ബിഹാർ: വിധിയെഴുതപ്പെടുന്നത് രാഷ്ട്രീയഭാവി മാത്രമോ?

bihar
SHARE

ബിഹാറിന്‍റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചിത്രം പ്രചാരണറാലികള്‍ക്കും പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ക്കും നേതാക്കളുടെ മാസ് എന്‍ട്രികള്‍ക്കും അപ്പുറമാണ്. വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന സുപ്രധാനമായ ചില ഘടകങ്ങളുണ്ട്. തൊഴില്‍, കോവിഡ് ഭീഷണി, ജാതി സമവാക്യങ്ങള്‍, മുന്നണി രസതന്ത്രം, മോദി ഫാക്ടര്‍. ദേശീയ രാഷ്ട്രീയത്തില്‍ ബിഹാറുണ്ടാക്കുന്ന അലയൊലികള്‍ സുപ്രധാനമാണ്. കനയ്യ. ബിഹാറില്‍ ഒരുപാടുണ്ട് കനയ്യമാര്‍. എങ്ങോട്ട് വിരല്‍ ചൂണ്ടിയാലും ഒരാളുണ്ടാകും. സര്‍വസാധാരണമായ പേര്. പട്നയിലെ ബോറിങ് കനാല്‍ റോഡില്‍വച്ചാണ് ഞങ്ങള്‍ അയാളെ കണ്ടത്.  ഈ കാത്തിരിപ്പ് അന്നന്നത്തെ അന്നത്തിനായാണ്. വീട്ടില്‍ അടുപ്പ് പുകയാനാണ്. തൊഴിലിനുവേണ്ടിയാണ്.

വേദനകളും പരിവേദനങ്ങളും പറയുന്നതിനിടെ തൊഴിലാളികളെ ആവശ്യമുള്ളൊരാള്‍ വാഹനവുമായെത്തി. കനയ്യ പ്രതീക്ഷയോടെ പാഞ്ഞെങ്കിലും ഭാഗ്യം അയാള്‍ക്കൊപ്പമായിരുന്നില്ല. കൂടുതല്‍ പണിയെടുക്കുന്ന... കുറഞ്ഞ പ്രായമുള്ള.... കുറഞ്ഞ കൂലി പറഞ്ഞ മറ്റൊരു തൊഴിലാളിയുമായി ആവശ്യക്കാരന്‍ പോയി. കനയ്യ കാത്തിരിപ്പ് തുടര്‍ന്നു. പ്രതീക്ഷകളുടെ ചോരവാര്‍ന്നുപോയി വിളറിയ ജീവിതം നയിക്കുന്ന ബിഹാറിലെ നിസഹായരായ മനുഷ്യരുടെ പ്രതീകമാണയാള്‍. കനയ്യയെപ്പോലെ ആയിരക്കണക്കിന് പേര്‍. പട്നയുടെ തെരുവുകളില്‍ ഒാരോ ദിവസവും തൊഴിലിനായി കാത്തു കാത്തു നില്‍ക്കുന്നു. റൊട്ടിയുടെ വലുപ്പം മാത്രമുള്ള ജീവതം മുന്നോട്ടുകൊണ്ടുപോകാന്‍. കണ്ണുകളില്‍ പ്രതീക്ഷ വറ്റവരളാതെ. ഭൂരിഭാഗം പേരും നിര്‍മാണത്തൊഴിലാളികള്‍. പുലര്‍ച്ചെ അഞ്ചുമണിയോടെ ഗ്രാമങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പട്നയിലെത്തും. തൊഴിലാളികളെ തേടി ആളുകളെത്തുന്നതും കാത്ത് അങ്ങിനെ റോഡരികില്‍ നില്‍ക്കും. മണിക്കൂറുകളോളം. പച്ചവെള്ളം മാത്രം കുടിച്ച്. പന്ത്രണ്ട് മണിവരെ ആ നില്‍പ്പ് തുടരും. വീട്ടില്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്നവരുടെ അരികിലേയ്ക്ക് ചിലര്‍ വൈകീട്ട് ദിവസക്കൂലിയുമായി മടങ്ങും. തൊഴില്‍ കിട്ടാത്തവര്‍ സ്വയം ശപിച്ചും മടങ്ങും. അല്ലെങ്കില്‍ നഗരത്തിന്‍റെ ഒാരത്ത് കഴിച്ചു കൂട്ടും. തൊഴിലില്ലായ്മയാണ് ബിഹാറിലെ ഏറ്റവും വലിയ പ്രതിസന്ധി. ഗ്രാമ നഗര വ്യത്യാസമില്ല. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും ജീവിതം നരകതുല്യമായി.

കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലെടുത്തവരാണ് പലരും. നാട്ടിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍. ലോക്ഡൗണിനിടെ ലോക്കായിപ്പോയവര്‍. മുഷിഞ്ഞ തുണികളും ഒരു കുപ്പിവെള്ളവും സഞ്ചിയിലാക്കി. പണിയെടുക്കാന്‍ അവസരം കിട്ടിയാല്‍ ഉച്ചയ്ക്ക് വിശപ്പടക്കാന്‍ റൊട്ടിയുണ്ടാക്കി കഴിക്കാന്‍ ഗോതമ്പ് മാവ്. പച്ചമുളക് കടിച്ച് ഉണക്ക റൊട്ടി കഴിക്കും. അതുതന്നെ ധാരാളിത്തമാണ്. വേലയില്ലെങ്കില്‍ വിശപ്പിനെ അതിന്‍റെ വഴിക്കുവിട്ട് ഗോതമ്പുമാവും പച്ചമുളകും നാളത്തേയ്ക്കുള്ള നീക്കിയിരിപ്പാക്കും.

പുകയില നിരന്തരം വായിലിട്ട് ചവയ്ക്കുന്നതുപോലും ലഹരിയുടെ ആര്‍ഭാഢമല്ല. വിശപ്പ് മറക്കാനാണ്. റൊട്ടിക്ക് വകയില്ലാത്തവന് എന്ത് മാസ്ക്? എന്ത് സാനിറ്റൈസര്‍? അതിജീവനം തന്നെ മഹായുദ്ധമാണ്. അതിനിടയിലെന്ത് മഹാമാരി? കുടിയേറ്റത്തൊഴിലാളികളില്‍ ഏറ്റവും അധികം മടങ്ങിയെത്തിയത് ബിഹാറിലാണ്. തൊഴിലാളികളുെട പ്രശ്നം കൈകാര്യം ചെയ്തതില്‍ നിതീഷിന് പിഴച്ചു. അതിനിടെ, പ്രളയം 18 ജില്ലകളിലെ 84 ലക്ഷം പേരെ ബാധിച്ചു. സഹായമെത്തിക്കുന്നതില്‍ വീഴ്ച്ച പറ്റിയെന്ന വിമര്‍ശനവുമുണ്ട്.

കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് രംഗത്തും പ്രകടമാണ്. മരുന്നോ, വാക്സീനോ കണ്ടെത്തുന്നതുവരെ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ക്ക് ബിഹാറാകും പാഠപുസ്തകം. രോഗഭീതി പ്രചാരണത്തെ ഏങ്ങിനെ സ്വാധീനിച്ചു? ബിഹാറിന്‍റെ രാഷ്ട്രീയഭാവി മാത്രമല്ല ആരോഗ്യം കൂടിയാണ് വിധിയെഴുതപ്പെടുന്നത്.

ബിഹാറിലെ തിരഞ്ഞെടുപ്പ് ആവേശത്തിനിടയില്‍ നിന്നാണ് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേ മാധ്യമപ്രവര്‍ത്തകരോട് കോവിഡ് ജാഗ്രത നിര്‍ദേശം പങ്കുവയ്ക്കുന്നത്. അതേ, കോവിഡ് കാലമാണ്. മാഹാമാരിയുടെ ഭീഷണിക്കൊത്ത് മാറ്റങ്ങളും വേണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് മുതല്‍ വോട്ടെണ്ണല്‍വരെ. തിരഞ്ഞെടുപ്പിന്‍റെ ഒാരോ ഘട്ടത്തിലും പാലിക്കാന്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിരുന്നു. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം കുറച്ചു. സാമൂഹിക അകലം ഉറപ്പാക്കി. പോളിങ് സമയം കൂട്ടി. പക്ഷെ ഈ മുന്‍കരുതലുകളൊന്നും പ്രചാരണരംഗത്തില്ല. കോവിഡ് ഭീഷണിയുടെ കൊടി ഉയര്‍ന്നുയര്‍ന്നു പാറുകയാണ്. അതില്‍ പാര്‍ട്ടി ഭേദമില്ല. പ്രചാരണത്തിന്‍റെ തുടക്കം സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ പരീക്ഷണങ്ങളോടെയായിരുന്നു. വെര്‍ച്വല്‍ റാലികളും ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള ക്യാംപെയിനുകളും. പോരാട്ടം കടുത്തതോടെ പ്രചാരണരംഗവും പഴയരീതികളിലേയ്ക്ക് മടങ്ങി. വോട്ടര്‍മാരെ കൈയിലെടുക്കാന്‍ പുതിയ പരീക്ഷങ്ങള്‍ പയറ്റുന്നുണ്ട്. മാസ്ക്കുകളില്‍ പാര്‍ട്ടി മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും. റാലികളില്‍ മാസ്ക് വിതരണവും വോട്ടുതേടലും ഒന്നിച്ച്. കോവിഡിനെ പേടിച്ച്  റാലികളില്‍ എത്താതിരിക്കുന്നവര്‍ക്ക് കവലകളില്‍ നേതാക്കളുടെ പ്രസംഗവും പ്രചാരണവും വലിയ സ്ക്രീനില്‍ കാണാം. തലയെടുപ്പുള്ള നേതാക്കള്‍ പൊടിപാറിച്ച് പറന്നിറങ്ങിയതോടെ ആവേശം കൊടുമുടിയേറി. ആള്‍ക്കൂട്ടം ഒഴുകി. മാസ്ക്കില്ല. സാമൂഹിക അകലമില്ല. കോവിഡ് മുന്‍കരുതല്‍ അജന്‍ഡയിലെങ്ങുമില്ല.

കോവിഡ് രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ലോകത്തെ വിറപ്പിച്ച മഹാമാരിയെക്കുറിച്ച് കേട്ടുകേള്‍വിയില്ലാത്തവരുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നേതാക്കളും അണികളും കേട്ടമട്ടില്ല. പൊതുവേ ദുര്‍ബലമായ ബിഹാറിന്‍റെ ആരോഗ്യപരിപാലന മേഖലയെ കൂടുതല്‍ രോഗാതുരമാക്കുകയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം. ബിഹാര്‍ ഒരു മുന്നറിയിപ്പാണ്. തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്. 2000ത്തിലാണ് ബിഹാറിന്‍റെ പ്രദേശങ്ങള്‍ ചേര്‍ത്ത് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നത്. അതിനുശേഷം ബിഹാറിലെ ഒരു തിരഞ്ഞെടുപ്പിലും ജെഡിയുവിനും ആര്‍ജെഡിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മുന്നണി രാഷ്ട്രീയത്തിന്‍റെ പരീക്ഷണങ്ങളാണ് തുടര്‍ന്ന് ബിഹാറിലുണ്ടായത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.

2005ല്‍ നിതീഷ് കുമാര്‍ ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തിയത് ബിജെപിയുടെ പിന്തുണയോടെയാണ്. 2009 ലോക്സഭാ തിരഞ്ഞെടുപ്പിലും 2010 നിയമസഭാ തിരഞ്ഞെടുപ്പിലും നിതീഷ് കാവിക്കൂടാരത്തില്‍ തന്നെയായിരുന്നു. റാം വിലാസ് പസ്വാന്‍റെ ലോക്ജന്‍ശക്തി പാര്‍ട്ടിക്കൊപ്പം നിന്ന ആര്‍ജെഡി തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു. 2015ല്‍ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ടിറങ്ങി ആര്‍ജെഡിക്ക് കൈകൊടുത്തു. ലാലു നിതീഷ്. മഹാസഖ്യമെന്ന മേല്‍വിലാസത്തില്‍ ബദ്ധശത്രുക്കളുടെ സൗഹൃദം. മോദി തരംഗം ബിഹാറില്‍ ഏശിയില്ല. രണ്ടു വര്‍ഷത്തിനിപ്പുറം നിതീഷ് ആര്‍ജെഡിയെ ഉപേക്ഷിച്ച് ബിജെപിക്കൊപ്പം നിന്ന് സര്‍ക്കാര്‍ നിലനിര്‍ത്തി. 2015ലെ തിരഞ്ഞെടുപ്പ് ചിത്രം ഇങ്ങിനെ. ജെഡിയു 71. ബിജെപി 53. ആര്‍ജെഡി 80. കോണ്‍ഗ്രസ് 27. ഇത്തവണ ജെഡിയു, ബിജെപി, ജിതന്‍ റാം മാഞ്ചിയുടെ ഹാം, മുകേഷ് സാഹ്നിയുടെ വിെഎപി എന്നീ കക്ഷികള്‍ എന്‍ഡിഎ കുടക്കീഴില്‍. ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിെഎ എംഎല്‍, സിപിെഎ, സിപിഎം എന്നീ പാര്‍ട്ടികള്‍ മഹാസഖ്യത്തില്‍. ജാതീയഘടകങ്ങള്‍ പരിശോധിച്ചാല്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം. മുന്നാക്ക വിഭാഗങ്ങളുടെ പ്രീതിയുള്ള ബിജെപിയും തലമുതിര്‍ന്ന മഹാദലിത് നേതാവ് മാഞ്ചിയും ഉള്‍പ്പെട്ട മഴവില്‍ സഖ്യം. അഞ്ച് ഘടകങ്ങളാണ് പ്രധാനമായും ബിഹാര്‍ ജനവിധിയെ പതിവായി സ്വാധീനിക്കാറ്. ജാതി, മതം, ആരാണ് നേതാവ്, രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഘടനശക്തി, ട്രാക്ക് റെക്കോര്‍ഡ്. ആര്‍എസ്എസിന്‍റെ ആഴത്തിലുള്ള സംഘടനവൈഭവം ബിജെപിക്ക് കരുത്താണ്. ‌‌‌ മൂന്ന് ഘടകങ്ങള്‍ തേജസ്വിക്ക് വെല്ലുവിളിയായി നില്‍ക്കുന്നു. ആര്‍ജെഡിയുടെ ട്രാക്ക് റെക്കോര്‍ഡ്. തേജസ്വിയെന്ന നേതാവിന്‍റെ അനുഭവ പരിചമില്ലായ്മ. മൂന്നാമത്തെതായി ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കാനുള്ള സാധ്യതയും.

പ്രചാരണരംഗത്ത് ചില അസാന്നിധ്യങ്ങള്‍ കൂടിയുണ്ട്. സമോസയില്‍ ഉരുളക്കിഴങ്ങ് ഉള്ള കാലത്തോളം ബിഹാറില്‍ ലാലു ഉണ്ടായിരിക്കും. ഒരുകാലത്ത് ഉയര്‍ന്നുകേട്ടമുദ്രാവാക്യമാണ്. അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവ് അഴിക്കുള്ളിലാണ്. രാഷ്ട്രീയത്തില്‍ ലാലുവിനേക്കാള്‍ മുതിര്‍ന്ന റാംവിലാസ് പസ്വാന്‍റെ വിയോഗം തിരഞ്ഞെടുപ്പ് കാലത്താണുണ്ടായത്. ശരദ് യാദവ് ചികില്‍സയിലാണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...