോ വര്‍ഷവും വര്‍ധിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്ന ക്ഷേമപെന്‍ഷനുകള്‍ അധികാരം വിട്ടിറങ്ങുമ്പോള്‍ ആയിരത്തി അഞ്ഞൂറുപയായി സര്‍ക്കാര്‍ ഉയര്‍ത്തി. അത് മുടങ്ങാതെ, കുടിശികയില്ലാതെ ഓരോമാസവും കൃത്യമായി വീട്ടിലെത്തി. അവശരും ആലംബഹീനരുമായ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അതൊരു വിലമതിക്കാനാവാത്ത ആശ്വാസത്തുരുത്തായിരുന്നു. 

കോവിഡ് പ്രതിസന്ധിക്കാലത്ത് ആരംഭിച്ച് ഇപ്പോഴും തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ ജനങ്ങളുടെ നിത്യജീവിതച്ചെലവുകള്‍ തന്നെയാണ് വെട്ടിക്കുറച്ചത്. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തമാക്കിയ നടപടി. ജനത്തിന്റെ മനസില്‍ സര്‍ക്കാരിന് ഏറ്റവും സ്വീകാര്യതനല്‍കിയ പരിപാടി. 

കേരളത്തിന്റെ നിരത്തുകള്‍ പാടേ മുഖംമാറി.  പടുകുഴികളില്‍ നിന്ന് നിലവാരംകൊണ്ടും നിര്‍മാണത്തിലെ ശാസ്ത്രീയതകൊണ്ടും  മികവിന്റെയും മുകളിലേക്കുയര്‍ന്ന റോഡുകള്‍. നഗരനിരത്തുകളെ തീരാക്കുരുക്കിലാക്കിവന്ന വാഹനപ്പെരുപ്പം നിയന്ത്രിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിവയ്ക്കുകയും സ്തംഭിച്ചു നില്‍ക്കുകയും ചെയ്ത ബൈപ്പാസുകളുടെ പൂര്‍ത്തീകരണം, കാലംകഴിഞ്ഞിട്ടും പുതിയകാലത്തിന്റെ ഭാരംതാങ്ങി വിള്ളല്‍വീണുതുടങ്ങിയ നൂറുകണക്കിന് പാലങ്ങളുടെ നിര്‍മാണം– ഇവയുടെ ഗണത്തില്‍ പലതുകൊണ്ടും എടുത്തുപറയേണ്ട വൈറ്റിലയും കുണ്ടന്നൂരും പാലാരിവട്ടവും. 

ചുവപ്പുനാടയില്‍ക്കുടുങ്ങിക്കിടന്ന വിദ്യാലയങ്ങളുടെ നവീകരണം, സ്വകാര്യമേഖലയോട് കിടപിടിക്കുന്നതോ അതിലുമേറെ മുന്നിട്ടുനില്‍ക്കുന്നതോ ആയ ഭൗതിക സാഹചര്യങ്ങളോടെ, ഹൈടെക് സംവിധാനങ്ങളോടെ, നവീനതയുടെ തലയെടുപ്പോടെ പുനര്‍ജനിച്ച സര്‍ക്കാര്‍ സ്കൂളുകള്‍, സ്വകാര്യമേഖലയിലേക്കുള്ള കുത്തൊഴുക്കിന് തടയിട്ട്, കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നവിധം മൂല്യവത്തും  അര്‍ഥപൂര്‍ണവും സമഗ്രവുമായ വളര്‍ച്ച കൈവരിച്ച പൊതുവിദ്യാഭ്യാസരംഗം, അടച്ചുറപ്പുള്ള കൂരയ്ക്കുകീഴില്‍ ഉറങ്ങിയുണരാന്‍, ജീവിച്ചു മരിക്കാനുള്ള ആഗ്രഹവും പേറി നാളുകള്‍ തള്ളിനീക്കിയ ജനലക്ഷങ്ങളുടെ ജീവിതസ്വപ്നം സാക്ഷാത്കരിച്ച ലൈഫ് പദ്ധതി, കോടികളുടെ നഷ്ടഭാരംപേറി അടച്ചുപൂട്ടലിനുള്ള ഉത്തരവുകാത്തു കിടന്നയിടത്തുനിന്ന് അവിശ്വസനീയമായ ലാഭത്തിലേക്ക് കുതിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍, നിറഞ്ഞൊഴുകിയ ഭൂതകാലത്തുനിന്ന് വറ്റ് വരണ്ട് മണല്‍ത്തിട്ടയായി മാറി– പഴങ്കഥയായി മാറിയ ആറുകളുടെയും തോടുകളുടെയും വീണ്ടെടുപ്പ്, അതുവഴി മണ്ണിന് മനുഷ്യന് പ്രകൃതിക്ക് ലഭിച്ച ജീവനീരിന്റെ പ്രസരിപ്പ്, തരിശുകിടന്ന നിലങ്ങളിലേക്ക് വിത്തായും വളമായും വിളവായും വരുമാനമായും തിരികെയെത്തിയ കാര്‍ഷിക സമൃദ്ധി, പച്ചക്കറി കൃഷിയില്‍ മുമ്പെങ്ങുമില്ലാത്തവിധം നേടിയ ഉണര്‍വ്, ആധുനികതയുടെ സാങ്കേതിക സംവിധാനങ്ങളോടെ ഉയര്‍ത്തെഴുന്നേറ്റ സര്‍ക്കാര്‍ ആതുരാലയങ്ങള്‍, മെഡിക്കല്‍ കോളജുകളില്‍ ആരംഭിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍, സൗജന്യ ചികില്‍സ, ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യത ഏതുസാഹചര്യത്തിലും ഉറപ്പുവരുത്തിയ ഭരണപരമായ ഇടപെടല്‍, വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന സര്‍ക്കാര്‍ ആംബുലന്‍സ് സംവിധാനങ്ങള്‍, കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങള്‍, ഓഖിക്ക് പിന്നാലെ തീരമേഖലയ്ക്കായി നടപ്പാക്കിയ സമഗ്രപദ്ധതികള്‍, 

സ്ഥിരവരുമാനം ഉറപ്പില്ലാത്ത മല്‍സ്യമേഖലയിലുള്ളവര്‍ക്കായി കൊണ്ടുവന്ന നാനാവിധ മുന്‍ഗണനകള്‍, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, തുടര്‍പഠന സൗകര്യങ്ങള്‍, ക്ഷേമപദ്ധതികള്‍, തീരദേശപൊലീസ് സ്റ്റേഷനുകള്‍, കേരളത്തില്‍ അസാധ്യമെന്ന് കരുതിയ ഗെയ്‌ല്‍ പദ്ധതിയുടെ പൂര്‍ത്തീകരണം... ഇതെല്ലാം ജനം കണ്‍മുന്നില്‍ക്കണ്ട, ഭരണത്തുടര്‍ച്ച എന്ന കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരിടത്തേക്ക് പിണറായി വിജയന്‍ സര്‍ക്കാരിനെ കൊണ്ടെത്തിച്ച നടപടികളില്‍ ചിലതു മാത്രമാണ്. 

പ്രകടനപത്രികയില്‍ പറഞ്ഞ ഏതാണ്ടെല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ ജനം അംഗീകരിച്ചതും പുതിയ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതും വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരികയോ ഇല്ലാതാക്കുകയോ ചെയ്ത ഈ അനുഭവസാക്ഷ്യങ്ങള്‍ കൊണ്ടുകൂടിയാണ്. 

ഇതിനിടയിലൂടെയാണ് പിണറായി വിജയന്‍ എന്ന പൊതുപ്രവര്‍ത്തകനെക്കുറിച്ചുള്ള മുന്‍വിധികളും മാറിമറിഞ്ഞത്.  കര്‍ക്കശക്കാരനായ

പഴയ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിഴല്‍ പാടേ വിട്ടൊഴിഞ്ഞെന്നും പറയുകയ വയ്യ. മാധ്യമങ്ങളോടുള്ള സമീപനത്തില്‍ പലപ്പോഴും അദ്ദേഹം പഴയ ഇടത്തുതന്നെയായിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ വിമര്‍ശിക്കപ്പെടുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിത്തന്നെയായിരുന്നു മറുപടികള്‍. ആക്രോശങ്ങളും ശകാരങ്ങളും പൊട്ടിത്തെറികളും പലകുറി കേരളം കേട്ടു. മുഖ്യമന്ത്രിയായ പിണറായി ഇരിക്കുന്ന പദവിയുടെ മഹത്വംകൊണ്ടുതന്നെ സ്വയം അടങ്ങിയതാണെന്നും പറഞ്ഞതും അദ്ദേഹമാണ്.

ശരിയാവാം. ശരിയാണ്. കേന്ദ്രവുമായി പുലര്‍ത്തിയ നല്ല ബന്ധംതന്നെ തെളിവ്. പലകാര്യങ്ങളില്‍ വിയോജിച്ചപ്പോഴും, കേന്ദ്രത്തിനെതിരെ ആവര്‍ത്തിച്ച് പ്രമേയങ്ങള്‍ പാസാക്കുമ്പോഴും ഫെഡറല്‍ തത്വങ്ങള്‍ മറന്നിട്ടില്ല. മമത–മോദി ഏറ്റുമുട്ടല്‍ പോലൊന്ന് ഇവിടെയുണ്ടായില്ല. കേരളത്തിലെത്തി പലതവണ രാഷ്ട്രീയം പറഞ്ഞുപോയ മോദി പിണറായി വിജയന്‍ എന്ന് എവിടെയും പറഞ്ഞുകേട്ടില്ല, തിരിച്ചും അതുണ്ടായില്ല. രാഷ്ട്രീയ അന്തര്‍ധാരകള്‍ക്ക് തെളിവെന്ന് എതിരാളികള്‍ പാടിനടന്നു. 

പിണറായി അതിനൊന്നും മറുപടി പറഞ്ഞില്ല. പറയില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. ആരോപണം തെറ്റെന്ന് തെളിയിക്കേണ്ടത് വരുംകാല ബാധ്യതകളിലൊന്നാണ്. ആരോപണം ഉയര്‍ത്തുന്നവര്‍ കാണാതെപോയ  ചിലതുകൂടിയുണ്ട്. ബി.ജെ.പിക്കെതിരായ രാഷ്ട്രീയപ്പോര്‍ക്കളത്തിന്റെ മുന്‍നിരയില്‍ പിണറായി വിജയന്‍ എന്നുമുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയും അന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനുമായിരുന്ന അമിത്ഷാ ഇതുപോലൊന്ന് ഈ രാജ്യത്തെ ഒരു ബി.ജെ.പി വിരുദ്ധ രാഷ്ട്രീയവേദിയില്‍ നിന്നും കേട്ടിട്ടുണ്ടാവില്ല.  

ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ ബാധ്യസ്ഥനായിരിക്കുമ്പോഴും, സ്വയം ഒതുങ്ങിയെന്ന് അദ്ദേഹം തന്നെ പറയുമ്പോഴും പഴയ സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ശൈലി കെട്ടടങ്ങാതെ ബാക്കിയുണ്ടെന്ന് കാട്ടിത്തരികയായിരുന്നു പിണറായി വിജയന്‍. ഏത് വെല്ലുവിളികളെയും നേരിടാനുള്ള ആര്‍ജവം, നിര്‍ഭയത്വം കൂടത്തന്നെയുണ്ടെന്ന് വിളിച്ചുപറയുന്ന പിണറായി വിജയന്‍. 

ഈ തുടര്‍വിജയം പിണറായി വിജയന് നല്‍കുന്ന വെല്ലുവിളികളും ചെറുതല്ല. ജനമര്‍പ്പിച്ച, ആവര്‍ത്തിച്ചുറപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ജാഗ്രതയും ബാധ്യതയും തന്നെയാണ് പരമപ്രധാനം. അത് ഒരുപക്ഷെ പിണറായി വിജയനെ തെല്ലും അസ്വസ്ഥമാക്കുന്നുണ്ടാവില്ല. പഴയസര്‍ക്കാരിന്റെ പ്രതിഛായാ നിര്‍മിതിയില്‍ വലിയ പങ്കുവഹിച്ച പലരും ഇക്കുറി കൂടെയില്ല. അവരെ മാതൃകയാക്കാനല്ല, അവരുടെ തുടര്‍ച്ചയാകാന്‍ കൂടെയുള്ളവരെ പ്രാപ്തനാക്കാന്‍ പിണറായിയിലെ ഭരണത്തലവന് കഴിഞ്ഞേക്കാം. ആവശ്യം വരുമ്പോള്‍ പണവും വന്നുകൊള്ളുമെന്ന് പറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യം മടക്കിയത് കഴിഞ്ഞദിവസമാണ്. ശരിയാണ്, എല്ലാ ചോദ്യങ്ങള്‍ക്കും പിണറായി വിജയനു മുന്നില്‍  ഉത്തരമുണ്ട്. അങ്ങനെയാവണമല്ലോ – ക്യാപ്റ്റന്‍.  

MORE IN KERALA
SHOW MORE
Loading...
Loading...