കോവിഡിനൊപ്പം അരക്കൊല്ലം; പോരാട്ടത്തില്‍ ഇനിയെന്ത് ?

covid
SHARE

രാജ്യത്ത് തന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തില്‍  കോവിഡ് പോരാട്ടത്തിന് ഇന്ന് ആറുമാസം തികയുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയ സംസ്ഥാനം മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്. സെപ്്റ്റംബറില്‍ എഴുപത്തയ്യായിരം  രോഗികള്‍ വരെയാകാമെന്ന കണക്ക് കൂട്ടലില്‍ വരുന്ന മൂന്നാഴ്ച അതിനിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അരക്കൊല്ലം പിന്നിടുന്ന കോവിഡ് കാല ജീവത്തില്‍ കാത്തിരിക്കുന്നത് എന്ത് ?

2020 ജനുവരി 30 ന് തൃശൂരില്‍ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് കൊറോണ സ്ഥിരീകരിക്കുമ്പോള്‍ രാജ്യം തന്നെ, ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളു. കേരളം രാജ്യാന്തര തലത്തില്‍ സ്പോട്ട് ചെയ്യപ്പെട്ടു. പക്ഷേ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍‌ ആദ്യരോഗിയില്‍ നിന്ന് മറ്റൊരാളിലേക്കുള്ള  വൈറസിന്‍റെ കുടിയേറ്റം തടഞ്ഞു. നിശബ്ദമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. ഇതിനിടെ ലോകത്ത് കൊറോണ പടര്‍ന്നുകയറി. 

മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കൊറോണ കോവിഡായി പേരുമാറി ലോകം മുഴുവന്‍ താണ്ഡവം തുടങ്ങിയിരുന്നു. ഇറ്റലിയും സ്പെയിനും ബ്രിട്ടനുമൊക്കെ കോവിഡില്‍ വിറങ്ങലിക്കുന്നത് കണ്ടു. ലോകത്തെ പിടിച്ചുലയ്ക്കുന്ന ലോകക്രമങ്ങളെ അപ്പാടെ മാറ്റിമറിക്കുന്ന ഇപ്പോഴും എന്താവും നാളെയെന്ന് ഉറപ്പിക്കാനാവാത്ത അനിശ്ചിതത്വത്തിലേക്ക് ജനങ്ങളെയാകെ എടുത്തെറിഞ്ഞിരുന്നു ആ മഹാമാരി. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച റാന്നി സ്വദേശികളായ 93 കാരന്‍ തോമസും 88 കാരി മറിയാമ്മയും സുഖം പ്രാപിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത് ആരോഗ്യകേരളത്തിന്റ ആത്മവിശ്വാസം കൂട്ടി. കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റി.

ഇതിനിടെ രാജ്യം സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പോയി. നീണ്ട രണ്ടുമാസക്കാലത്തോളം. ലോകമെങ്ങും കോവിഡെന്ന മഹാമാരിക്കെതിരെ പോരാടിത്തളരുമ്പോൾ അതിജീവനത്തിന്റെ കാഴ്ചകളായിരുന്നു അന്ന് നമ്മുടെ നാട്ടിൽ. മാര്‍ച്ച് 27ന് ഒറ്റ ദിവസം 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് പിന്നീടുളള ഗ്രാഫ് താഴേയ്ക്കായിരുന്നു. ഏപ്രില്‍ 3ന് 9 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 4ന് 11, 5 ന് 8 , 6ന് 13, 7നും 8നും 9 എന്ന ക്രമത്തിലാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ വന്‍ വര്‍ധനയ്ക്ക് തടയിടാനായി. ആറ്  ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞു.  പുതിയ രോഗികളെക്കാള്‍ രോഗം ഭേദമായവരുടെ എണ്ണം ഉയര്‍ന്നു. 97. 67 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് തന്നെ ഒന്നാമത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ഏപ്രില്‍ 1ന് 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിരായപ്പോള്‍ പിന്നീടുള്ള ഏഴു ദിവത്തിനിടെ ഇങ്ങനെ രോഗം പകര്‍ന്നത് 19 പേര്‍ക്ക് മാത്രം. വിദേശത്തു നിന്നെത്തിയ  45 പേര്‍ക്കും സമ്പര്‍ക്കം  വഴി  34 പേര്‍ക്കും നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത  15 പേര്‍ക്കുമാണ് ആ ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ ആരോഗ്യപ്രവര്‍ത്തകരെ പുപ്ഷവൃഷ്ടി നല്‍കി സ്വീകരിച്ചു ഈ നാട്. 

മെയ് മാസത്തില്‍ പ്രവാസികളെത്തിത്തുടങ്ങി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെത്തി. ക്രമേണ രോഗികളുടെ എണ്ണവും കൂടി. രോഗികളുടെ എണ്ണം ആദ്യ അഞ്ഞൂറിലെത്താന്‍ മൂന്നു മാസമെടുത്തെങ്കില്‍  1000 കടക്കാന്‍ 22 ദിവസം മാത്രം. അയ്യായിരത്തില്‍ നിന്ന് പതിനായിരമാകാന്‍ 12 ദിവസവും ഇരട്ടിയാകാന്‍ വീണ്ടുമൊരു പന്ത്രണ്ട് ദിവസവും മാത്രമേ വേണ്ടിവന്നുളളു. 

ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയ സംസ്ഥാനം മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്. ഈ മാസം 18ന് രാജ്യത്ത് തന്നെ ആദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം സ്ഥിരീകരിച്ചു കേരളം. ആറുമാസത്തിനിടെ രോഗവ്യാപനത്തിന്‍റെ കര്‍വ് ഫ്ളാറ്റെന്‍ ചെയ്ത മരണസംഖ്യ കുറവെങ്കിലും കണക്കുകള്‍ സുതാര്യമല്ലെന്ന് ആക്ഷേപമുണ്ട്. പരിശോധനാ നിരക്കിലും വേഗത്തില്‍ ഫലം ലഭ്യമാക്കുന്നതിലും സംസ്ഥാനം പിന്നാക്കം പോയി. മൂന്നാം ഘട്ടത്തിലും കേരളം വീണുപോയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. 

എവിടെയാണ് പിഴവു വന്നത്? ലോക് ഡൗണിനു ശേഷം പ്രതിരോധത്തില്‍ പാളിച്ച വന്നോ? ആളുകളുടെ ജാഗ്രതയില്‍ കുറവുവന്നോ? കൃത്യമായി പരിശോധിച്ചാല്‍ ജാഗ്രതക്കുറവ് ഉണ്ടെന്ന് തന്നെ പറയേണ്ടിവരും. മാസ്ക് ജീവിതത്തിന്‍റെ ഭാഗമായെങ്കിലും ഇന്നും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുതലുതന്നെയാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ പഴയപോലെയല്ലെങ്കിലും അതില്‍ യാത്ര ചെയ്യുന്നവരുടെ പ്രതിരോധങ്ങള്‍ എത്രത്തോളം ഉണ്ട്? പൊതുഇടങ്ങള്‍, കടകള്‍, ചന്തകള്‍, തീരദേശങ്ങള്‍, വിവാഹ സല്‍ക്കാരങ്ങള്‍, അങ്ങനെ നമ്മള്‍ തീവ്രമായി ശ്രദ്ധപുലര്‍ത്തേണ്ട ഇടങ്ങളിലൊക്കെ പിന്നാക്കം പോയില്ലേ എന്നൊന്ന് സ്വയം ചോദിക്കണം. കൊറോണയ്ക്കൊപ്പമുള്ള ജീവിതമാണിത്. അത് മറന്നതിനും പ്രതിരോധനടപടികളിലെ പിന്നാക്കം പോയതിനും നാം വിലകൊടുക്കുന്നുണ്ട് ഇപ്പോള്‍.

വൈറസിനെതിരെയുള്ള പോരാട്ടം ഒരു മാരത്തണ്‍ ഓട്ടം തന്നെയാണ്. ലോകം തന്നെ അടുത്ത രണ്ടുവര്‍ഷത്തേക്ക് കൊറോണവൈറസിനെ മാറ്റിനിര്‍ത്തി ചിന്തിക്കുന്നപോലും ഇല്ല. അപ്പോള്‍ നമ്മള്‍ തുടക്കത്തിലേ ഈ ഓട്ടം മനസിലാക്കണമായിരുന്നു. ബാറ്റണ്‍ കൈമാറി കൈമാറി ദീര്‍ഘദൂര ഓട്ടത്തിനെ കൂട്ടായ്മയിലൂടെയും കരുത്തിലൂടെയും മറികടക്കാനുള്ള പദ്ധതികള്‍ തന്നെയാണ് ആവശ്യം. മേനി പറച്ചിലിനോ പരിധിയില്‍ക്കവിഞ്ഞ കുറ്റപ്പെടുത്തലിനോ ഉളള സമയമല്ല. പരിശോധനകള്‍ വര്‍ധിപ്പിച്ചും സമൂഹം ജാഗ്രത കാട്ടിയും കോവിഡിനെതിരായ പോരാട്ടം ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പെരുകുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഹോമിയോ ആയുര്‍വേദ പ്രതിരോധമരുന്നുകള്‍ നല്ലപോലെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. വൈറസ് ബാധയേല്‍ക്കാതിരിക്കല്‍ തന്നെയാണ് മുഖ്യലക്ഷ്യം. 

എത്രത്തോളമാണ് ഈ കോവിഡിന്‍റെ അരക്കൊല്ലം മനുഷ്യനെ മാറ്റിയത്. സോപ്പിട്ട് കൈകഴുകലും സാനിറ്റൈസര്‍ ഉപയോഗവും മാസ്ക് ധരിക്കലും ആദ്യപാഠങ്ങളാണ്. പിന്നാലെ സാമൂഹ്യ അകലത്തില്‍ ഇരിക്കാനും നില്‍ക്കാനും നടക്കാനും മിണ്ടാനുമൊക്കെ ശീലിപ്പിച്ചു. തൊഴിലിടങ്ങള്‍ വീടകങ്ങളായി. എല്ലാം വിവരസാങ്കേതികതയുടെ നെഗളിപ്പില്‍ മാറിമറിഞ്ഞു. പിന്നാലെ കുട്ടികളും ആ വഴിയിലേക്ക്. വിദ്യാലയങ്ങള്‍ വീട്ടിലായി. ഓണ്‍ലൈനായി പഠനവും സൗഹൃദവും കൂടിക്കാഴ്ചകളും എല്ലാം. മന്ത്രിസഭായോഗം തൊട്ട് സൗഹൃദക്കൂട്ടങ്ങള്‍ വരെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി വിഡിയോ കോണ്‍ഫറന്‍സിലായി. ആരാധനാലയങ്ങള്‍ വിട്ട് പ്രാര്‍ഥനകള്‍ വീടിനകത്തായി. വീട്ടിലിരുന്ന ആണുങ്ങള്‍ അടുക്കളയില്‍ കയറിയും അടുക്കളത്തോട്ടങ്ങളില്‍ പച്ചക്കറി നട്ടും പുതിയ ശീലങ്ങളുണ്ടാക്കി. ബോട്ടില്‍ പെയിന്‍റിങ്ങുകളില്‍ വീട്ടമ്മമാരുടെ ആവിഷ്കാരങ്ങള്‍ പിറവികൊണ്ടു. കുട്ടികള്‍ തൊട്ട് വയോധികരെ വരെ ഒരേപോലെ സംരക്ഷിച്ചു എല്ലാവരും. 

അങ്ങനെ മാറിയ ശീലങ്ങളിലും രീതികളിലും പുതിയൊരു ജീവിത രീതി കണ്ടെത്തി മനുഷ്യന്‍. എല്ലായിടത്തും ക്യൂ പാലിച്ചു. മദ്യമില്ലാത്ത നാളുകളെ ക്ഷമയോടെ നേരിട്ടു. വിവാഹങ്ങളും മറ്റ് ആഘോഷപരിപാടികളും റദ്ദായി. നടത്തിയപ്പോഴക്കെ മിനിമം ആളുകളിലൂടെ ചടങ്ങ് തീര്‍ത്തു. ആളുകളുടെ പോക്കും വരവും കുറഞ്ഞു. ആശുപത്രികളില്‍ തിരക്കില്ലാതായി. യാത്രകളില്ലാത്ത, കൂട്ടംകൂടലുകളില്ലാത്ത. സിനിമാതിയറ്ററുകളില്ലാത്ത ആഘോഷരാവുകളില്ലാത്ത ബാറുകളും ജിമ്മുകളും ഇല്ലാത്ത കാലത്തോട് ആളുകള്‍ സമരസപ്പെട്ടു. സമരങ്ങള്‍ തെരുവില്‍ നിന്ന് വെര്‍ച്വലായി മാറി. വീട്ടിലിരുന്ന് നേതാക്കള്‍ ഓണ്‍ലൈനായി കൊടിപിടിച്ചു, മുദ്രാവാക്യം മുഴക്കി. അങ്ങനെ ഒരു വൈറസ് മനുഷ്യജീവിതങ്ങളിലുണ്ടാക്കിയ മാറ്റം മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധമാണ്. എന്നു തീരുമെന്ന് നിശ്ചയമില്ലാത്തതും. പക്ഷേ ചില പുതിയ ശീലങ്ങള്‍ മാറാതെ തുടര്‍ന്നേക്കാം. അതൊന്ന് തൊഴിലിടങ്ങളുടെ വലുപ്പം കുറയുന്നു എന്നതാണ്. വീടുകളിലിരുന്നും പണിയെടുക്കാം. വലിയ ഓഫിസ് സമുച്ചയങ്ങള്‍ക്കായി പണവും സ്ഥലവും മാറ്റിവയ്ക്കേണ്ടതില്ലെന്ന് തൊഴില്‍ദാതാക്കള്‍ മനസിലാക്കിയിരിക്കുന്നു. പക്ഷേ മാറിയ സാമ്പത്തികരംഗം കരുതിവയ്ക്കുന്ന മാറ്റങ്ങള്‍ വഴിയേ അറിയാനേ പോകുന്നുള്ളു. 

മാറിയ സാമ്പത്തിക ലോകത്ത് മനുഷ്യന്‍ എങ്ങനെയാവും പൊരുതുന്നതും ജീവതങ്ങളെ തിരിച്ചുപിടിക്കുന്നതെന്നും കാലം തരേണ്ട ഉത്തരങ്ങളാണ്. കേരളത്തെ സംബന്ധിച്ച് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസം വലിയ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നുതന്നെയാണ്. പ്രവാസികളുടെ സാമ്പത്തിക വിനിമയം നിലയ്ക്കുന്നതോടെ നാട്ടില്‍ ഇല്ലാതാവുന്ന നിര്‍മാണമേഖലയുണ്ട്. വലിയ രീതിയിലുള്ള തൊഴില്‍നഷ്ടത്തെ എങ്ങനെയാവും നമ്മള്‍ നേരിടുക? മറുനാടന്‍ തൊഴിലാളികള്‍ കേരളത്തെ വീണ്ടും അവരുടെ പറുദീസയായി കാണുമോ? കൂലിത്തൊഴിലുകാരുടെ കൂലിയൊക്കെ ഇനി പഴയപടിയാവുമോ? തൊഴിലെടുക്കാന്‍ മലയാളിയെ കിട്ടാതിരുന്ന കാലത്തിന് പുതിയ കാലം പകരം ചോദിക്കുമോ? അങ്ങനെ എന്തെല്ലാം ചോദ്യങ്ങളാണ് മുന്നില്‍.... ഉത്തരങ്ങള്‍ക്ക് കാത്തിരിക്കണം. കാലമാണ് പറയേണ്ടത്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...