ഗൗരിയമ്മയ്ക്ക് 101 വയസ്സ്: അനുഭവങ്ങളുടെ കഠിനവഴി; ത്യാഗോജ്വലം

gowriyamma-programme
SHARE

‘എനിക്ക് ഗൗരിയെന്ന് പേരിടാന്‍ പ്രത്യേക കാരണമുണ്ട്. കൊച്ചിയില്‍ ഈഴവസമുദായത്തില്‍നിന്ന് ആദ്യം ബി.എ പാസായ സ്ത്രീയുടെ പേരാണ് ഗൗരി. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ അനുയായിയാരുന്നു എന്റെ അച്ഛന്‍. ഗൗരിയെക്കുറിച്ച് അച്ഛന്‍ അമ്മയോട് പറഞ്ഞു. അതിനുശേഷം ഒരു തീരുമാനവുമെടുത്തു. അമ്മ, ഇനി പ്രസവിക്കുന്ന പെണ്‍കുട്ടിക്ക് ആ പേരിടാന്‍...പിന്നെ ജനിച്ചത് ഞാനാണ്. എനിക്ക് അച്ഛന്‍ ഗൗരിയെന്ന് പേരിട്ടു..’

അനുഭവങ്ങള്‍ ഒരു നൂറ്റാണ്ടിന്റെ സമരപര്‍വം കയറിയ പ്രായത്തിലും മധുരിതമായൊരു ജീവിതം. കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ഗൗരിയമ്മയ്ക്ക് മധുരങ്ങളോട് വലിയ ഇഷ്ടമാണ്. കൊട്ടാരക്കര ഉണ്ണിയപ്പവും കോഴിക്കോടന്‍ ഹല്‍വയും അമ്പലപ്പുഴ പാല്‍പായസവുമെല്ലാം ചുണ്ടിനുമ്മവച്ചുപോകുന്നൊരു മധുര വാര്‍ധക്യത്തിലാണ്, അമ്മ. അതിഥികള്‍ക്ക് വിളമ്പുന്നത് മധുരമാണ്. കൂട്ടത്തില്‍ അത് നുണയും ഗൗരിയമ്മയും. 

നൂറ്റിരണ്ടിന്റ നിറവിലും അതിമധുരം ഗൗരിയമ്മയുടെ ആരോഗ്യത്തിന് കയ്പായി മാറിയിട്ടില്ല. കണിശതയുള്ള ഗൗരവമുള്ളൊരു ഗൗരിയില്‍നിന്ന് മധുരമുള്ളൊരു ഗൗരിയമ്മയിലേക്കുള്ള എളുപ്പസഞ്ചാരം കളത്തിപറമ്പ് വീട്ടില്‍ വന്നാല്‍ കാണാം.  

ആലപ്പുഴ ചാത്തനാട്ട് ഒരുല്‍സവം കൊടിയേറുന്ന ദിനമാണ് മിഥുനമാസത്തിലെ തിരുവോണം. സദ്യയല്ല, കരിമീനും കോഴിയിറച്ചിയും പാല്‍പായസവുമെല്ലാം കൂട്ടിയൊരൂണുണ്ടാകും ഉച്ചയ്ക്ക്. വാര്‍ത്താസമ്മേളനം വിളിച്ചാണ് ഗൗരിയമ്മ പ്രിയപ്പെട്ടവരെ പിറന്നാളിന് ക്ഷണിക്കുന്നത്. 

സമ്മാനങ്ങളുമായി എല്ലാവര്‍ഷവും അമ്മയെ സ്നേഹിക്കുന്നവരെത്തും..ഓര്‍മകളെ കോര്‍ത്തിണക്കിയോരോ ചോദ്യങ്ങള്‍ ഉയര്‍ത്തും നൂറാണ്ട് പിന്നിട്ട തലച്ചോറ്.  

കെ.ആര്‍.ഗൗരിയമ്മയുടെ പിറന്നാള്‍ കേവലം കേക്ക് മുറിക്കുന്നൊരു സന്തോഷമല്ല. നമ്മുടെ രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് ആക്കം കുറിച്ചൊരു പിറവിയുടെ ആഘോഷമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍നിന്ന് കേരളരാഷ്ട്രീയത്തെ കൈപിടിച്ചുനടത്തിയ ധീരവനിതയുടെ ജന്മദിനം. ജനാധിപത്യകേരളം അഭിമാനത്തോടെയും സ്നേഹാദരങ്ങളോടെയും നെഞ്ചേറ്റിയ രക്തനക്ഷത്രം ഉദിച്ചദിനം. 

വഴിയും വെളിച്ചവുമില്ലാത്തൊരു കാലത്ത് ചേര്‍ത്തല പട്ടണക്കാട് ഗ്രാമത്തില്‍നിന്ന് പുറപ്പെട്ടൊരു പന്തംകൊളുത്തി പ്രകടനമായിരുന്നു കെ.ആര്‍ ഗൗരിയമ്മ. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകമാവാന്‍ കെ.ആര്‍ ഗൗരിയമ്മയെ പ്രാപ്തയാക്കിയത് അവരുടെ ജീവിത പശ്ചാത്തലമായിരുന്നു. തണലായി മാറിയ പിതാവും വഴികാട്ടിയായ സഹോദരനുമാണ് ഗൗരിയെ നേര്‍വഴി നടത്തിച്ചത്. കനലെരിയുന്ന വഴികളിലൂടെ ഗൗരി നടന്നുനീങ്ങിയതാവട്ടെ കൈരളിയുടെ തിരുമുറ്റത്തേക്കും. 

കരപ്രമാണിയായിരുന്ന കളത്തിപറമ്പില്‍ രാമന്‍, ഗുരുവിന്റെ വാക്കുകകളാണ് മകളോടോതിയത്. വിദ്യകൊണ്ട് പ്രബുദ്ധയാകാന്‍..മകളത് അക്ഷരംപ്രതി അനുസരിച്ചു. കീഴാളര്‍ക്ക് പൊതുവഴി പോലുമില്ലാതിരുന്ന കാലത്ത് ഗൗരി വിദ്യാഭ്യാസം തുടങ്ങി.  

‘മഹാരാജാസ് കോളജിലെ രണ്ടുവര്‍ഷത്തെ പഠിത്തം ഏറ്റവും സന്തോഷം നിറഞ്ഞതായിരുന്നു. കോളജ് വിട്ടപ്പോഴും എല്ലാവരോടും സൗഹൃദം തുടര്‍ന്നു. 1957 ല്‍ ആദ്യമായി മന്ത്രിയായി സെക്രട്ടറിയേറ്റില്‍ ചെല്ലുമ്പോള്‍ സഹപാഠികളില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നു. മന്ത്രിയായിട്ടും പദവിയൊന്നും നോക്കാതെ കഴിയുന്നത്ര സൗഹൃദം ഞങ്ങള്‍ തമ്മില്‍ പുലര്‍ത്തിയിരുന്നു.’

വില്യം വേഡ്സ് വെര്‍ത്തിന്റെ ഡാഫൊഡില്‍സ് വായിച്ച അനുഭൂതിയില്‍ പട്ടണക്കാട്ടെ പാടവരമ്പുകളിലിരുന്ന് കവിതകള്‍ കുറിച്ചിട്ടുണ്ട് ഗൗരി. ചങ്ങമ്പുഴ സഹപാഠിയായിരുന്ന കാലത്തെക്കുറിച്ച് എപ്പോഴും പറയും ഗൗരിയമ്മ. ചങ്ങമ്പുഴയ്ക്ക് ഒരിത്തിരി ഇഷ്ടം തന്നോട് കൂടുതലുണ്ടായിരുന്നുവെന്നും. കവിതകളെ സ്നേഹിച്ചിരുന്ന ഗൗരിയമ്മയെക്കുറിച്ച് ചുള്ളിക്കാട് കുറിച്ച വരികളിലിപ്പോഴുമുണ്ട് ചരിത്രവും രാഷ്ട്രീയവും.  

രണ്ടരവയസിന് മൂത്ത സഹോദരന്‍ സുകുമാരന്‍ ആയിരുന്നു കുട്ടിക്കാലത്തെ വലിയ കൂട്ട്. സുകുമാരന്‍ പഠിച്ചതൊക്കെ ഗൗരിയും പഠിച്ചു. അങ്ങനെയാണ് കോണ്‍ഗ്രസുകാരനായ അച്ഛന്റെ മകള്‍ കമ്മ്യൂണിസ്റ്റായത്. 1938ല്‍ എ.കെ.ജി നയിച്ചൊരു വിദ്യാര്‍ഥി റാലിയിലാണ് ഗൗരിയമ്മ ആദ്യമായി പങ്കെടുക്കുന്നത്. എറണാകുളം മഹാരാജാസിലും സെന്റ് തെരേസാസിയും തിരുവനന്തപുരം ഗവ.ലോ കോളജിലുമായി നീണ്ട പഠനകാലം. പഠനംകഴിഞ്ഞ് ചേര്‍ത്തല കോടതിയില്‍ അഭിഭാഷകയായി. തിരുവിതാംകൂറില്‍ സര്‍ സിപിയുടെ മര്‍ദനമുറകള്‍ ശക്തിപ്പെടുന്ന കാലമാണ്. നേതാക്കള്‍ നോട്ടപ്പുള്ളികളായതോടെ പി.കൃഷ്ണപ്പിള്ളയും ടി.വി തോമസും ഗൗരിയമ്മയുടെ സഹോദരന്‍ സുകുമാരനും ഒളിവിലായി. അങ്ങനെയാണ് പാര്‍ട്ടി അംഗത്വംപോലുമില്ലാതിരുന്ന ഗൗരിയമ്മ യൂണിയന്‍ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. ഭരണകൂടത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ജയില്‍വാസം വരെ അനുഭവിച്ചു. 

മര്‍ദിത–ജാതി പിന്നാക്ക വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ ഏറ്റെടുത്ത യൗവ്വനമാണ് കടന്നുപോയത്. സംഘര്‍ഷഭരിതമായ ഒരു കര്‍മകാണ്ഡം അവകാശപ്പെടാവുന്ന ത്യാഗോജ്വലമായ രാഷ്ട്രീയജീവിതം. ഓരോ പിറന്നാള്‍ പിന്നിടുമ്പോഴും കേരള രാഷ്ട്രീയത്തിലെ ഓരോ ഏടുകളാണ് മറിയുന്നത്.

നിയമനിര്‍മാണങ്ങളിലൂന്നിയുള്ള സാമൂഹ്യമാറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഗൗരിയിലെ ഭരണാധികാരി. തിരു–കൊച്ചി നിയമസഭയില്‍നിന്ന് തുടങ്ങി നീണ്ട പതിനാറുവര്‍ഷം കേരളനിയമസഭയിലെ മന്ത്രിപദത്തില്‍ കരുത്തും കരുതലും തെളിയിച്ച സഭാസാമാജിക. 1957ല്‍ റവന്യുമന്ത്രിയായിരിക്കെ അതേ മന്ത്രിസഭയിലെ തൊഴില്‍മന്ത്രിയായിരുന്ന ടി.വി തോമസിനെ വിവാഹം ചെയ്തു. അറുപത്തിനാലില്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം പോയി. 1994ല്‍ അതേ സിപിഎം, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. തൊട്ടുപിന്നാലെ ജനാധിപത്യ സംരംക്ഷണ സമിതിയിലൂടെ ഗൗരിയമ്മ മറ്റൊരു ചെങ്കൊടി ഉയര്‍ത്തി. പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികോട്ടയായ അരൂരില്‍ സിപിഎമ്മിനെ നിലംപരിശാക്കി നിയമസഭയിലെത്തി.... പത്തുതവണ എം.എല്‍എയായി. 1977 ലും 2006ലും 2011 ലും പരാജയപ്പെട്ടു. 1965ല്‍ മല്‍സരിച്ചില്ല. രണ്ടുതവണ ഇ.എം.എസ് സര്‍ക്കാരിലും രണ്ടുതവണ നായനാര്‍ സര്‍ക്കാരിലും മന്ത്രിയായി. 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായാണ് നിയമസഭാ ജീവിതം അവസാനിക്കുന്നത്. പട്ടണക്കാടുനിന്നു വളര്‍ന്ന്, പലദിക്കിലേക്ക് ശിഖരങ്ങള്‍ പടര്‍ന്നൊരു രാഷ്ട്രീയ വൃക്ഷമായി ഗൗരിയമ്മ വളര്‍ന്നു. 

‘കോളജില്‍ പഠിക്കുമ്പോള്‍ സദനത്തിലായിരുന്നു താമസം. അന്ന് ആലപ്പുഴക്കാരി ഒരു ത്രേസ്യാമ്മയും ഉണ്ടായിരുന്നു. തൊട്ടടുത്ത നാട്ടുകാരായതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ കൂട്ടായി. ഒരു ദിവസം ഗേറ്റിന് സമീപത്തുവച്ച് ത്രേസ്യാമ്മ ഒരു യുവാവുമായി സംസാരിക്കുന്നത് കണ്ടു. ആരാ കൂടെയുണ്ടായിരുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്റെ സഹോദരനായിരുന്നു എന്നു പറഞ്ഞു. പിന്നീട് കുറെ കഴിഞ്ഞാണ് ആ സഹോദരനാണ് ടി.വി തോമസ് എന്ന് ഞാന്‍ തിരിച്ചറിയുന്നത്.’ 

രാഷ്ട്രീയ കേരളം ആഘോഷിച്ചൊരു താരപ്പകിട്ടാര്‍ന്ന വിവാഹമായിരുന്നു ഗൗരിയമ്മയുടേത്. ഒരേ മന്ത്രിസഭയില്‍ മന്ത്രിമാരായിരിക്കെയാണ് ടി.വി.തോമസുമായുള്ള വിവാഹം. പക്ഷേ അസ്വാരസ്യങ്ങള്‍ കലര്‍ന്ന ദാമ്പത്യം അധികകാലം മുന്നോട്ടുപോയില്ല. 

നെട്ടൂരാനായ വര്‍ഗീസ് വൈദ്യര്‍ക്ക് വേണ്ടി എഴുതപ്പെട്ട സനിമയെന്ന് ഗൗരിയമ്മയ്ക്ക് വിമര്‍ശനമുണ്ടായിരുന്നു ലാല്‍സലാമിനോട്. തന്നെ ഒരു മോശക്കാരിയാക്കിയെന്നും. പക്ഷേ മലയാള പ്രേക്ഷമ സമൂഹം രാഷ്ട്രീയ ഭേദമന്യെ നെഞ്ചേറ്റിയൊരു ചലച്ചിത്രമായി ലാല്‍സലാം മാറിയത് മൂലകഥയിലെ യാഥാര്‍ത്ഥ്യം കൊണ്ടുകൂടിയായിരുന്നു. ടിവിയും ഗൗരിയമ്മയും മലയാളികള്‍ക്ക് അത്ര പ്രിയപ്പെട്ടവരായിരുന്നും.

ആലപ്പുഴ ചാത്തനാട്ടെ കളത്തിപറമ്പ് വീട്, ഗൗരിയമ്മയ്ക്ക് പ്രവൃത്തികൊണ്ട് മറ്റൊരു പാര്‍ട്ടി ഓഫിസാണ്. ടി.വി.തോമസിനൊപ്പം താമസിക്കാന്‍ പണികഴിപ്പിച്ചതാണ്. ഇടക്കാലത്ത് മോടികൂട്ടിയെങ്കിലും അത്രയും പഴക്കമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലത്ത് ഈ വീട്ടില്‍നിന്നാണ് എം.എന്‍ ഗോവിന്ദന്‍ നായര്‍ ഒരു ദിവസം ടി.വി.തോമസിനെ വിളിച്ചിറക്കി കൊണ്ടുപോയത്. രണ്ടുദിവസം കഴി‍ഞ്ഞ് ടി.വി തിരിച്ചുവന്നത് സി.പി.ഐക്കാരനായാണെന്ന് ഗൗരിയമ്മ പറയും. അങ്ങിനെ എത്രയോ രാഷ്ട്രീയകഥകള്‍ക്ക് ഈ മണ്ണും വീടും സാക്ഷിയാണ്. ഗൗരിയമ്മ പറഞ്ഞാലെ  ഈ വീടിന്റെ ഗേറ്റ് തുറന്നുകിട്ടൂ..അങ്ങിനെയാര്‍ക്കും പ്രവേശനമില്ലാത്ത കിടപ്പുമുറിയില്‍ നിറയെ വെള്ളസാരികളാണ്. ഭൂരിഭാഗവും കാണാന്‍ വരുന്നവര്‍ സമ്മാനിച്ചത്. ചുവരില്‍ ടി.വിക്കൊപ്പമുളള ചിത്രങ്ങളും. 

ലിംഗസമത്വത്തിനായുള്ള സമരങ്ങള്‍ നടക്കുന്ന കാലത്ത്, ഗൗരിയമ്മ നടന്ന വഴികള്‍ ജനാധിപത്യകേരളത്തിന് മാതൃകയാണ്. സ്ത്രീ ശാക്തീകരണത്തില്‍ ഊന്നിയുളള പൊതുപ്രവര്‍ത്തനമാണ് എക്കാലവും പിന്തുടരുന്നത്. നൂറാംവയസില്‍ പോലും വനിതാ മതില്‍ പോലൊരു സമരത്തില്‍ കണ്ണിചേരാനുള്ള രാഷ്ട്രീയം ഗൗരിയമ്മയ്ക്കുണ്ട്. 

സ്ത്രീ എന്ന നിലയില്‍ എന്തെങ്കിലും പോരായ്മകളെ ഗൗരിയമ്മ മുന്നില്‍കണ്ടില്ല. ദീര്‍ഘകാലം കേരള കര്‍ഷകസംഘത്തിന്റെ അധ്യക്ഷയായി.  അങ്ങനെയൊരു സ്ഥാനത്ത് അതിനുമുന്‍പും ശേഷവും ഇത്രനാള്‍ വനിതള്‍ ഇരുന്നിട്ടില്ല. ചങ്കൂറ്റവും നിശ്ചദാര്‍ഡ്യവും അത്യധ്വാനവും കൈമുതലാക്കിയാണ് ഇക്കാലമത്രയും രാഷ്ട്രീയപ്രവര്‍ത്തനം. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ വനിതാകമ്മിഷന്‍ നിയമം കൊണ്ടുവന്നത് ഗൗരിയമ്മയാണ്. അമ്മയാകാന്‍ കഴിഞ്ഞില്ലയെങ്കിലും ഗൗരിയമ്മേയെന്നും കുഞ്ഞമ്മേയെന്നുമുള്ള വിളികളില്‍പോലും അവര്‍ അഭിമാനംകൊണ്ടു. പെണ്ണെന്നത് ഒരു പരിമിതിയല്ലെന്നും അങ്ങനെയല്ല എന്നെ വളര്‍ത്തിയതെന്നും അടിവരയിട്ടുപറഞ്ഞാണ് നൂറാണ്ട് പിന്നിട്ടൊരു സ്ത്രീനാമം നമുക്കുമുന്നില്‍ ജ്വലിച്ചുനില്‍ക്കുന്നത്. 

1995 ലെ പുതുവര്‍ഷം പിറന്നത് സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മയുടെ വാര്‍ത്തയുമായാണ്. കാല്‍നൂറ്റാണ്ടിനിപ്പുറം പാര്‍ട്ടിയുടെ അമരക്കാരന്‍ ഗൗരിയമ്മയെ ചേര്‍ത്തുപിടിക്കുന്നുണ്ട്. പക്ഷേ കടന്നുവന്ന വഴികളില്‍ പാര്‍ട്ടി തീപ്പന്തമായതിന്റെ കഥനകഥ മറക്കാറില്ല ഗൗരിയമ്മ. 

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ പിന്നെ ജീവിച്ചുകൂടാ എന്നാണ് ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന തത്വം. പിന്നെ െന്റെ കാര്യം അവര്‍ക്ക് ക്ഷമിക്കാന്‍ പറ്റുമോ? കെട്ടിവച്ച കാശുതരില്ലെന്ന് പാര്‍ട്ടി സ്റ്റേറ്റ് സെന്ററിന്റെ പ്രതിജ്ഞയുണ്ടായിട്ടും അരൂരില്‍ ഞാന്‍ ജയിച്ചു. അതും അവരുടെ കൂടെനിന്ന കാലത്തേക്കാള്‍ ഇരട്ടിവോട്ടുനേടി. അത് അവര്‍ക്ക് സഹിക്കാന്‍ പറ്റുമോ?’

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം കെ.ആര്‍ ഗൗരിയമ്മയ്ക്ക് നേരിടേണ്ടിവന്നത് സിപിഎമ്മിന്റെ കടുത്ത രാഷ്ട്രീയ പകപോക്കലാണ്. പകവീട്ടിയും പലതും അതിജീവിച്ചുമാണ് ഗൗരിയമ്മയും മുന്നോട്ടുപോയത്. 1996ല്‍ യുഡിഎഫ് ടിക്കറ്റിലാണ് നിയമസഭയിലെത്തിയത്. അതുവരെ സഭയില്‍ മുന്‍നിരയില്‍ സീറ്റുകിട്ടിയിരുന്ന ഗൗരിയമ്മയ്ക്ക് അടുത്ത സമ്മേളനംതൊട്ട് ഏറ്റവും പുറകിലേക്ക് മാറിയിരിക്കേണ്ടിവന്നു. ഒറ്റ എം.എല്‍.എ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന കാരണം നിരത്തിയായിരുന്നു സിപിഎമ്മിന്റെ പ്രതികാരം. പ്രായംചെന്ന എം.എല്‍.എയായിരുന്നിട്ടും താമസ സൗകര്യവും നല്‍കിയില്ല. അരൂര്‍ മണ്ഡലത്തിലെ പാര്‍ട്ടിഓഫിസ് ദേശീയപാത വികസനത്തിന് എന്നപേരില്‍ വിലക്കെടുത്ത് പൊളിച്ചുകളഞ്ഞു. മണ്ഡലത്തിലെ റോഡുകള്‍ നന്നാക്കുന്നതില്‍പോലും കടുത്ത വിവേചനം കാട്ടി. ''കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും'' എന്ന് നാടൊട്ടുക്കും പാടിയിട്ടും ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ മുഖ്യമന്ത്രിയാക്കിയില്ല എന്ന പരിഭവം ഗൗരിയമ്മയ്ക്ക് ഇപ്പോഴുമുണ്ട്. അതുകൊണ്ടു കൂടിയാവണം കഴിഞ്ഞതെല്ലാം മറന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുളള സിപിഎമ്മിന്റെ ആവശ്യത്തിന് ഇപ്പോഴും ഗൗരിയമ്മ കൈകൊടുത്തിട്ടില്ല. രാഷ്ട്രീയ–ഭരണ രംഗത്തെ മികവും സാമൂഹിക ഇടപെടലിലെ മനുഷ്യപ്പറ്റും ഗൗരിയമ്മയെ എക്കാലവും കമ്മ്യൂണിസ്റ്റാക്കി നിര്‍ത്തുമെന്ന് അവര്‍ക്കുതന്നെയറിയാം

‘നമ്മളാഗ്രഹിച്ച കേരളം കെട്ടിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മനുഷ്യനെ മനുഷ്യനായി കാണാനും അടിച്ചമര്‍ത്തപ്പെട്ട ഭൂരിഭാഗം ജനങ്ങളിലും താന്‍ ആരുടെയും അടിമയല്ല എന്ന ബോധം പടുത്തുയര്‍ത്താനും ഈ നാട്ടില്‍ കഴിഞ്ഞിട്ടുണ്ട്.’

ഗൗരിയമ്മ പറയുന്നതെല്ലാം കേരളത്തിന്റെ ചരിത്രമാണ്. നൂറ്റിരണ്ടിന്റെ അനുഭവം ആ ചരിത്രത്തിന്റെ ഒഴുക്കിനെ പരിപോഷിപ്പിക്കുന്ന കൈവഴിയാണ്. അത് കേള്‍ക്കാതെ പോകരുത്

കളത്തിപറമ്പിലെ വീട്ടില്‍ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലാണ് ടെലിവിഷന്‍. ആപാദചൂഡം രാഷ്ട്രീയക്കാരിയായ ഗൗരിയമ്മ പക്ഷെ വാര്‍ത്തകളിലും ചര്‍ച്ചകളിലുമല്ല അവരുടെ വൈകുന്നേരങ്ങള്‍ ചെലവിടുന്നത്. ഗൗരിയമ്മ ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകള്‍ ആസ്വദിച്ചുകാണുകയായിരിക്കും. കൃഷ്ണഭക്തിപോലെ മറ്റൊരു ആശ്ചര്യം. കേരളത്തിന്റെ വിപ്ലവനായികയ്ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...