ബംഗാൾ പിടിക്കാൻ ബിജെപി; മമത വീഴുമോ..?; പിന്നണിയിലെ തന്ത്രങ്ങൾ

bengal-politics
SHARE

ബംഗാളില്‍ ഇത്തവണ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. ഒരുവശത്ത് മോദി മറുവശത്ത് മമത. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 3 സീറ്റ്. 10.16 ശതമാനം വോട്ടും. 2021-ലെത്തുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അടിവേര് ഇളക്കി അധികാരം പിടിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ബിജെപിയുടെ അല്‍ഭുതാവഹമായ വളര്‍ച്ചയുടെ പിന്നണിയിലെ തന്ത്രങ്ങള്‍ പലതാണ്.

2020 നവംബര്‍ 11. ബിഹാറില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇനി ബംഗാള്‍.മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢയും നിരന്തരം ബംഗാളിന്‍റെ മണ്ണിലെത്തി. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‍വര്‍ഗിയ, മലയാളിയായ അരവിന്ദ് മേനോന്‍, െഎടി സെല്‍മേധാവി അമിത് മാളവ്യ എന്നിവരുടെ മേല്‍നോട്ടത്തില്‍ ടീം മോദി സജ്ജം. കേന്ദ്രഭരണത്തിന്‍റെ പിന്തുണയോടെ, ബിജെപിയുടെ ആളും അര്‍ഥവും ബംഗാളിന്‍റെ മുക്കിലും മൂലയിലും കൊടിപാറിച്ചു. ഇബാര്‍ ബാംഗ്ല, പാര്‍ലെ ഷാംല. ഇത്തവണ ബംഗാള്‍. തടുക്കാമെങ്കില്‍ തടുത്തോ. യുദ്ധമുഖം അങ്ങിനെ തുറന്നു.

ഇന്ത്യയുടെ കിഴക്കും വടക്കുകിഴക്കും മേധാവിത്തമുണ്ടാക്കാന്‍ ബംഗാള്‍ പിടിക്കേണ്ടത് അനിവാര്യതയാണ്. അമിത് ഷായാണ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ലക്ഷ്യം ഇരുനൂറിലധികം സീറ്റ് നേടുക. മുദ്രാവാക്യം സോണാര്‍ ബാംഗ്ല. സുവര്‍ണ ബംഗാള്‍.നവോത്ഥാന മുന്നേറ്റങ്ങളും പുരോഗമന രാഷ്ട്രീയ ചിന്താധാരകളും ഉഴുതുമറിച്ച നാട്ടില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് എങ്ങിനെ ഇത്രവേഗം വളര്‍ച്ച നേടാന്‍ കഴിഞ്ഞുവെന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍ വലതുപക്ഷരാഷ്ട്രീയത്തിന് എന്നും വളക്കൂറുള്ള മണ്ണാണ് ബംഗാള്‍. ബിജെപിയുടെ മുന്‍ഗാമിയായ ജനസംഘത്തിന്‍റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദേശം.

294ല്‍ 211 സീറ്റുനേടിയായിരുന്നു 2016ല്‍ മമത ബാനര്‍ജിയുടെ രണ്ടാം ഇന്നിങ്സ്. ബിജെപിക്ക് കിട്ടിയത് 3 സീറ്റും 10.16 ശതമാനം വോട്ടും മാത്രം. 2018 പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കാറ്റ് ബിജെപിക്ക് അനുകൂലമായി വീശാന്‍ തുടങ്ങിയത്. എതിര്‍ശബ്ദങ്ങളെ ഇഷ്ടപ്പെടാത്ത തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി ശക്തമായ ചെറുത്തു നില്‍പ്പ് നടത്തി. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തിന്‍റെ കാറ്റുംവെളിച്ചവും കടന്നുവരാന്‍ തുടങ്ങി. ഇടത് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ ബിജെപിക്കൊപ്പം നിന്നു. പിന്നാലെ നേതാക്കളും. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിസ്മയകരമായിരുന്നു. 42ല്‍ 18 സീറ്റും 40.64 ശതമാനം വോട്ടും. തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ 3 ശതമാനം വോട്ടുമാത്രം കുറവ്. 2019 നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 45.14 ശതമാനമായി.

അടല്‍ ബിഹാരി വാജ്പേയിയുടെ കൈപിടിച്ച് മമതയാണ് ബിജെപിക്ക് ബംഗാളിലേയ്ക്ക് വഴി തുറന്നുകൊടുത്തത്. മോദിയാണ് പട നയിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ബിജെപി ആരെയും ഉയര്‍ത്തിക്കാട്ടിയിട്ടില്ല.വിശ്വാസവും വികസനവും സമം ചേര്‍ത്ത രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. ജയ് ശ്രീറാം വിളിയോടെയുള്ള ഹൈവോള്‍ട്ടേജ് പ്രചാരണം.ഗോത്രമേഖകളില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. ബംഗാള്‍ എന്നാല്‍ കൊല്‍ക്കത്തയില്‍ മാത്രം ഒതുങ്ങിയപ്പോള്‍ വികസനം എത്തിനോക്കാത്ത, പട്ടിണിമേയുന്ന പിന്നാക്കമേഖലകളില്‍ ബിജെപി വേരോട്ടമുണ്ടാക്കി. മമത പ്രഭാവം മങ്ങാന്‍ തുടങ്ങിയപ്പോള്‍ സുവേന്ദു അധികാരിയും മുകുള്‍ റോയും ദിനേഷ് ത്രിവേദിയും നേതാക്കളുടെ പട തന്നെ ബിജെപിയിലെത്തി.

വര്‍ഷം 1971. നക്സല്‍ മുന്നേറ്റത്തിന്‍റെ ഇടിമുഴമുണ്ടായ പശ്ചിം മേദിനിപുരിലെ ഗോപിവല്ലബ്പുര്‍ ഗ്രാമത്തില്‍ ഫുട്ബോളിനെ ഏറെ സ്നേഹിച്ചിരുന്ന ഒരു പയ്യന് ആര്‍എസ്എസിനോട് ഇഷ്ടം തോന്നുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെങ്കിലും ഭയം മൂലം ആരോടും പറഞ്ഞില്ല. 20ാം വയസില്‍ വീടുവിട്ടുപോയി. ആര്‍എസ്എസിന്‍റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. പതിറ്റാണ്ടുകള്‍ക്കിപ്പുറം ബംഗാള്‍ നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ തലയെടുപ്പുള്ള നേതാവായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപിയുടെ അമരക്കാരെയും മുഖ്യമന്ത്രിയാകാനിടയുള്ളവരെയും പരിശോധിക്കാം.

ബിജെപി ബംഗാള്‍ പിടിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന ആദ്യപേര് ദിലീപ് ഘോഷിന്‍റേതാണ്. മോദി മുഖമാണെങ്കില്‍ ക്യാപ്റ്റനാണ് ദിലീപ് ഘോഷ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച കടുപ്പക്കാരനായ ആര്‍എസ്എസുകാരന്‍.

എന്നും വിവാദങ്ങളുടെ തോഴാണ് ദിലീപ് ഘോഷ്. വാക്കില്‍ വിഷം പുരട്ടിയ നേതാവെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്നു. എന്‍റെ പാര്‍ട്ടിയിലെ 130പേരെ കൊലപ്പെടുത്തിയവരോട് മധുരം പൊതി‍ഞ്ഞ് വാക്കുകള്‍ പറയാനാകില്ലെന്ന് ദിലീപ് ഘോഷ് മറുപടി നല്‍കും. അടിക്ക് തിരിച്ചടി എന്നതാണ് ശൈലി. അതുകൊണ്ടുതന്നെ പാര്‍ട്ടി ഭേദമില്ലാതെ മമത വിരോധികള്‍ക്ക് പ്രിയപ്പെട്ടവനാണ്.

തൊണ്ണൂറുകളില്‍ ആര്‍എസ്എസ് മുന്‍മേധാവി കെ.എസ് സുദര്‍ശന്‍റെ സന്തതസഹചാരിയായി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആര്‍എസ്എസിന്‍റെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതലേ സുഹൃത്താണ്. 2019ല്‍ മോദി മന്ത്രിസഭയിലേയ്ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ലക്ഷ്യം ബംഗാളാണെന്നായിരുന്നു ദിലീപ് ഘോഷിന്‍റെ നിലപാട്. ജംഗിള്‍മഹല്‍ പ്രദേശത്തെ ജനകീയനേതാവ്. ആദിവാസി, ഗ്രാമീണ മേഖലകളില്‍ വന്‍ പിന്തുണയുണ്ട്. എന്നാല്‍ കൊല്‍ക്കത്തയിലെ ബുദ്ധിജീവി സമൂഹത്തിന് ഒട്ടും സ്വീകാര്യനല്ല.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...