സ്വർണക്കടത്തിലെ കാണാവഴികള്‍; 'സ്വപ്ന'ലോകം; പ്രഹരമേറ്റ് സർക്കാർ

swapna-pgm
SHARE

സ്വര്‍ണക്കടത്തിന്റെ കാണാപുറങ്ങള്‍ പലപ്പോഴും അജ്ഞാതമാണ്. പക്ഷേ അന്വേഷണ ഏജന്‍സികള്‍  ചികഞ്ഞിറങ്ങിയപ്പോഴെല്ലാം ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നിട്ടുള്ളത്.  ഫായിസുള്‍പ്പെട്ട നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസും  കസ്റ്റംസ് ഒാഫീസര്‍ രാധാകൃഷ്ണനും പ്രകാശന്‍ തമ്പിയുമെല്ലാം ഉള്‍പ്പെട്ട തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസുമെല്ലാം  തട്ടിപ്പിന്റെ അവിശ്വസനീയമായ ഏടുകളാണ് മലയാളികള്‍ക്ക് മുന്നില്‍ തുറന്നുവച്ചത് . ഇവരുമായി രാഷ്ട്രീയനേതാക്കള്‍ക്കുള്ള അവിശുദ്ധ ബന്ധങ്ങളും ചര്‍ച്ച െചയ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം നിറച്ചു കൊണ്ടുവന്ന ബാഗേജ് തുറന്നപ്പോള്‍ പുറത്തുവന്ന ഭൂതം  സംസ്ഥാന സര്‍ക്കാരിനെയും ചെറുതായല്ല ഉലക്കുന്നത്.  സോളാര്‍ കാലത്തിന് സമാനമായി  ഈ സര്‍ക്കാരിനെ പ്രതിക്കൂട്ടിലേക്കാനായിക്കാന്‍  പ്രതിപക്ഷം ഇപ്പോള്‍ തന്നെ ഈ കേസ് എടുത്തുപയോഗിച്ചും തുടങ്ങി

ഒരുമിച്ച് 30 കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്നതിെല അവിശ്വസനീയതമാത്രമായിരുന്നു ഞായറാഴ്ച തിരുവന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് വേട്ടയ്ക്ക് തുടക്കത്തിലുണ്ടായിരുന്നത് . പക്ഷേ സ്വര്‍ണം  നയതന്ത്രസുരക്ഷയുള്ള  കോണ്‍സുലേറ്റ് ബാഗേജായി വന്നതില്‍ കസ്റ്റംസ് തുടക്കത്തിലേ സംശയം മണത്തു. കുടുങ്ങുമെന്ന് ഉറപ്പായവര്‍ക്ക് വേണ്ടി പ്രതീക്ഷിക്കാത്തിടങ്ങളില്‍ നിന്ന് വിളികള്‍ കൂടി എത്തിയതോടെ കേസും പടര്‍ന്നു പന്തലിച്ചു.

എല്ലാ നയതന്ത്രസുരക്ഷയോടും കൂടിയാണ്  ആ ബാഗേജും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത് . സ്കാനിങ്ങില്‍ അരുതാത്തത് കണ്ടതോടെ കസ്റ്റംസ് ബാഗേജ് പിടിച്ചുവച്ചു . തുക്കക്കൂടുതലുള്ള ബാഗേജില്‍ സ്വര്‍ണമുണ്ടെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചു . തുറന്നുപരിശോധിക്കാന്‍ കോണ്‍സുലേറ്റ് അനുമതി വേണമെന്നതിനാല്‍ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിനെ ഇടപെടുത്തി നടപടികള്‍ വേഗത്തിലാക്കി. തനിക്കറിയാത്ത വസ്തുക്കള്‍ ഉള്ളിലുണ്ടെങ്കില്‍  ബാഗേജ് മടക്കണമെന്ന നിലപാടിലായിരുന്നു സംശയത്തിന്റെ നിഴലിലായ അറ്റാഷെ . ഇതിനായി കോണ്‍സുലേറ്റ് പിആര്‍ഒ മുഖേന കസ്റ്റംസിന് കത്തും നല്‍കി . പക്ഷേ യുഎഇയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളുടെ നിലപാട് മറിച്ചായിരുന്നു .  മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ബാഗ് തുറന്ന് പരിശോധിക്കാന്‍ കസ്റ്റംസിന് അനുമതി . ബാത്ത് റൂം ഫിറ്റിങ്സും  താഴുകളും കര്‍ട്ടന്‍ ഫിറ്റിങ്സുമടങ്ങിയ ബാഗ് തുറന്നപ്പോള്‍ കസ്റ്റംസ് അധികൃതരും ഞെട്ടി . പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായി അയക്കുന്ന കോണ്‍സുലേറ്റ് ബാഗേജിനുള്ളില്‍ 30 കിലോ സ്വര്‍ണം.. ബാഗേജ് കൈപ്പറ്റന്‍ ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കിയെത്തിയ കോണ്‍സുലേറ്റ് മുന്‍പിആര്‍ഒ  പി എസ് സരിത്തിനെ കയ്യോടെ കസ്റ്റംസ് പിടികൂടി . കൊച്ചിയില്‍ കമ്മിഷണര്‍ ഒാഫിസില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടക്കത്തില്‍ എതിര്‍ത്തു നിന്നെങ്കിലും ഒടുവില്‍ സരിത്ത് എല്ലാം തുറന്നു പറഞ്ഞു.  കോണ്‍സുലേറ്റ് പിആര്‍ഒ ആയിരിക്കുമ്പോഴും പുറത്തുപോയശേഷവും സ്വര്‍ണക്കടത്തുകാരുമായി സരിത്തിന് നിരന്തരബന്ധമുണ്ടായിരുന്നു. പക്ഷേ ഒന്നും സ്വന്തം നിലയ്ക്കായിരുന്നില്ല .  കള്ളക്കടത്തിനിടയിലെ പ്രധാന ഇടനിലക്കാരിയായിരുന്നു തിരുവനന്തപുരം സ്വദേശി സ്വപ്ന സുരേഷിന്റെ പേര് സരിത്ത് വെളിപ്പെടുത്തിയതോടെയാണ് കേസിലെ യഥാര്‍ഥ വഴിത്തിരിവ് വ്യക്തമായത് .  കോണ്‍സുലേറ്റില്‍ ഐടി വിഭാഗം ജീവനക്കാരിയായിരുന്നു സ്വപ്ന . നയതന്ത്ര ചാനലില്‍ കോണ്‍സുലേറ്റിനായി എത്തിയിരുന്ന ബാഗേജുകള്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് സ്വപ്നയായിരുന്നു. തുടര്‍ന്ന്  ഏത് സരിത്ത് ഏറ്റുവാങ്ങും . ഇവര്‍ചേര്‍ന്ന് നടത്തിയ പത്തിടപാടുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു . അതില്‍ മൂന്നെണ്ണം നടന്നത് ലോക്ക് ഡൗണ്‍ കാലത്തും .

അറ്റാഷെ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കും സരിത്ത് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. . സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്ന കൊച്ചി സ്വദേശി ഫൈസല്‍ ഫാരിദുമായി  അറ്റാഷയെ പരിചയപ്പെടുത്തിയത് താനാണെന്നും സരിത്ത് സമ്മതിച്ചു . ഗള്‍ഫില്‍ കച്ചവടക്കാരനായ ഫാസിലാണ്  സ്വര്‍ണം വാങ്ങി കോണ്‍സുലേറ്റ് വഴി  തിരുവനന്തപുരത്തേക്ക് അയച്ചത് . കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദിനുവേണ്ടിയാണ് ഫാസില്‍ സ്വര്‍ണമയത്തത് . നയതന്ത്ര സുരക്ഷയുള്ള ചാനല്‍ വഴി സ്വര്‍ണമയ്ക്കാന്‍ അറ്റാഷെയും  ഉദ്യോഗസ്ഥരും  ഒത്താശ ചെയ്തെന്നും  സരിത്ത് കസ്റ്റംസിനോട് ഏറ്റുപറഞ്ഞു . സ്വര്‍ണം ഡിപ്ലോമാറ്റിക്ക് ലഗേജ് വഴി അയയ്ക്കുന്നതിനായി തുറന്ന വഴികളിലേക്കും സരിത്ത് വിരല്‍ചൂണ്ടി . അറ്റാഷെയും  ഫൈസല്‍ ഫരീദുമായുള്ള ബന്ധവും സരിത്ത്  വെളിപ്പെടുത്തി.  ഇരുവരെയും ബന്ധിപ്പിച്ചത് താനാണെന്നും  സമ്മതിച്ചു. . അറ്റാഷേയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ മറവിലായിരുന്നു കടത്ത് .  ഒാട്ട്സും നൂഡില്‍സുമടക്കം കേരളത്തില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് മിക്കപ്പോഴും വന്നിട്ടുള്ളത്  ഇവയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. എന്നാൽ സ്വർണ കടത്തിൽ പങ്കില്ലെന്നും തനിക്കോ കോൺസുലേറ്റിനോ ഇതിനെ കുറിച്ചു അറിയില്ലെന്നുമാണ് അറ്റാഷെ കസ്റ്റംസിന് നല്‍കിയ മൊഴി . വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സരിത്തിന്റെ സഹായം തേടിയിരുന്നു. ഇന്ത്യൻ നിയമങ്ങളെ കുറിച്ചു ധാരണ ഇല്ലാത്തതിനാൽ ആണ് ഇപ്രകാരം ചെയ്തത് എന്നും അറ്റാഷെ കസ്റ്റംസിനോട്  പറഞ്ഞു. സ്വർണക്കടത്തു കേസിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അറ്റാഷെ കസ്റ്റംസിനെ അറിയിച്ചു.  പറഞ്ഞതിനേക്കാളേറെ രഹസ്യം സരിത്തിന്റെ മനസിലുണ്ടെന്ന് ഉറപ്പിച്ച് തന്നെയാണ്  കസ്റ്റംസ് ഇന്നലെ സരിത്തിനെ കോടതിയില്‍ ഹാജരാക്കിയത് . 

സരിത്തിന്റെ മൊഴിവന്നതിന് തൊട്ടുപിന്നാലെ സ്വപ്നയുടെ പങ്കാളിത്തം കണ്ടെത്താന്‍ മുടവന്‍മുകളിലെ വീട്  കസ്്റ്റംസ്  റെയ്ഡ് ചെയ്തു . കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും  സിസി ടിവിദൃശ്യങ്ങളും കസ്റ്റഡിയിലെടുത്തു . ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് രണ്ടുദിവസം മുമ്പുവരെ  സ്വപ്ന വീട്ടിലുണ്ടായിരുന്നതായി തെളിഞ്ഞു.. ബാലരാമപുരത്തെ  തറവാട്ടുവീട്ടിലേക്കും അന്വേഷണം  നീണ്ടു. സ്വപ്ന ഇവിടേക്ക് വരാറില്ലെന്നായിരുന്നു അമ്മ അറിയിച്ചത് . കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മകള്‍ ശിക്ഷ അനുഭവിക്കണമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വപ്നയ്ക്കുള്ള സ്വാധീനമാണ് സരിത്തിന്റെ വെളിപ്പെടുത്തലോടെ പുറത്തുവന്നത് . തലസ്ഥാനത്ത് സര്‍ക്കാര്‌‍ സംഘടിപ്പിച്ച പലപരിപാടികളിലും സംഘാടകയുടെ റോളിലായിരുന്നു സ്വപ്ന നിറഞ്ഞു നിന്നത് . അത് തെളിയിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങവും പുറത്തായതോടെ  വിവാദങ്ങളും ആളിക്കത്തി 

എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാക്സില്‍ ജീവനക്കാരി മാത്രമായിരുന്നു സ്വപ്ന  ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്കിന്റെ തലപ്പത്തുവരെ എത്തിയ കഥ പലരുടെയും നെറ്റി ചുളിച്ചു . സാക്സില്‍ ജീവനക്കാരിയായിരിക്കെ മേലുദ്യോഗസ്ഥനെ  പീഡനക്കേസില്‍ കുടുക്കി സ്വപ്ന. കേസ് വ്യാജമാണെന്ന് തെളിഞ്ഞതോടെ അവര്‍ക്കെതിരെ  ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതെല്ലാം മറച്ചുവച്ചാണ് യുഎഇ കോണ്‍സുലേറ്റില്‍ അവര്‍ ഐടി ഉദ്യോഗസ്ഥായത് . അവിടെയിരുന്ന്  സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ച സ്വപ്ന ആറുമാസം മുമ്പാണ്  അവിടെ നിന്ന് പുറത്തായത് . പിന്നീട് ഐടി വകുപ്പിന് കീഴില്‍ സ്പേസ് പാര്‍ക്കിലേക്ക് അവര്‍ക്ക് ചുവപ്പ് പരവതാനി. അതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് പി ശിവശങ്കറാണെന്ന ആക്ഷേപമാണ് ആദ്യം പുറത്തുവന്നത് . ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്തു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന  ചിത്രങ്ങളും പിന്നാലെ പുറത്തുവന്നു .  ഈ വിഷയത്തിലേക്ക് മുഖ്യമന്ത്രിയുടെ ഒാഫീസിനെ ബന്ധപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തിയതോടെ ആരോപണങ്ങള്‍ കൊഴുത്തു 

എന്തിനും മുഖ്യമന്ത്രിയുടെ ഒാഫിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനത്തില്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചു . ഒപ്പം ആക്ഷേപങ്ങള്‍ തള്ളുകയും ചെയ്തു. പക്ഷേ അതുകൊണ്ടുമാത്രം ആക്ഷേപങ്ങളുടെ മുനയൊടിഞ്ഞില്ല. ശിവശങ്കറിനെ സ്വപ്നയുമായി ബന്ധിപ്പിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങള്‍ക്കും പിന്നാലെ  യുഎഇ കോണ്‍സുലേറ്റിന്റെ ഇഫ്താര്‍ ചടങ്ങില്‍ മുഖ്യമന്ത്രിക്കു പിന്നില്‍ നിലയുറപ്പിച്ച  സ്വപ്നയുടെ ദൃശ്യങ്ങവും പുറത്തുവന്നു . സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു .  അതോടെ  ആരോപണങ്ങള്‍ക്കും മൂര്‍ച്ഛയും കൂടി. 

സര്‍ക്കാര്‍ പൂര്‍ണമായും പ്രതിരോധത്തില്‍ പെട്ടതോടെ എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തിന് രാവിലെ തന്നെ നീക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെത്തി. വൈകീട്ടോടെ ഐടി വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. പദവികളെല്ലാം ഒഴിയേണ്ടി വരുമെന്ന സാഹചര്യം വന്നതോടെ ശിവശങ്കര്‍ ഒരു വര്‍ഷത്തെ അവധിക്ക് അതിനുമുമ്പേ അപേക്ഷിച്ചിരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നത് . നെടുമങ്ങാട്ട് സ്വപ്നയുടെ സുഹൃത്തിന്റെ വര്‍ക്ക്ഷോപ്പ്  സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു. സ്വര്‍ണകക്കടത്തുകാരെ പിടികൂടിയപ്പോള്‍ സ്വപ്നയെ രക്ഷിച്ചെടുക്കാന്‍ കസ്റ്റംസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചു എന്നതാണ് മറ്റൊരു ആരോപണം. അന്വേഷണപരിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് കൂടി വരുന്നുവെങ്കില്‍ അത്  സര്‍ക്കാരിന്‍റെ സ്ഥിതി അത്യന്തം ഗുരുതരമായ അവസ്ഥയിയിലേക്കെത്തിക്കും. സ്വപ്നയ്ക്കെതിരായ വ്യാജരേഖ ചമച്ച കേസില്‍ സ്വപ്നയ്ക്ക് അനുകൂലമായി പൊലീസ് കോടതിയില്‍ നിലപാടെടുക്കുകയും കേസില്‍ നടപടിയില്ലാതെ സ്വപ്ന രക്ഷപ്പെട്ടവാര്‍ത്തയും പുറത്തുവന്നുകഴിഞ്ഞു.

സരിത്ത് കുടുങ്ങിയതോടെ മുടവന്‍മുഗളിലെ ഫ്ളാറ്റില്‍ നിന്ന് സ്വപ്ന മുങ്ങിയ സ്വപ്നയെ തേടിയാണ് കസ്റ്റംസ് സംഘം . ഇതിനിടെ അവര്‍ സംസ്ഥാനം വിട്ടെന്നൊരു സൂചനയും  പുറത്തുവരുന്നു . ഒപ്പം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട് . സ്വപ്ന കുടങ്ങുന്നത്  ഇനി ആര്‍ക്കൊക്കം ദുസ്വപ്നമാകുമെന്നതാണ് കണ്ടറിയേണ്ടത് .

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...